കണ്ണൂര്‍: ഉത്തരമലബാറിന്റെ വാണിജ്യവളര്‍ച്ചയ്ക്കു പ്രതീക്ഷയേകി കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കാര്‍ഗോ സര്‍വിസ് ആരംഭിക്കും. കേരളത്തിലെ ആദ്യ കാര്‍ഗോ വിമാനസര്‍വിസിനാണ് 17ന് തുടക്കമാകുകയെന്ന് ദ്രാവീഡിയന്‍ ഏവിയേഷന്‍ സര്‍വിസ് കമ്പനി എം.ഡി ഉമേഷ് കാമത്ത് പറഞ്ഞു. ചിങ്ങം ഒന്നിന് വൈകിട്ട് നാലിന് ഷാര്‍ജിയിലേക്കാണ് ആദ്യ സര്‍വിസ്.
കാര്‍ഗോ സര്‍വിസിനായി മാത്രം സംവിധാനമൊരുക്കിയ ബോയിങ് 737-700 വിമാനത്തില്‍ 18 ടണ്‍ ഭാരശേഷിയുണ്ട്. 18ന് രാത്രി ഒന്‍പതിന് ദോഹയിലേക്കാണ് അടുത്ത യാത്ര. തുടക്കത്തില്‍ രണ്ടു ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് ചരക്കുനീക്കം നടക്കുക. തുടര്‍ന്ന് യൂറോപ്പ്, ഏഷ്യപസഫിക്ക്, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെക്കും സര്‍വിസ് ആരംഭിക്കും. കൊച്ചി ആസ്ഥാനമായുളള ദ്രാവീഡിയന്‍ ഏവിയേഷന്‍ സര്‍വിസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഓണാഘോഷത്തോടനുബന്ധിച്ച് ഈ മാസം 23 മുതല്‍ 27വരെ അഞ്ച് ദിവസം തുടര്‍ച്ചയായി സര്‍വിസ് നടത്തും. കണ്ണൂരിന്റെ ടൂറിസംമേഖലയുടെ കുതിപ്പിന് ചെറുവിമാനങ്ങള്‍, ഹെലികോപ്റ്റര്‍ എന്നിവയും രണ്ടുഘട്ടമായി ആരംഭിക്കുമെന്ന് ഉമേഷ് കാമത്ത് അറിയിച്ചു.
ജി.എസ്.എ കണ്ണൂര്‍ ഇന്റര്‍ നാഷനല്‍ ഫ്രൈറ്റ് ഫോര്‍വാഡിങ് ആന്‍ഡ് ലോജസ്റ്റിക്സ് കമ്പനി(കിഫാല്‍)യാണ് കാര്‍ഗോ സര്‍വിസിന്റെ കണ്ണൂരിലെ നടത്തിപ്പുകാര്‍. കേരളത്തിലെ ആദ്യ എയര്‍ കാര്‍ഗോ സര്‍വിസ് കണ്ണൂരില്‍ ആരംഭിക്കുന്നതോടെ കൈത്തറി, ഖാദി, കരകൗശലം, വെങ്കലശില്‍പനിര്‍മാണം, മണ്‍പാത്ര നിര്‍മാണം, പായനിര്‍മാണം, മുളയുല്‍പ്പന്നങ്ങള്‍ തുടങ്ങി ഉത്തരമലബാറിന്റെ പരമ്പരാഗത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് വിദേശവിപണി ലഭിക്കാന്‍ സഹായകരമാവുമെന്നും ഉമേഷ് കാമത്ത് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കിയാല്‍ കാര്‍ഗോ വിഭാഗം തവന്‍ ടി.ടി സന്തോഷ്‌കുമാര്‍, കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി സി.അനില്‍കുമാര്‍, പ്രസിഡന്റ് ടി.കെ രമേഷ് കുമാര്‍, സച്ചിന്‍സൂര്യകാന്ത് മഖേച്ച എന്നിവര്‍ പങ്കെടുത്തു.
Comments are closed for this post.