തിരുവനന്തപുരം: ബന്ധത്തില്‍ നിന്ന് വിട്ടു പോകാന്‍ പണം നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്ത കാമുകനെ കാമുകി തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കവര്‍ന്നു. തക്കല സ്വദേശിയായ പ്രവാസി യുവാവ് മുഹ്‌യുദ്ദീന്‍ ആണ് കവര്‍ച്ചയ്ക്കിരയായത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവാവിനെ കാമുകിയും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ കാമുകി ഇന്‍ഷയെ ഉള്‍പ്പെടെ ആറു പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
വിമാനത്താവളത്തിലെത്തിയ മുഹ്‌യുദ്ദീനെ ചിറയിന്‍കീഴിലെ റിസോര്‍ട്ടിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം കെട്ടിയിട്ടായിരുന്നു കവര്‍ച്ച. യുവാവിന്റെ പക്കലുണ്ടായിരുന്ന 15 ലക്ഷം രൂപ, രണ്ടു ഫോണ്‍, സ്വര്‍ണം എന്നിവയാണ് തട്ടിയെടുത്തത്. രണ്ടു ദിവസത്തിനു ശേഷം പ്രതികള്‍ ചേര്‍ന്ന് യുവാവിനെ വിമാനത്താവളത്തിനു മുന്നില്‍ ഉപേക്ഷിച്ചു. പിന്നാലെ യുവാവ് വലിയതുറ പൊലിസില്‍ നല്‍കിയ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്.
മുഹ്‌യുദ്ദീനുമായി പ്രണയത്തിലായിരുന്ന ഇന്‍ഷ, ബന്ധത്തില്‍നിന്ന് വിട്ടുപോകണമെങ്കില്‍ ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു നല്‍കില്ലെന്ന് മുഹ്‌യുദ്ദീന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Comments are closed for this post.