
റിയാദ്: ഇറാനും അമേരിക്കക്കും ഇടയിലെ ചർച്ചകൾക്ക് സ്വാഗതമെന്നും എന്നാൽ, ചർച്ചകളുടെ വാതിൽ ഇറാൻ ഇപ്പോഴും അടക്കുകയാണെന്നും സഊദി. മിഡ് ഡയലോഗ് മീറ്റിൽ സംസാരിക്കവെ സഊദി വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് ഇക്കാര്യം പറഞ്ഞത്. മേഖലയിലെ തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് ഇറാൻ നൽകുന്ന സാമ്പത്തിക സഹായം തുടരുകയാണ്. അതോടൊപ്പം തന്നെ ഇറാൻ തീവ്രവാദ ഗ്രൂപ്പുകൾ യൂറോപ്പിൽ പ്രവർത്തനം നടത്തുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീനികൾക്ക് ഒരു സ്വതന്ത്ര രാഷ്ട്രം നൽകുന്ന ന്യായമായ സമാധാന കരാറിനെ സഊദി പിന്തുണക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാനൽ ചർച്ചയ്ക്ക് നിമിഷങ്ങൾക്ക് മുമ്പ് ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി സഊദി വിദേശ കാര്യ മന്ത്രി ട്വീറ്റ് ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങൾ ഗണ്യമായ പുരോഗതി കൈവരിച്ചു, കുവൈത്തിന്റെ തുടർച്ചയായ ശ്രമങ്ങൾക്ക്, മാത്രമല്ല എല്ലാ പാർട്ടികളെയും കൂടുതൽ അടുപ്പിക്കുന്നതിന് പ്രസിഡന്റ് ട്രംപിന്റെയും യുഎസ് ഭരണകൂടത്തിന്റെയും ശക്തമായ പിന്തുണയ്ക്കും നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി.