2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്ലസ് ടു വിദ്യാര്‍ഥിനിയെ വാല്‍പാറയില്‍ വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി

പ്ലസ് ടു വിദ്യാര്‍ഥിനിയെ വാല്‍പാറയില്‍ വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി

   

കൊച്ചി: പ്ലസ് ടു വിദ്യാര്‍ഥിനിയെ വാല്‍പാറയില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. എറണാകുളം കലൂര്‍ സ്വദേശിയായ 17 കാരിയെ വാല്‍പാറയ്ക്ക് സമീപത്തുവച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി സഫര്‍ ഷാ കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി കണ്ടെത്തിയത്. ശിക്ഷ ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കും. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുക എന്നീ കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും കോടതി പറഞ്ഞു.

2020 ജനുവരി ഏഴിനാണ് സംഭവം നടന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന സഫര്‍ഷാ മോഷ്ടിച്ച കാറിലാണ് തട്ടികൊണ്ടുപോയത്. സഫറുമായുള്ള പ്രണയത്തില്‍നിന്ന് പെണ്‍കുട്ടി പിന്‍മാറിയിരുന്നു. ഇതിനുശേഷം സ്‌കൂളിലേക്ക് പോകുന്നതിനിടെ കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ബലാത്സംഗം ചെയ്തശേഷം കാറില്‍ വെച്ച് ക്രൂരമായി കുത്തിക്കൊലപെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം തമിഴ്‌നാട്ടിലെ വരട്ട് പാറയിലെ തേയിലത്തോട്ടത്തിലാണ് ഉപേക്ഷിച്ചിരുന്നത്.

കൃത്യം നടത്തിയശേഷം പൊള്ളാച്ചി വഴി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്രതിയെ സംഭവദിവസം തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ ജോലി ചെയ്തിരുന്ന സര്‍വീസ് സെന്ററില്‍നിന്ന് എടുത്ത കാറിലാണ് പ്രതി പെണ്‍കുട്ടിയെ കൊണ്ടുപോയത്.

കാര്‍ കാണാനില്ലെന്ന പരാതിയിലായിരുന്നു ആദ്യം അന്വേഷണം. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ സഫര്‍ഷായുടെ പേരുണ്ടായിരുന്നില്ല. ചെക്‌പോസ്റ്റില്‍ വാഹനം തടഞ്ഞ് പരിശോധിച്ചപ്പോള്‍ രക്തക്കറ കണ്ടു. തുടര്‍ന്ന് സഫര്‍ഷായെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രാത്രി പത്തുമണിയോടെ മൃതദേഹം കണ്ടെടുത്തു.

കൊല്ലപ്പെടുമ്പോള്‍ പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയായിരുന്നു. നെഞ്ചിലും വയറിലുമായി നിരവധിതവണ കുത്തിയാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.