
കൊച്ചി: കൊവിഡിനെത്തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ വിമാന സര്‍വിസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി ഹൈക്കോടതിയെ സമീപിച്ചു. ലേബര്‍ ക്യാംപുകളില്‍ ജോലിയും ഭക്ഷണവും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവരെയടക്കം അടിയന്തരമായി നാട്ടില്‍ എത്തിക്കാനായി യാത്രാവിലക്കില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി ദുബൈ പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ആണ് റിട്ട് ഹരജി ഫയല്‍ ചെയ്തത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയാറാണെന്ന് എമിറേറ്റ്സ്, ഫ്ളൈ ദുബൈ കമ്പനികള്‍ അറിയിച്ചിട്ടും സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് കെ.എം.സി.സിയുടെ നടപടി.
സന്നദ്ധതയറിയിച്ച വിമാന കമ്പനികള്‍ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാനമന്ത്രാലയത്തിനും നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശ പ്രകാരം ക്വാറന്റൈന് ചെയ്ത് വൈദ്യസഹായം ലഭ്യമാക്കണം. ലോക്ക് ഡൗണ്‍ ഇളവ് ചെയ്യുന്നതിനെപ്പറ്റി പഠിച്ച വിദഗ്ധ സമിതി വിമാന സര്‍വിസുകള്‍ ജൂണ്‍ മുതല്‍ മാത്രമേ അനുവദിക്കാവൂ എന്നാണ് ശുപാര്‍ശ നല്‍കിയത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ട് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കിയാല് മാത്രമേ പ്രവാസികളുടെ ആശങ്ക ദുരീകരിക്കാന്‍ കഴിയൂവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.