2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തിരൂരിലെയും താനൂരിലെയും പദ്ധതികള്‍

 

തിരൂര്‍: നൂതന സംവിധാനങ്ങളോടെ കാലാനുസൃതമായ വികസനങ്ങളാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് താനൂര്‍, തിരൂര്‍ മണ്ഡലങ്ങളില്‍ പുരോഗമിച്ചുവരുന്നത്. രണ്ടിടത്തുമായി 333 കോടി രൂപയുടെ വികസനമാണ് കിഫ്ബി വഴി നടപ്പാലാവുന്നത്. തിരൂരില്‍ കല്‍പകഞ്ചേരി ഹൈസ്‌കൂളിന് അനുവദിച്ച അഞ്ചുകോടി രൂപയുടെ 80 ശതമാനം പണിപൂര്‍ത്തിയായി. തിരൂര്‍ ജി.എം.യു.പി സ്‌കൂള്‍, ഏഴൂര്‍ ഗവ.ഹൈസ്‌കൂള്‍, ബി.പി അങ്ങാടി ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍, ഗവ. ബോയ്‌സ് ഹൈസ്‌ക്കൂള്‍, പറവണ്ണ ഗവ.വെക്കേഷന്‍ ഹൈസ്‌കൂള്‍, ആതവനാട് മാട്ടുമ്മല്‍ ഹൈസ്‌കൂള്‍, ആതവനാട് പരിതി ഹൈസ്‌കൂള്‍, കരിപ്പോള്‍ ഹൈസ്‌കൂള്‍ എന്നീ വിദ്യാലയങ്ങള്‍ക്ക് മൂന്നു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. ചെറവന്നൂര്‍ ജി.എം.എല്‍.പി സ്‌കൂളിന് ഒരു കൂടിയും അനുവദിച്ചിട്ടുണ്ട്. ആകെ 30 കോടി രൂപയുടെ പദ്ധതിയാണ് തിരൂരില്‍ കിഫ്ബിയുടേതായി നടപ്പാവുന്നത്.
താനൂര്‍ കുടിവെള്ള പദ്ധതി

നൂറ് കോടി രൂപ ചിലവഴിച്ചുള്ള താനൂര്‍ കുടിവെള്ള പദ്ധതിയാണ് താനൂര്‍ മണ്ഡലത്തില്‍ പ്രധാനം. നിറമരുതൂര്‍, ചെറിയമുണ്ടം തുടങ്ങിയ നിയോജക മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുപയുക്തമായ പദ്ധതിയാണിത്. ഇതാനായി 15 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്കിന്റെ പണി പുരോഗമിക്കുകയാണ് ഉണ്യാല്‍ ഫിഷറിസ് ഗ്രൗണ്ടിനടുത്ത്. പൈപ്പ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നടന്ന് വരുന്നുമുണ്ട്.
തിരൂരില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് പോവുന്ന റോഡില്‍ പുരപ്പുഴ വരെയുള്ള ഭാഗം വെള്ളക്കെട്ടില്‍ നിന്ന് തടയുന്നതിന് ഉയര്‍ത്തി പൂര്‍ണ്ണമായും റബ്ബറൈസ്ഡ് ആക്കി നവീകരിക്കുന്നതിന് 65 കോടി രൂപയാണ് ചിലവഴിക്കുന്നത്. ഇതിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 33 കോടി രൂപ ചിലവഴിച്ചുള്ള താനൂര്‍ തെയ്യാല റോഡ് മേല്‍പാലം, 12 കോടി രൂപ ചിലവില്‍ പണിയുന്ന കെ എ ഫ് ഡി സി തിയ്യേറ്റര്‍ സമുച്ചയം, 10 കോടി രൂപ ചിലവില്‍ താനൂര്‍ സ്റ്റേഡിയം തുടങ്ങിയവയും നടന്നുവരുന്നു. ചെറിയമുണ്ടത്തെ പനമ്പാലം, താനൂര്‍ നഗരസഭയിലെ അഞ്ചുടിപ്പാലം, അങ്ങാടിപ്പാലം എന്നിവയുടെ നിര്‍മാണത്തിന് 48 കോടിയാണ് കിഫ്ബി ചെലവഴിക്കുന്നത്.
മീനടത്തൂര്‍, നിറമരുതൂര്‍, ചെറിയമുണ്ടം, ദേവധാര്‍, കാട്ടിലങ്ങാടി, താനൂര്‍ ഫിഷറീസ് എന്നീ ഹൈസ്‌കൂളില്‍ ക്ലാസ് റൂം നിര്‍മ്മാണത്തിന് 22 കോടി രൂപയും താനൂര്‍ ഗവ.കോളേജിനായി 13 കോടി രൂപയും കിഫ്ബി ചിലവഴിക്കുന്നുണ്ട്.

നിലമ്പൂരില്‍ 244 കോടിയുടെ വികസന പ്രവര്‍ത്തികള്‍

നിലമ്പൂര്‍: നിലമ്പൂര്‍ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയാണ് വികസനങ്ങളുടെ പെരുമ നിറഞ്ഞു നില്‍ക്കുന്നത്. കിഫ്ബി പദ്ധതിയില്‍ മാത്രം നിലമ്പൂര്‍ മണ്ഡലത്തില്‍ 244.51 കോടിയുടെ പദ്ധതിയാണ് സമയബന്ധിതമായി പുരോഗമിച്ചുവരുന്നതെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ അറിയിച്ചു. നിലമ്പൂര്‍ ബൈപാസ്, ഗവ.മാനവേദനിലെ മിനി സ്റ്റേഡിയം, മലയോര ഹൈവേ എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന മികവിന്റെ കേന്ദ്രം പദ്ധതികള്‍: ഗവ. മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 5 കോടി, ഹൈസ്‌ക്കൂള്‍ വിഭാഗത്തിന് രണ്ടു നിലകളിലായി 30 പുതിയ ക്ലാസ് റൂമുകള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് സ്വന്തമായി കെട്ടിടം, ഡൈനിങ് ഹാള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തില്‍
1000ലധികം കുട്ടികള്‍ പഠിക്കുന്ന ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂക്കോട്ടുംപാടം, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എടക്കര, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുത്തേടം, ഗവ. യു.പി. സ്‌കൂള്‍ പറമ്പ എന്നിവയിലെ ഭൗതിക സാഹചര്യ വികസനത്തിന് 3 കോടി രൂപ വീതം ഉണ്ട്. ഗവ. ഹൈസ്‌കൂള്‍ മരുത,ഗവ. ഹൈസ്‌ക്കൂള്‍ മുണ്ടേരി, ഗവ. യു.പി. സ്‌കൂള്‍ കുറുമ്പലങ്ങോട്, ഗവ. യു.പി. സ്‌കൂള്‍ പള്ളിക്കുത്ത്, ഗവ. എല്‍.പി. സ്‌കൂള്‍, ചന്തക്കുന്ന് ഗവ. മോഡല്‍ യു.പി. സ്‌കൂള്‍, നിലമ്പൂര്‍ ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കൂള്‍, ഗവ. യു.പി. സ്‌കൂള്‍ പുള്ളിയില്‍ എന്നിവയില്‍ ഒരു കോടി രൂപ ചെലവഴിച്ചുള്ള പ്രവൃത്തികള്‍ ടെന്‍ഡര്‍ ഘട്ടത്തിലാണ്.
ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പൂക്കോട്ടുംപാടം 10 കോടി രൂപ (സ്ഥലംഏറ്റെടുത്ത് കെട്ടിടം നിര്‍മിക്കുന്നതിന്), അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ കോര്‍ട്ട്, 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, പരിശീലന നീന്തല്‍ക്കുളം, മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, പവലിയന്‍ ബില്‍ഡിംഗ്, അമിനിറ്റി സെന്റര്‍ എന്നിവ ഉള്‍പ്പടെ 18.26 കോടി രൂപ ചെലവില്‍ ഗവ. മാനവേദന്‍ സ്‌കൂളില്‍ നിലമ്പൂര്‍ മിനി സ്റ്റേഡിയം കോപ്ലക്‌സ് പൂര്‍ത്തികരണ ഘട്ടത്തില്‍.

മലയോര ഹൈവേ

റീച്ച് 1 പൂക്കോട്ടുംപാടം മുതല്‍ മുണ്ടേരി വിത്തുകൃഷിത്തോട്ടം ഗേറ്റ് വരെ 115 കോടി രൂപ, റീച്ച് 2 പൂക്കോട്ടുംപാടം മുതല്‍ മൂലേപ്പാടം പാലം വരെ 45 കോടി രൂപ.
ഇത് കൂടാതെ നിലമ്പൂര്‍ ജില്ല ആശുപത്രി ഒ.പി. ബ്ലോക്ക്, കാഷ്യാലിറ്റി, ഡയഗനോസ്റ്റിക് ബ്ലോക്ക് എന്നിവയുടെ നവീകരണം 30 കോടി രൂപ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നു. നിലമ്പൂര്‍ കളത്തിന്‍കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് 60 കോടി രൂപ പ്രോജക്റ്റ് സമര്‍പ്പിച്ചു. മൂത്തേടം പഞ്ചായത്തില്‍ 2.25 കോടി രൂപ ചെലവഴിച്ച് വന്യമൃഗശല്യം തടയുന്നതിന് വനാതിര്‍ത്തികളില്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗ് സ്ഥാപിക്കുന്നു പ്രവൃത്തി ടെന്‍ഡര്‍ ഘട്ടത്തിലാണ്.
(പടം. പി.വി.അന്‍വര്‍ എം.എല്‍.എ)

ആദ്യ കിഫ്ബി റോഡ് കൊണ്ടോട്ടിയില്‍

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ റോഡ് കൊണ്ടോട്ടി മണ്ഡലത്തിലെ കടുങ്ങല്ലൂര്‍ -വിളയില്‍-ചാലിയപ്പുറം റോഡാണ്. കുഴിമണ്ണ പഞ്ചായത്തിലെ ഹാജിയാര്‍ പടിയില്‍ നിന്നു ആരംഭിച്ച് മുതുവല്ലൂര്‍, ചീക്കോട് പഞ്ചായത്തുകളിലൂടെ കടന്നു പോയി എടവണ്ണപ്പാറ ജങ്ഷനിലാണ് റോഡ് അവസാനിക്കുന്നത്. ആകെ 8.2 കിലോമീറ്റര്‍ വരുന്ന ഈ റോഡ് പ്രവൃത്തിക്കുവേണ്ടി ആകെ 16. 4 കോടി രൂപയാണ് ചെലവ്.
മെഡി.കോളജിലെ കാത്ത് ലാബ്

മലപ്പുറത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളില്‍ ഉണ്ടാകുന്ന മാറ്റത്തില്‍ കിഫ്ബിക്കും പങ്കുണ്ട്. ജനറല്‍ ആശുപത്രിയില്‍ എട്ടുകോടി രൂപ ചിലവില്‍ ഹൃദ്രോഗ ചികിത്സയ്ക്കുളള ആധുനിക ചികിത്സാ സംവിധാനമായ കാത്ത് ലാബ് നിര്‍മാണം. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍, സര്‍ക്കാരിന്റ് ബജറ്റ് വിഹിതവും കിഫ്ബിയുടെ സഹകരണത്തോടെയാണ് ഇതിന്റെ നിര്‍മ്മാണം നടന്നത്. വിപ്രോ ആണ് കാത്ത് ലാബ് നിര്‍മ്മാണവും യന്ത്രോപകരണങ്ങള്‍ സ്ഥാപിക്കലും ഏറ്റെടുത്ത് ചെയ്തത്. സംസ്ഥാനത്തെ എല്ലാ ജനറല്‍ ആശുപത്രികളിലും കാത്ത് ലാബ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
പെരിന്തല്‍മണ്ണ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ വരുന്ന ഡയാലിസിസ് സംവിധാനവുമടക്കം കിഫ്ബിയുടെ മുന്‍കൈയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.