2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മഗ്‌രിബ് നഷ്ടപ്പെടുമോ എന്ന് കരുതി ബോട്ടില്‍ കയറാതെ തിരിച്ചു പോന്നു; ദൈവത്തെ സ്തുതിച്ച് ഓലപ്പീടികയില്‍ നിന്നെത്തിയ അഞ്ചംഗ സംഘം

മഗ്‌രിബ് നഷ്ടപ്പെടുമോ എന്ന് കരുതി ബോട്ടില്‍ കയറാതെ തിരിച്ചു പോന്നു; ദൈവത്തെ സ്തുതിച്ച് ഓലപ്പീടികയില്‍ നിന്നെത്തിയ അഞ്ചംഗ സംഘം

താനൂര്‍: ചിലപ്പോള്‍ ഇങ്ങനേയും സംഭവിക്കും. ഏറെ ആശിച്ചിരിക്കുന്നൊരു കാര്യത്തിന് എല്ലാമൊത്തു വന്നാലും അരുതെന്ന് ഒരു അദൃശ്യകരങ്ങള്‍ നമ്മെ തടയും. വല്ലാത്തൊരു നിരാശയോടെ നാം തിരിച്ചു നടക്കുമ്പോഴായിരിക്കും ആ അദൃശ്യകരങ്ങള്‍ നമ്മെ തിരിച്ചു നടത്തിയത് ജീവിതത്തിലേക്കായിരുന്നുവെന്ന് നാം തിരിച്ചറിയുക. താനൂര്‍ ഓലപ്പീടികയിലെ ഈ ചെറുപ്പക്കാരനും പറയാനുള്ളത് തന്റെ അതിശയകരമായ അനുഭവത്തിന്റെ കഥയാണ്.

‘പെങ്ങളുടെ മക്കളേയും കൂട്ടി ബോട്ടില്‍ കയറണമെന്ന് ഉദ്ദേശിച്ചതായിരുന്നു. ബോട്ടിനടുത്ത് ചെന്ന് നോക്കുകയും ചെയ്തതാണ്. അപ്പോഴാണ് മഗ്‌രിബ് ബാങ്ക് കൊടുത്തത്. നിസ്‌ക്കാരം തെറ്റുമോ എന്ന് കരുതി തിരിച്ചു പോന്നു. ബോട്ടില്‍ കയറമെന്ന് കുട്ടികള്‍ക്ക് ആശയുണ്ടായിരുന്നു. പിന്നീടൊരിക്കലാവാമെന്ന് കരുതി’ പേര് പ്രസിദ്ധീകരിക്കരുതെന്ന ആവശ്യത്തോടെ ആ ചെറുപ്പക്കാരന്‍ സുപ്രഭാതത്തോട് പറഞ്ഞു.

‘സംഭവസ്ഥലത്തു നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരമേയുള്ളു വീട്ടിലേക്ക്. വീട്ടിലെത്തിയ ഉടനെ തന്നെ അറിഞ്ഞു ബോട്ട് മറിഞ്ഞ വിവരം. ശരിക്കും ദൈവം കാത്തതാണ്. നീന്താന്‍ പോലുമറിയില്ല. അല്ലാഹുവിന് സ്തുതി’ ഇനിയും ഞെട്ടല്‍ വിട്ടുമാറാതെ അദ്ദേഹം പറഞ്ഞു. തനിക്കിപ്പോഴും കൈകാലുകളുടെ വിറ വിട്ടു മാറിയിട്ടില്ലെന്നും മരിച്ചവര്‍ക്കും ബന്ധുക്കള്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇല്ലായ്മയുടെ ഒറ്റമുറി വീട്ടില്‍ ഒന്നിച്ചുറങ്ങി വളര്‍ന്നവര്‍…അന്ത്യനിദ്രയും ഒന്നിച്ച്; കുന്നുമ്മല്‍ വീട്ടില്‍ തനിച്ചായി സിറാജും സൈതലവിയും

ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടമുണ്ടായത്. നാല്‍പതിലേറെ ആളുകള്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 22 പേരാണ് അപകടത്തില്‍ മരിച്ചത്. ചികിത്സയില്‍ കഴിയുന്നവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്.

അപകടത്തില്‍ മരിച്ച് പരപ്പനങ്ങാടി കുന്നുമ്മല്‍ വീട്ടില്‍ സൈതലവിയുടെ കുടുംബാംഗങ്ങളെ ഖബറടക്കി. സൈതലവിയുടെ ഭാര്യയും മക്കളും സഹോദരന്റം ഭാര്യയും മക്കളും അടക്കം 11 പേരാണ് ഈ കുടുംബത്തില്‍ നിന്ന് മരിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.