
തൊടുപുഴ: ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികളാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. ഇടുക്കി ജില്ല രൂപീകൃതമായതിന് ശേഷം ഇത്രയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടാവില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കി വരുന്നു. ഇതിന് സഹായകരമായത് കിഫ്ബിയാണ്. കിഫ്ബിയിലൂടെ ആയിരത്തിലധികം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പലഘട്ടങ്ങളിലായി നടന്നുവരികയാണ്. റോഡുകള്‍, പാലങ്ങള്‍, ആരോഗ്യ രംഗം, വിദ്യാഭ്യാസ മേഖല തുടങ്ങിയവയില്‍ വന്‍ വികസനമാണ് നടക്കുന്നത്. പദ്ധതികള്‍ മുഴുവന്‍ പൂര്ത്തീകരിച്ചുവരുമ്പോള് ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെതന്നെ മുഖഛായ മാറുന്ന റോഡാണ് ഉടുമ്പന്‍ചോല ചിത്തിരപുരം റോഡ്. ലോറേഞ്ചിനെയും ഹൈറേഞ്ചിനെയും മൂന്നാറുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് ആറ് പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. 46 കിലോമീറ്റര്‍ ദൂരമുള്ള റോഡിന് 154.22 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് റീച്ചുകളിലായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നും നിര്‍ദേശിച്ചിട്ടുള്ള റോഡുകള്‍ ജില്ലയുടെ മുഖച്ഛായ ഒന്നാകെ മാറ്റും എന്നുള്ളതില്‍ സംശയമില്ലെന്ന് മന്ത്രി പറഞ്ഞു.
ചിത്രങ്ങള്‍
1. മന്ത്രി എം.എം. മണി
2. ഉടുമ്പന്‍ചോല – ചിത്തിരപുരം റോഡിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു