2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊച്ചി വാട്ടർ മെട്രോ: പൊതുഗതാഗതത്തിലെ കേരള മോഡൽ

Kochi Water Metro: The Kerala Model of Public Transport

Kochi Water Metro: The Kerala Model of Public Transport

പിണറായി വിജയന്‍

കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ ഇന്ന് രാജ്യത്തിനു സമർപ്പിക്കപ്പെടുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾക്കു നൽകിയ മറ്റൊരു ഉറപ്പുകൂടി യാഥാർഥ്യമാവുകയാണ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ്ഓഫ് ചെയ്യുന്ന കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമാണ്(ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം) കൊച്ചി വാട്ടർ മെട്രോ. കേരളത്തിനു മാത്രമല്ല, രാജ്യത്തിനാകെ അഭിമാനകരമാണിത്.
ഒരുകാലത്ത് ജലഗതാഗത സംവിധാനങ്ങളെ നല്ല നിലയിൽ ഉപയോഗിച്ചിരുന്ന നാടാണ് കേരളം. പിൽക്കാലത്ത് അവ വേണ്ടവണ്ണം ഉപയോഗിക്കപ്പെടാതെ പോയി.

എന്നാൽ അവയ്ക്കുള്ള സാധ്യതകളെ കാലാനുസൃത നവീകരണത്തോടെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ദേശീയ ജലപാത നവീകരിക്കുന്നതും ഇപ്പോൾ കൊച്ചി വാട്ടർ മെട്രോ യാഥാർഥ്യമാക്കിയിരിക്കുന്നതും എല്ലാം ആ വീക്ഷണം പ്രാവർത്തികമാക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഇത്തരം ഇടപെടലുകളിലൂടെ അത്യാധുനിക സൗകര്യങ്ങളുള്ളതും വേഗതയേറിയതുമായ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രഖ്യാപിത നയം നടപ്പാവുകയാണ്.


കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന, നാടിന്റെയാകെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോയ്ക്ക് 1,136.83 കോടി രൂപയാണ് ചെലവു വരുന്നത്. ഈ തുകയിൽ ജർമൻ ഫണ്ടിങ് ഏജൻസിയായ കെ.എഫ്.ഡബ്ല്യുവിന്റെ വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നുമുള്ള സർവിസ് ആരംഭിക്കുന്നത്. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയംകൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽനിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്നാകട്ടെ 25 മിനിറ്റിനകം കാക്കനാട്ട് എത്താനാകും.

പദ്ധതി പൂർണതോതിൽ സജ്ജമാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് 78 വാട്ടർ മെട്രോ ബോട്ടുകൾക്ക് സർവിസ് നടത്താൻ സാധിക്കും.
കൊച്ചിൻ കപ്പൽനിർമാണശാലയാണ് കൊച്ചി വാട്ടർ മെട്രോയ്ക്കു വേണ്ട ബോട്ടുകൾ തയാറാക്കുന്നത്. അലൂമിനിയം ഉപയോഗിച്ചു നിർമിക്കുന്ന അത്യാധുനിക ഡിസൈനിലുള്ള ഈ ബോട്ടുകൾ ഭാരം കുറഞ്ഞവയാണ്.

 

അവയിലെ ലിഥിയം ടൈറ്റനേറ്റ് ഓക്‌സൈഡ് (എൽ.റ്റി.ഒ) ബാറ്ററികൾ കൂടുതൽ കാലം നിലനിൽക്കുന്നവയാണ്. മാത്രമല്ല, അവ വേഗത്തിൽ ചാർജുചെയ്യാനാവുകയും ചെയ്യും. ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ ലഭ്യമായവയിലെ ഏറ്റവും മികച്ച ബാറ്ററികളാണവ. ഈ ബോട്ടുകളിൽ ഏറ്റവും നൂതനമായ ഗതിനിയന്ത്രണ-ആശയവിനിമയ സംവിധാനങ്ങളുണ്ട്. ഒരു സ്റ്റേറ്റ് ഓഫ് ദി ആർട്ട് ഓപറേറ്റിങ് കൺട്രോൾ സെന്ററിൽ (ഒ.സി.സി) നിന്ന് അവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും.
യാത്രക്കാർക്ക് ഇത്രയധികം സുരക്ഷിതവും സുഖപ്രദവുമായ യാത്രാ സൗകര്യം ഉറപ്പുവരുത്തുന്ന കൊച്ചി വാട്ടർ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്‌കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്‌സ് അവാർഡ് 2022ൽ കൊച്ചി വാട്ടർ മെട്രോയ്ക്ക് ലഭിച്ചിരുന്നു. ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്.

വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലുൾപ്പെടെ ബോട്ടുകളുമായി ഒരേ ലെവലിൽ നിൽക്കാൻ കഴിയുന്ന ഫ്‌ളോട്ടിങ് പോണ്ടൂണുകൾ കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതയാണ്.


തുച്ഛമായ തുകയിൽ സുരക്ഷിതമായ യാത്രയാണ് ശീതികരിച്ച ഇലക്ട്രിക് ബോട്ടുകളിൽ ജനങ്ങളെ കാത്തിരിക്കുന്നത്. ബോട്ട്‌യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികർക്കായി പ്രതിവാര, പ്രതിമാസ പാസുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ഇത്തരം സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് കൊച്ചി വാട്ടർ മെട്രോ ഒരു സംയോജിത ജലഗതാഗത സംവിധാനമാണെന്ന് പറയുന്നത്.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണെന്ന് പൊതുവിൽ വിലയിരുത്തപ്പെടുന്ന നഗരമാണ് കൊച്ചി. കൊച്ചിയിലും കൊച്ചിക്കു ചുറ്റുമുള്ള 10 ദ്വീപുകളിലും കാര്യമായ ജനവാസമുണ്ട്. ദ്വീപുകളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും ഉൾപ്പെടെ ഏത് പ്രധാന കാര്യത്തിനും കൊച്ചി നഗരവുമായി നിരന്തരം ബന്ധപ്പെടേണ്ടതായി വരുന്നുണ്ട്.

 

അതിനു സഹായകരമായ ബോട്ടുസർവിസുകൾ നിലവിലുണ്ടെങ്കിൽപ്പോലും അവ അപര്യാപ്തമാണ് എന്നതായിരുന്നു പൊതുവിലുള്ള വിലയിരുത്തൽ. ആ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് കൊച്ചി വാട്ടർ മെട്രോയിലൂടെ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.


ഈ ജലഗതാഗത സംവിധാനം ദ്വീപുവാസികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ദ്വീപുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനു വഴിതെളിക്കുകയും ചെയ്യും. ഇത് കുറഞ്ഞ തോതിൽ മാത്രം മലിനീകരണം സൃഷ്ടിക്കുന്ന ഒരു സുസ്ഥിര ഗതാഗത സംവിധാനമാണ്. കാരണം, ഇത് പ്രവർത്തിക്കുന്നത് പുനരുപയോഗ സാധ്യതയുള്ള ഊർജസ്രോതസുകളെ ആശ്രയിച്ചാണ്. വലിയ തോതിലുള്ള നിർമാണ പ്രവർത്തനങ്ങളോ ഭൂവിനിയോഗമോ വേണ്ടിവരുന്നില്ല. അതുകൊണ്ടൊക്കെത്തന്നെ കായലിലെ ആവാസവ്യവസ്ഥയെയും സസ്യ-ജന്തുജാലങ്ങളെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഈ പദ്ധതിയൊരു മുതൽക്കൂട്ടായി മാറും.


ആദ്യ ഘട്ടത്തിൽ തന്നെ വാട്ടർ മെട്രോയിലൂടെ പ്രതിദിനം 34,000 പേർക്ക് യാത്ര ചെയ്യാൻ കഴിയും. ഇത് കൊച്ചിയുടെ നഗരവീഥികളിലെ തിരക്കും നഗരത്തിന്റെ കാർബൺ ഫുഡ്പ്രിന്റും കുറയ്ക്കാൻ സഹായിക്കും. പദ്ധതി പൂർണസജ്ജമാകുന്നതോടെ പ്രതിവർഷ കാർബൺ ബഹിർഗമനത്തിൽ 44,000 ടണ്ണിന്റെ കുറവു വരുത്താൻ കഴിയും. ആ നിലയ്ക്ക്, കേരളത്തെ കാർബൺ ന്യൂട്രലാക്കി മാറ്റാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് കൊച്ചി വാട്ടർ മെട്രോ വലിയ ഊർജം പകരും.


പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ നഗര ജലഗതാഗതത്തിനുവേണ്ടി ഇലക്ട്രിക് ബോട്ടുകളുള്ള ലോകത്തെ ഏറ്റവും വലിയ സംവിധാനമായി കൊച്ചി വാട്ടർ മെട്രോ മാറും. ഇത്ര പരിസ്ഥിതിസൗഹൃദപരമായ ഈ ജലഗതാഗത സംവിധാനത്തെ ഇന്ത്യയിലെ മറ്റ് നാൽപ്പതു നഗരങ്ങളിലെങ്കിലും ഉപയോഗപ്പെടുത്താൻ കഴിയും എന്നാണ് കണക്കാക്കപ്പെടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ രാജ്യത്തിനാകെത്തന്നെ മാതൃകയായ കേരളം നഗരഗതാഗതത്തിലും രാജ്യത്തിനു മാതൃകയാകാൻ പോവുകയാണ്.
നമ്മൾ ഒത്തൊരുമിച്ച് സൃഷ്ടിക്കുന്ന നവകേരളത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് മാതൃകാപരമായ പൊതുഗതാഗത സൗകര്യങ്ങൾ. അതിൽ പ്രധാനപ്പെട്ടതാണ് കൊച്ചി വാട്ടർ മെട്രോ. ഇന്ന് അത് ഓരോ കേരളീയന്റെയും സ്വപ്നസാക്ഷാത്ക്കാരമാവുകയാണ്.

Kochi Water Metro: The Kerala Model of Public Transport


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.