2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഖഷോഗി വധത്തിൽ സഊദി നേതൃത്വത്തിനെതിരെ അമേരിക്കൻ റിപ്പോർട്ട്; അമേരിക്കയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കി ബന്ദർ ബിൻ സൽമാൻ രാജകുമാരൻ, വസ്തുനിഷ്ഠമല്ലെന്നും ആരോപണം

അബ്‌ദുസ്സലാം കൂടരഞ്ഞി

     റിയാദ്: സഊദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി വധത്തിന്റെ പേരിൽ സഊദിക്കെതിരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ച അമേരിക്കൻ നടപടി വസ്തുനിഷ്ഠമല്ലെന്നും സഊദിക്കെതിരെ മുൻവിധികൾ, മാനസികവും രാഷ്ട്രീയവുമായ നിലപാടുകൾ എന്നിവയുടെ ദിശയിലാണെന്നും ബന്ദർ ബിൻ സൽമാൻ രാജകുമാരൻ. സ്‌കൈ ന്യൂസ്‌ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് 22 വർഷം അമേരിക്കയിൽ സഊദി അംബാസഡറായി സേവനമനുഷ്ഠിച്ച ബന്ദർ ബിൻ സൽമാൻ രാജകുമാരൻ തുറന്നടിച്ചത്. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കാൻ സഊദി അറേബ്യ ചങ്കൂറ്റം കാണിച്ചിട്ടുണ്ടെന്നും ഇത്തരമൊരു ധീരത ഇറാഖിലെ കുപ്രസിദ്ധമായ അബൂഗരീബ് ജയിലിലെ കൊടും ക്രൂരതകളുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

     സഊദിക്കെതിരെ അമേരിക്ക റിപ്പോർട്ട് പുറത്ത് വിട്ട ശേഷം ആദ്യമായാണ് രാജ കുടുംബങ്ങത്തിലെ ഒരംഗം അമേരിക്കൻ നടപടിക്കെതിരെ ഇത്തരത്തിൽ ശക്തമായി പരസ്യമായി രംഗത്ത് വരുന്നത്. അമേരിക്കൻ റിപ്പോർട്ട് തള്ളി സഊദിക്ക് അനുകൂലമായി അറബ് രാജ്യങ്ങളും അറബ് സഖ്യങ്ങളും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

     ഖശോഗി വധത്തിൽ ധാർമിക ഉത്തരവാദിത്തം സഊദി അറേബ്യ അംഗീകരിച്ചിട്ടുണ്ട്. കേസിലെ പ്രതികളെ വിചാരണ ചെയ്ത് ശിക്ഷിച്ചു. ചില പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ഇരകളുടെ കുടുംബത്തിന്റെ നിലപാടുമായി ബന്ധപ്പെട്ട മറ്റൊരു തലം കൂടിയുള്ളതിനാൽ പ്രതികളുടെ വധശിക്ഷ ലഘൂകരിച്ച് ജീവപര്യന്തം തടവാക്കി മാറ്റാൻ കുടുംബം ആവശ്യപ്പെടുകയും ഇതനുസരിച്ച് ശിക്ഷ ലഘൂകരിക്കുകയും ചെയ്തു. ഖശോഗിയുടെ കുടുബം ഇങ്ങിനെ ആവശ്യപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ പ്രതികൾക്കുള്ള വധശിക്ഷ ഇതിനകം നടപ്പാക്കിയിട്ടുണ്ടാകുമായിരുന്നു.

     രഹസ്യ തടവറകളെന്ന ആശയം അമേരിക്കൻ അധികൃതർ അംഗീകരിച്ച നയമാണ്. എന്നാൽ ഇറാഖിലെ അബൂഗരീബ് ജയിലിൽ സംഭവിച്ചത് അക്കാലത്തെ അധികാരികളുടെ ഉദ്ദേശ്യങ്ങളിൽ നിന്നുള്ള വ്യതിചലനമായിരുന്നു. ക്രിമിനൽ അർഥത്തിൽ അബൂഗരീബിൽ നടന്ന കുറ്റകൃത്യങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റോ അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രിയോ നേരിട്ട് ഉത്തരവാദികളാണോ എന്നും അദ്ദേഹം ചോദിച്ചു. തീർച്ചയായും അല്ല. എന്നാൽ ഖശോഗി വധത്തിൽ എല്ലാ ചങ്കൂറ്റത്തോടെയും സഊദി അറേബ്യ വഹിച്ച അതേ ധാർമിക ഉത്തരവാദിത്തം അമേരിക്കൻ പ്രസിഡന്റിനും പ്രതിരോധ മന്ത്രിക്കുമുണ്ട്. 

    അമേരിക്കൻ സൈനികരെ അമേരിക്കൻ ജുഡീഷ്യറിക്കു മുന്നിലല്ലാതെ, സഖ്യരാജ്യങ്ങളുടെ കോടതികളിൽ പോലും വിചാരണ ചെയ്യുന്നതിനെ എതിർക്കുന്നതിൽ അമേരിക്ക ഉറച്ചുനിൽക്കുന്നു. മറ്റു രാജ്യങ്ങളുടെ നീതിന്യായ സംവിധാനങ്ങളുള്ള വിശ്വാസവും അവിശ്വാസവുമല്ല ഇത്തരമൊരു നിലപാടിന് കാരണം, മറിച്ച്, പരമാധികാരവുമായി ബന്ധപ്പെട്ട പരിഗണനകളെ അടിസ്ഥാനമാക്കിയുള്ളതാണ്. സഊദി അറേബ്യ എപ്പോഴും പരമാധികാര അവകാശത്തിന് അനുസൃതമായും ഒരു രാഷ്ട്രമെന്ന നിലയിലും അന്താരാഷ്ട്ര സമൂഹത്തിലെ നിയമാനുസൃത അംഗമെന്ന നിലയിലും ഏതൊരു രാജ്യവും ചെയ്യുന്നതു പോലെ ഖശോഗി വധത്തിൽ അന്വേഷണവും വിചാരണയും നടത്തിയിട്ടുണ്ട്. സഊദി ജുഡീഷ്യറിക്കു മുന്നിൽ പുതിയ തെളിവുകൾ പ്രത്യക്ഷപ്പെടാത്ത കാലത്തോളം ഖശോഗി വധക്കേസ് അവസാനിച്ചതായാണ് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.