2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലീഗ് വിമതന്റെ പിന്തുണയില്‍ കൊച്ചി കോര്‍പറേഷന്‍ ഇടതിന്; തൃശൂര്‍ കോര്‍പറേഷന്‍ ഇടതു പിടിച്ചത് കോണ്‍ഗ്രസ് വിമതന്റെ സഹായത്തോടെ; മുക്കം മുന്‍സിപ്പാലിറ്റി ലീഗ് വിമതന്റെ പിന്തുണയില്‍ ഇടത്തേക്ക്

കൊച്ചി കോര്‍പറേഷന്‍ ഇടത് ഭരിക്കും; എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് ലീഗ് വിമതന്‍

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ആര് ഭരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് വിമതന്‍ ടി. കെ അഷ്‌റഫ്. ഇതോടെ കൊച്ചി കോര്‍പറേഷനില്‍ ഇടതുമുന്നണിക്ക് ഭരണം ലഭിക്കും. പത്ത് വര്‍ഷത്തിന് ശേഷമാണ് കൊച്ചി കോര്‍പറേഷന്‍ ഇടതു മുന്നണിയ്ക്ക് ലഭിക്കുന്നത്.

സി.പി.എം നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും നഗരത്തില്‍ സുസ്ഥിര ഭരണം കാഴ്ച്ചവെക്കുന്ന മുന്നണിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യപ്പെടുന്നതായും അഷ്റഫ് പ്രതികരിച്ചു.

   

കോര്‍പറേഷന് സുസ്ഥിര വികസം ഉറപ്പ് നല്‍കുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്നും കഴിഞ്ഞ അഞ്ച് വര്‍ഷവും തമ്മില്‍തല്ല് മാത്രമാണ് നടന്നതെന്നും മുന്നണികള്‍ നല്‍കുന്ന വാഗ്ദാനമെന്തായാലും അത് സ്വീകരിക്കുമെന്നും ടി. കെ. അഷ്‌റഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

74 സീറ്റുകളുള്ള കൊച്ചി കോര്‍പറേഷനില്‍ ആര്‍ക്കും നിലവില്‍ കേവല ഭൂരിപക്ഷമില്ല. ഇടതുമുന്നണിക്ക് 34 സീറ്റുകള്‍ ലഭിച്ചപ്പോള്‍ യു.ഡി.എഫിന് 31 സീറ്റുകളാണ് ലഭിച്ചത്. അഞ്ച് സീറ്റുകള്‍ ബി.ജെ.പിയും നാല് സീറ്റുകള്‍ വിമതരും നേടി.

തൃശൂര്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫിനോട് സഹകരിക്കുമെന്ന് കോണ്‍ഗ്രസ് വിമതന്‍

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത തൃശൂര്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വിമതന്‍.

എന്തിനും തയ്യാറെന്ന് എല്‍ഡിഎഫ് ഉറപ്പുനല്‍കിയിട്ടുണ്ട്. യു.ഡി.എഫിലെ ആരും ഇതുവരെ നേരിട്ട് ബന്ധപ്പെട്ടില്ലെന്നും എം.കെ വര്‍ഗീസ് പറഞ്ഞു.

തൃശൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫ് 23 ഇടത്തും എല്‍.ഡി.എഫ് 24 ഇടത്തും എന്‍.ഡി.എ ആറിടത്തുമാണ് വിജയിച്ചത്. കോര്‍പ്പറേഷന്‍ ഭരണം വീണ്ടും ത്രിശങ്കുവിലായതിനാല്‍ തന്നെ കോണ്‍ഗ്രസ് വിമതനാകും ആര് ഭരിക്കണമെന്ന് നിശ്ചയിക്കുക.

 

മുക്കത്ത് പ്രതിസന്ധി അയയുന്നു: ഭരണം ഇടത് മുന്നണിയിലേക്ക്

മുക്കം: ഇരു മുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന മുക്കം നഗരസഭയില്‍ ഭരണം ഇടത് മുന്നണിക്ക് ലഭിച്ചേക്കും. മുസ്ലിം ലീഗ് വിമതനായി മത്സരിച്ച് മുപ്പതാം ഡിവിഷനില്‍ നിന്ന് വിജയിച്ച മുഹമ്മദ് അബ്ദുല്‍ മജീദ് ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതായാണ് അറിയുന്നത്. ഇന്നലെ രാത്രി ഇടത് മുന്നണി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് അബ്ദുല്‍ മജീദ് എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. 33 അംഗ നഗരസഭയില്‍ ഇടത് മുന്നണിക്കും യു.ഡി.എഫിനും 15 സീറ്റുകള്‍ വീതമാണ് ലഭിച്ചത്. രണ്ട് സീറ്റില്‍ എന്‍.ഡി.എയും ഒരു സീറ്റില്‍ യു.ഡി.എഫ് വിമതനും വിജയിച്ചു. ഇതോടെയാണ് രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നത്. അതേസമയം യു.ഡി.എഫും പ്രതീക്ഷ കൈവിട്ടിട്ടില്ല. അവസാന നിമിഷം അബ്ദുല്‍ മജീദ് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. ഇതിനായി സംസ്ഥാന ലീഗ് നേതൃത്വം വരെ ഇടപെട്ടതായാണ് അറിയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.