കോഴിക്കോട്: കോടഞ്ചേരി മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം. തോമസിനെതിരേ നടപടിക്ക് സാധ്യത. വിവാദ വിഷയം സിപി എം സംസ്ഥാന സമിതി യോഗം പരിശോധിക്കും.
തിങ്കളാഴ്ച ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്തിരുന്നു. ജോര്‍ജ് എം തോമസിനെതിരേ നടപടി വേണോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തേടാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഇന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അറിയിച്ചേക്കും.
അതേസമയം, ജോയ്സ്നയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ജോയ്സ്നയെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. പെണ്‍കുട്ടിയെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചെന്ന് പറയാനാകില്ലെന്നും വിവാഹം സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്നും കോടതി വ്യക്തമാക്കി. രണ്ട് പേര്‍ വിവാഹം കഴിക്കുന്നു അതില്‍ എന്താണ് ഇടപെടാനുള്ളതെന്ന് കോടതി ചോദിച്ചു.
വീട്ടുകാരോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ജോയ്സ്ന കോടതിയെ അറിയിച്ചു.തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പോകണമെന്ന ജോയ്സ്നയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിഎസ് സുധ, വി.ജി അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
Comments are closed for this post.