2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കൊവിഡ് രോഗിയുമായി സമ്പര്‍ക്കം: വൈറ്റ് ഹൗസിലെ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ ക്വാറന്റൈനില്‍

 

വാഷിങ്ടണ്‍: കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് വൈറ്റ് ഹൗസിലെ കൊറോണാ വൈറസ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ ക്വാറന്റൈനില്‍ പോയി. സി.ഡി.സി ഡയരക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ്, എഫ്.ഡി.എ കമ്മിഷണര്‍ സ്റ്റീഫല്‍ ഹോന്‍, ആന്റണി ഫോസി എന്നിവരാണ് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്.

അടുത്ത രണ്ടാഴ്ചത്തേക്ക് ഇവര്‍ ടെലിവര്‍ക്കിങ്ങില്‍ ആയിരിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഇവരില്‍ ആരും രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെങ്കിലും മൂവരും 60 വയസ് കഴിഞ്ഞവരാണ്.

കൊവിഡ് പ്രതിരോധ രംഗത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മെല്ലെപ്പോക്കും ഗൗരവക്കുറവും വലിയ ചര്‍ച്ചയായിരിക്കെയാണ് വൈറ്റ് ഹൗസിലെ തന്നെ ഉദ്യോഗസ്ഥര്‍ കൊവിഡ് സംശയത്തിലാവുന്നത്.

ടംപിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രൂക്ഷ വിമര്‍ശവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും രംഗത്തെത്തിയിരുന്നു. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് പരാജയപ്പെട്ടതാണ് രാജ്യം ഇത്ര വലിയ ദുരന്തത്തിലകപ്പെടാന്‍ കാരണമന്നും ഒബാമ കുറ്റപ്പെടുത്തി.

തന്റെ ഭരണകാലത്തെ വൈറ്റ് ഹൗസിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഒബാമയുടെ ആരോപണം. ഒബാമ അലൂംനി അസോസിയേഷനിലെ അംഗങ്ങളുമായി 30 മിനുട്ട് സംഭാഷണമാണ് ഒബാമ നടത്തിയത്. യാഹൂ ന്യൂസാണ് ഒബാമയുടെ വെബ് കോളിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

ഇത്തരത്തിലൊരു ആഗോള പ്രതിസന്ധിയില്‍ രാജ്യത്തിന് ഒരു മികച്ച നേതൃത്വം ആവശ്യമാണെന്നാണ് നിലവിലെ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടിലെ ഏറ്റവും മോശം പ്രതിസന്ധികളിലൂടെ രാജ്യത്തെ നയിക്കുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടു. മഹാമാരിയെ നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം വിട്ടുകൊടുക്കുകയാണ് ട്രംപ് ചെയ്തതെന്നും ഒബാമ ആരോപിച്ചു.

നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ പ്രചരണത്തിന് സഹകരണം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഒബാമ ഇവരുമായി സംസാരിച്ചത്. ട്രംപിനെ നേരിടാന്‍ ഒരുങ്ങുന്ന ജോ ബൈഡന് വേണ്ടി തനിക്കൊപ്പം അണിനിരക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. 1.3 ദശലക്ഷം കോവിഡ് രോഗികളാണ് അമേരിക്കയിലുള്ളത്. 77,000 ത്തിലധികം പേര്‍ മരിക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.