
തൊടുപുഴ: തൊടുപുഴ നിയോജക മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയായതായി പി.ജെ. ജോസഫ് എം.എല്‍.എ. രണ്ട് പദ്ധതികളാണ് മണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കിയത്. 34 കോടിയുടെ തൊടുപുഴ ടൗണ്‍ കുടിവെള്ള പദ്ധതിയാണ് ആദ്യത്തേത്. മുനിസിപ്പല്‍ പ്രദേശങ്ങളില്‍ എല്ലാ ദിവസവും 24 മണിക്കൂറും വെള്ളമെത്തിക്കാനുള്ള പദ്ധതിയാണിത്. നേരത്തെ ഒന്നിടവിട്ട ദിവസങ്ങളിലേ കുടിവെള്ള വിതരണം ഉണ്ടായിരുന്നുള്ളൂ. പദ്ധതി പൂര്‍ത്തിയായതോടെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഉള്‍പ്പടെ എല്ലായിടത്തും കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയുന്നുണ്ട്.
എ.പി.ജെ അബ്ദുല്‍ കലാം ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ 5 കോടി മുടക്കി പുതിയ മന്ദിരം കിഫ്ബി പദ്ധതി പ്രകാരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവയുടെ ഉദ്ഘാടനം പിന്നീട് തീരുമാനിക്കും. നേരത്തെ താന്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ തന്നെ കുടിവെള്ള പദ്ധതിക്കുവേണ്ട തയാറെടുപ്പുകള്‍ നടത്തിയിരുന്നതായി പി.ജെ ജോസഫ് പറഞ്ഞു.
കാരിക്കോട് – അഞ്ചിരി – ആനക്കയം – കാഞ്ഞാര്‍ റോഡിന്റെ നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെ 60 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറായിട്ടുണ്ട്. പ്രാരംഭഘട്ടമായി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു.
ചിത്രം– പി.ജെ ജോസഫ് എം.എല്‍.എ ( ചിത്രം വയ്ക്കണം)