കൊച്ചി: ആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. യുക്തിവാദി സംഘടനയായ നോണ്‍ റിലീജിയസ് സിറ്റിസണ്‍സ് (എന്‍ആര്‍സി) നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് മുരളി പുരുഷോത്തം എന്നിവര്‍ അംഗങ്ങളായ ബെഞ്ച് തള്ളിയത്. വെറും പത്രവാര്‍ത്ത അടിസ്ഥാനമാക്കിയുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
നോണ്‍ റിലിജീയസ് സിറ്റിസണ്‍സിന് പുറമേ ടിഎം ആരിഫ് ഹുസൈന്‍, നൗഷാദ് അലി, ഷാഹുല്‍ ഹമീദ്, യാസീന്‍ എം, കെ അബ്ദുല്‍ കലാം എന്നിവരും ഹര്‍ജിയില്‍ പങ്കാളികളാണ്. 18 വയസ്സിന് മുന്‍പ് ചേലാകര്‍മ്മം നടത്തുന്നത് കുട്ടികളുടെ മൗലികാവശങ്ങളുടെ പച്ചയായ ലംഘനവും മനുഷ്യാവകാശ ലംഘനമാണെന്നുമായിരുന്നു ഹര്‍ജി. നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ജാമ്യമില്ലാ കുറ്റമാക്കുകയും വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
കോടതി നിയമനിര്‍മാണ സമിതിയല്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. പരാതിക്കാര്‍ക്ക് അവരുടെ വാദം കൃത്യമായി സമര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദ റൈറ്റ് ഓഫ് ചൈല്‍ഡ്, ഇന്റര്‍നാഷണല്‍ കവനെന്റ് ഓണ്‍ സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്‌സ് തുടങ്ങി കുട്ടികളുടെ അവകാശങ്ങള്‍ പ്രഖ്യാപിക്കുന്ന വിവിധ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും പ്രമേയങ്ങളും കൂട്ടിച്ചേര്‍ത്തായിരുന്നു പരാതിക്കാര്‍ ഹര്‍ജി നല്‍കിയത്.
ചേലാകര്‍മം നിര്‍ബന്ധിത മതകര്‍മമല്ലെന്നും രക്ഷിതാക്കള്‍ ഏകപക്ഷീയമായി കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നതാണിതെന്നും പരാതിക്കാര്‍ ആരോപിച്ചു. ചേലാകര്‍മം നടത്തിയാല്‍ ലൈംഗികശക്തി കുറയുമെന്ന തരത്തിലുള്ള ചില അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകളിലെ പഠനവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രതിമൂര്‍ച്ഛ വേഗത്തില്‍ ലഭിക്കില്ല. സ്ത്രീ പങ്കാളികള്‍ ലൈംഗികമായി അസംതൃപ്തരാകാനും ഏറെ സാധ്യതയുണ്ടെന്നും ഇവര്‍ വാദിച്ചു.
Comments are closed for this post.