2022 October 06 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഇടുക്കിയില്‍ ഹൈറേഞ്ചിന്റെ മുഖച്ഛായ മാറ്റുന്ന വികസനം

 

തൊടുപുഴ: ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന നിരവധി പദ്ധതികള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കിഫ്ബി നടപ്പിലാക്കിയിട്ടുണ്ട്. കിഫ്ബിയിലൂടെ ആയിരത്തിലധികം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പലഘട്ടങ്ങളിലായി നടന്നുവരികയാണ്. റോഡുകള്‍, പാലങ്ങള്‍, ആരോഗ്യ രംഗം, വിദ്യാഭ്യാസ മേഖല തുടങ്ങിയവയില്‍ വന്‍ വികസനമാണ് നടക്കുന്നത്.

ഇടുക്കി ജില്ലയുടെതന്നെ മുഖച്ഛായ മാറുന്ന റോഡാണ് ഉടുമ്പന്‍ചോല – ചിത്തിരപുരം റോഡ്. ലോറേഞ്ചിനെയും ഹൈറേഞ്ചിനെയും മൂന്നാറുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് ആറ് പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. 46 കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ അഞ്ച് പാലങ്ങള്‍ നിര്‍മിക്കും. 154.22 കോടി രൂപയാണ് റോഡിനായി അനുവദിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് റീച്ചുകളിലായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

കമ്പംമെട്ട് – വണ്ണപ്പുറം റോഡിന്റെ കമ്പംമെട്ട് മുതല്‍ എഴുകുംവയല്‍ വരെയുള്ള ആദ്യറീച്ചിന്റെ നിര്‍മാണത്തിന് 73 കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭിച്ചു. നത്തുകല്ല് – ഇരട്ടയാര്‍ -പണിക്കന്‍കുടി -അടിമാലി, തൂക്കുപാലം- പ്രകാശ്ഗ്രാം – കൂട്ടാര്‍, ശാസ്താനട – കട്ടപ്പന, പൂപ്പാറ – കല്ലാര്‍കുട്ടി തുടങ്ങി അമ്പതോളം റോഡുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പല ഘട്ടങ്ങളിലാണ്. പലതും നിര്‍മാണത്തിലും ടെന്‍ഡര്‍ പൂര്‍ത്തിയായ ഘട്ടത്തിലും ഡീറ്റെയ്ല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കിയ ഘട്ടത്തിലുമാണ്. മലയോര ഹൈവേയിലെ വിവിധ റീച്ചുകളായ പുളിയന്‍മല – മൈലാടുംപാറ , മൈലാടുംപാറ – എല്ലക്കല്‍ പാലം തുടങ്ങിയ റോഡുകളും പൂര്‍ത്തിയാവുന്നതോടെ ഹൈറേഞ്ചിലെ ജനങ്ങള്‍ക്ക് ജില്ലയിലെ ഏതു പട്ടണങ്ങളിലേക്കും ഏറ്റവും ചുരുങ്ങിയ ദൂരത്തിലും സമയത്തിലും എത്തിച്ചേരുവാന്‍ കഴിയുന്നതാണ്. കിഫ്ബി പദ്ധതി പ്രകാരം ഉടുമ്പന്‍ചോല മണ്ഡലത്തില്‍ അനുവദിച്ച റോഡുകള്‍ മറ്റ് മണ്ഡലങ്ങളില്‍ കൂടി കടന്നു പോകുന്ന രീതിയിലാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതിനാല്‍ ഈ റോഡുകള്‍ ഇടുക്കി ജില്ലയുടെ മുഖച്ഛായ ഒന്നാകെ മാറ്റും.

ഹൈറേഞ്ചിന്റെ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയിരിക്കുകയാണ്. കിഫ്ബിയുടെ 147 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഏഴ് നിലകള്‍ വീതമുള്ള ഇരട്ട ടവര്‍ കെട്ടിടമാണ് നിര്‍മിക്കുന്നത്. ആറ് ഓപ്പറേഷന്‍ തീയേറ്ററുകളും 50 ബെഡോടുകൂടിയ അത്യാഹിത വിഭാഗവും 150 കിടക്കകളും നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ആശുപത്രിയില്‍ ഉണ്ടാകും. കാന്‍സര്‍ കെയര്‍ യൂനിറ്റും എം.ആര്‍.ഐ ഉള്‍പ്പടെയുള്ള സ്‌കാനിങ് സൗകര്യവും സജ്ജമാക്കും.

നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ രണ്ട് സ്റ്റേഡിയങ്ങള്‍ക്കായി 50 കോടി രൂപയുടെ ഫണ്ടാണ് കിഫ്ബി വഴി ലഭ്യമാക്കിയിരിക്കുന്നത്. പച്ചടിയില്‍ 40 കോടിരൂപയുടെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് സ്റ്റേഡിയത്തിനായി അനുവദിച്ച 10 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
വിദ്യാഭ്യാസ മേഖലയില്‍ കല്ലാര്‍ ഗവ. ഹൈസ്‌കൂള്‍, കല്ലാര്‍ ഗവ. എല്‍.പി സ്‌കൂള്‍, നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രാജാക്കാട് ഗവ. സ്‌കൂള്‍, രാജാക്കാട് ഐ.ടി.ഐ, ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്‍മെന്റ് സ്‌കൂള്‍, എന്‍.എസ്.പി.എച്ച്.എസ് പുറ്റടി , ജി.എച്ച്.എസ്.എസ് രാജകുമാരി , ജി.എച്ച്.എസ്.എസ് നെടുങ്കണ്ടം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നിര്‍മാണം, ഹൈടെക് ക്ലാസ് റൂമുകള്‍ എന്നിവയ്ക്കായി 25 കോടി രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്.
ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫിസിന് കിഫ്ബിയുടെ രണ്ടുകോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിട സമുച്ചയവും നിര്‍മിച്ചു. നെടുങ്കണ്ടത്ത് പുതിയ കോടതി സമുച്ചയം നിര്‍മിക്കുന്നതിനായി 10.5കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഇതുകൂടാതെ ഇടുക്കി ജില്ലയിലെ മൂന്ന് പ്രധാന റോഡുകള്‍ക്കായുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.