2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചരിത്രം കുറിച്ച് വീണ്ടും ഖദീജ നിസ; സഊദി ദേശീയ ഗെയിംസ് ബാഡ്മിന്റണിൽ സ്വർണമണിഞ്ഞ് മലയാളി പെൺകുട്ടി

റിയാദ്: സഊദി ദേശീയ ഗെയിംസിൽ വീണ്ടും മലയാളിത്തിളക്കം. ബാഡ്മിന്റണിൽ സ്വർണ്ണമെഡൽ നേടിയാണ് ഇക്കുറിയും കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ഖദീജ നിസ ചരിത്രം കുറിച്ചത്. സഊദി ദേശീയ ഗെയിംസിൽ മലയാളി തിളക്കവും ഏറെ ശ്രദ്ധേയമായിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ അൻസൽ ആലപ്പുഴ (റിയാദ് ക്ലബ്ബ്) വെള്ളിയും കോഴിക്കോട് സ്വദേശി ശാമിൽ (റിയാദ് ക്ലബ്ബ്) വെങ്കലവും നേടി. റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളായ ഖദീജ നിസ കഴിഞ്ഞ വർഷവും സ്വർണമണിഞ്ഞ് മലയാളി സമൂഹത്തിനും സഊദിയിലെ ഇന്ത്യൻ പ്രവാസികൾക്കും അഭിമാനമായിരുന്നു.

പത്തു ലക്ഷം റിയാലാണ് ഈയിനത്തിൽ സമ്മാനത്തുക. കഴിഞ്ഞ വർഷവും ഒന്നാം സമ്മാനം നേടി ഖദീജ അതിന് ശേഷവും നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. സഊദിയെ പ്രതിനിധീകരിച്ച് ഏഴ് അന്താരാഷ്ട്ര ടൂർണമെൻറിലാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഖദീജ പങ്കെടുത്തത്.
കഴിഞ്ഞ തവണ അൽ നജ്ദ് ക്ലബിന്റെ ഭാഗമായി കളത്തിലിറങ്ങിയ ഖദീജ ഇത്തവണ റിയാദ് ക്ലബിനുവേണ്ടിയാണ് മത്സരിച്ചത്.

സഊദി അറേബ്യയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ പങ്കെടുക്കാനും മത്സരിക്കാനും അവസരം നൽകുന്നുണ്ട്. അങ്ങനെയാണ് ഖദീജയ്ക്കും ദേശീയ ചാംപ്യനും താരവുമാകാനുള്ള വാതിൽ തുറന്നത്. ഈയടുത്ത് ബഹ്റൈനിൽ നടന്ന 19 വയസ്സിൽ താഴെയുള്ളവരുടെ ജൂനിയർ ഇന്റർ നാഷനൽ ചാംപ്യൻഷിപ്പിലും കൈനിറയെ മെഡലുകളാണ് സഊദിയെ പ്രതിനിധീകരിച്ച് ഖദീജ നിസ നേടിയത്. വ്യക്ത‌തഗത ഇനത്തിലും ഡബിൾസ്, മിക്‌സഡ് ഡബിൾസ് എന്നിവയിലുമാണ് സ്വർണവും വെള്ളിയും ബ്രോൺസും തൂത്തുവാരി മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവച്ചത്.

   

കഴിഞ്ഞ ദേശീയ ഗെയിംസിൽ പങ്കെടുക്കാനെത്തുമ്പോൾ 1200 ലായിരുന്ന ലോക റാങ്ക്. ഇത്തവണ 133-ാം റാങ്ക് നേട്ടവുമായാണ് ഖദീജ നിസ മൽസരത്തിനിറങ്ങിയത്. ഇക്കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏഴോളം രാജ്യാന്തര ടൂർണമെന്റുകളിലായി സഊദിയെ പ്രതിനിധീകരിച്ച് മികച്ചപ്രകടനം നടത്തിയതോടെ റാങ്കിങ് പട്ടികയിൽ ഉയരുകയായിരുന്നു. സഊദിയില്‍ ദേശീയ പരിശീലകനായ അമ്മാർ അവാദിന്റെ കീഴിലാണ് പരിശീലിച്ചത്. ഖസാക്കിസ്ഥാനിൽ നടന്ന ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ ഡബിൾസിൽ മൽസരിച്ച് രാജ്യാന്തരതലത്തിൽ ആദ്യമായി സഊദിക്കായി വിജയം നേടിയതും ഖദീജയുടെ ടീമായിരുന്നു. മെക്സിക്കൻ ചാലഞ്ച്, മാലദീവ്സ്, മൌറീഷ്യസ്, ബഹ്റൈൻ, ഈജിപ്റ്റ്, അൾജീരിയ അടക്കം നിരവധി രാജ്യാന്തര ടൂർണമെന്റുകളിലാണ് സഊദിക്കായി മികച്ച വിജയം നേടിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.