2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സഊദിയിൽ മലയാളിയുടെ കൊലപാതകം; പ്രതികളുടെ വധശിക്ഷ അപ്പീൽ കോടതിയും ശരിവെച്ചു

ദമാം: അഞ്ചു വർഷം മുമ്പ് കിഴക്കൻ സഊദിയിലെ ജുബൈലിൽ മുൻസിപ്പാലിറ്റി മാലിന്യപ്പെട്ടിക്കു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിന്റെ ഘാതകരുടെ വധശിക്ഷ അപ്പീൽ കോടതിയും ശരിവെച്ചു. ജുബൈൽ ക്രിമിനൽ കോടതി നേരത്തെ വിധിച്ച വധ ശിക്ഷ ദമാം അപ്പീൽ കോടതിയാണ് ശരി വെച്ചത്. അപ്പീൽ കോടതിയും വധ ശിക്ഷ ശരി വെച്ചതോടെ പ്രതികൾക്ക് ദയാഹരജി നൽകാനുള്ള അവസരം മാത്രമാണ് ഇനി മുന്നിലുള്ളത്.

അഞ്ചു വർഷം മുമ്പ് ഒരു ചെറിയ പെരുന്നാൾ ദിവസം പുലർച്ചെയാണ് കൊലപാതകം നടന്നത്. സമീറിന്റെ മൃതദേഹം വർക്ക്ഷോപ്പ് മേഖലയിൽ പുതപ്പിൽ മൂടിക്കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നു ദിവസം മുമ്പ് കാണാതായ സമീറിനെ കുറിച്ച് പോലീസും ബന്ധുക്കളും തിരച്ചിൽ നടത്തുന്നതിനിടയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹവാല ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ജുബൈൽ പോലീസിലെ ക്രിമിനൽ കേസ് മേധാവി മേജർ തുർക്കി നാസ്സർ അൽ മുതൈരി, രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റൻ അബ്ദുൽ അസീസ്, ക്യാപ്റ്റൻ ഖാലിദ് അൽ ഹംദി, എന്നിവർ നടത്തിയ ഊർജിതമായ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. ഹവാല പണമിടപാട് നടത്തിയിരുന്ന സമീറിൽനിന്ന് പണം കവരുന്നതിനായി സഊദി യുവാക്കൾ ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പണം കണ്ടെത്താത്തതിനെ തുടർന്ന് മൂന്ന് ദിവസം ബന്ദിയാക്കി മർദിച്ചു. ഇതിനിടയിൽ മരണം സംഭവിച്ചതായാണ് കോടതി കണ്ടെത്തിയത്.

അൽ കോബാറിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂർ എരിയാട് സ്വദേശി നൈസാം സാദിഖ് (നിസാമുദ്ദീൻ), കോഴിക്കോട് കുറ്റിയാടി സ്വദേശി അബ്ദുൽ ഹമീദ് എന്നിവരും സഊദി പൗരന്മാരായ ഹുസൈൻ, അസ് വദ്,ഇദ്രീസ് എന്ന അബുറവാൻ, അലി എന്നിവരുമാണ് പ്രതികൾ. സഊദി കവർച്ചാ സംഘത്തിനു ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത് മലയാളികളായ പ്രതികളായിരുന്നു.

അപ്പീൽ കോടതിയും വധശിക്ഷ ശരിവെച്ചതോടെ സമീറിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ ദയാ ഹരജിക്ക് ഫലമുണ്ടാകൂ. സമീറിൻ്റെ രണ്ട് കുട്ടികളും ചെറിയ പ്രായത്തിലുള്ളവരാണ്. പ്രതികൾക്ക് മാപ്പ് നൽകാൻ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല.. പ്രതികളിൽ പെട്ട നിസാമിൻ്റെ കുടുംബം രാജാവിനടക്കം ദയാഹരജി നൽകാനുള്ള ഒരുക്കത്തിലാണുള്ളത്. എന്നാൽ ഇരയുടെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.