
2020 ജനുവരി 1 മുതല്‍ ജൂലൈ 31 വരെ നാട്ടിലെത്തി തിരിച്ചുവരാന്‍ കഴിയാത്തവര്‍ക്കാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
മനാമ: കൊവിഡ് മൂലം നാട്ടില്‍ ദുരിതത്തില്‍ കഴിയുന്ന അംഗങ്ങള്‍ക്ക് ആശ്വാസമായി ബഹ്റൈന്‍ കെ.എം.സി.സി ധനസഹായം പ്രഖ്യാപിച്ചു.
പ്രസിഡന്റ് ഹബീബ് റഹ് മാന്‍ സംഘടനയുടെ ഫൈസ് ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം നിര്‍വ്വഹിച്ചത്.
ഈ വര്‍ഷം ജനുവരി ഒന്നിനും ജൂലൈ 31 നും ഇടയില്‍ നാട്ടിപോയി കൊവിഡ് മൂലം തിരിച്ചെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കെ.എം.സി.സിയുടെ അംഗങ്ങള്‍ക്കാണ് ‘കരുതല്‍ സ്നേഹം’ പദ്ധതിയിലൂടെ ആശ്വാസ സഹായധനം വിതരണം ചെയ്യുന്നത്.
കെ.എം.സി.സിയുടെ അംഗങ്ങള്‍ക്ക് വേണ്ടി നേരത്തെ ആരംഭിച്ച ‘അല്‍ അമാന’ സുരക്ഷാ നിധിയില്‍ നിന്നാണ് ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുകയെന്നും കെ.എം.സി.സിയുടെ ജില്ലാ, ഏരിയ കമ്മിറ്റികള്‍ മുഖേനയാണ് അര്‍ഹരായവര്‍ക്ക് തുക വിതരണം ചെയ്യുകയെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.
കൂടാതെ ‘കരുതല്‍ സ്നേഹം’ പദ്ധതിയുടെ ഭാഗമായി ഈയിടെ നാട്ടില്‍ മരണപ്പെട്ട ബഹ്റൈന്‍ പ്രവാസികളായ രണ്ടുപേരുടെ കുടുംബങ്ങള്‍ക്ക് ഒമ്പത് ലക്ഷം രൂപ സഹായധനം ഉടന്‍ കൈമാറുമെന്നും സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
നിര്‍ധനരായ പ്രവാസികളുടെ കണ്ണുനീര് ഏറെ കണ്ടതിന്റെ ഫലമായാണ് കെ.എം.സി.സി ബഹ്റൈന്‍ അല്‍ അമാന പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവിഷ്കരിച്ചത്. നാടിനും കുടുംബത്തിനും വേണ്ടി മരുഭൂമിയില്‍ കഷ്ടപ്പെടുന്ന പ്രവസികള്‍ പൊടുന്നനെ പ്രതിസന്ധിയിലപ്പെടുമ്പോള്‍ അവര്‍ക്ക് സാമാശ്വാസമേകാന്
ഇതു വഴി കഴിഞ്ഞിട്ടുണ്ട്.
അല്‍ അമാന സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ വിവിധ ആനുകൂല്യങ്ങളാണ് കെ.എം.സി.സി നല്കി വരുന്നത്. മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് കുടുംബ സുരക്ഷാ ഫണ്ട് വഴി 5 ലക്ഷം രൂപയാണ് നല്കി വരുന്നത്.
കൂടാതെ, പ്രതിമാസ പെന്ഷന് പദ്ധതിയിലൂടെ 4000 രൂപ വരെയും ചികിത്സാ സഹായ ഫണ്ടിലൂടെ 25,000 രൂപ വരെയും അല്‍ അമാന വഴി നല്‍കുന്നുണ്ട്- ഭാരവാഹികള്‍ അറിയിച്ചു.
പുതിയ സാഹചര്യത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ നിരവധി പ്രവാസി കാരുണ്യ കൂട്ടായ്മകളുണ്ടെങ്കിലും കെ.എം.സി.സി ബഹ്റൈനാണ് ഇത്തരത്തില്‍ നാട്ടിലുള്ള പ്രവാസികള്‍ക്കുവേണ്ടി ആശ്വാസ സഹായധനം നല്‍കുന്നതെന്നും സംഘടന അവകാശപ്പെട്ടു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ മടിച്ചു നില്‍ക്കുമ്പോഴാണ് കെ.എം.സി.സി ബഹ്റൈന്‍ ഇത്തരത്തിലൊരു കാരുണ്യ പദ്ധതി വിജയകരമായി നടപ്പാക്കി മുന്നോട്ടുപോകുന്നത്.
പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക പ്രഖ്യാപിച്ച അയ്യായിരം രൂപയുടെ ധനസാഹയത്തിന് നിരവധി പേര് അപേക്ഷിച്ചിരുന്നെങ്കിലും ചുരുക്കം ചിലര്‍ക്ക് മാത്രമാണത് ലഭിച്ചത്. ഇതിനിടയിലാണ് കെ.എം.സി.സിയുടെ മാതൃകാ പ്രവര്‍ത്തനമെന്നും ഭാരവാഹികള്‍ സുപ്രഭാതത്തോട് പറഞ്ഞു.
അല്‍അമാനയില്‍ അംഗത്വമെടുക്കുന്നതിലൂടെ മറ്റുള്ളവരെ സഹായിക്കുന്നതോടൊപ്പം സ്വന്തം ഭാവിയും സുരക്ഷിതമാക്കാനുള്ള അവസരമാണിപ്പോള്‍ കൈവന്നിരിക്കുന്നത്. നിലവില്‍ നടന്നു വരുന്ന അല്‍ അമാന പ്രചരണ ക്യാംപയിന് ഒക്ടോബര്‍ 10 വരെ നീട്ടിയതായും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3459 9814.
കെഎംസിസി ബഹ്റൈന്റെ ശ്രദ്ധേയമായ പ്രഖ്യാപനം..കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ സംസാരിക്കുന്നു.
ഇനിപ്പറയുന്നതിൽ KMCC Bahrain പോസ്റ്റുചെയ്തത് 2020, ഒക്ടോബർ 3, ശനിയാഴ്ച