2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘അന്തിമവാദം മാത്രം ബാക്കി നില്‍ക്കേ മഅ്ദനി ബംഗളൂരുവില്‍ തുടരേണ്ടതുണ്ടോ’ കര്‍ണാടക സര്‍ക്കാറിനോട് സുപ്രിം കോടതി

ഇളവുകളാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ഏപ്രില്‍ 13ലേക്ക് മാറ്റി

ന്യൂഡല്‍ഹി: കേരളത്തിലേക്ക് മടങ്ങുന്നതുള്‍പ്പെടെ ജാമ്യ വ്യവസ്ഥയില്‍ ഇളവുകളാവശ്യപ്പെട്ട് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിം കോടതി ഏപ്രില്‍ 13ലേക്ക് മാറ്റി. 

വിചാരണയുടെ അന്തിമവാദം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ മഅ്ദനി ബംഗളൂരുവില്‍ തന്നെ തുടരേണ്ടതിന്റെ ആവശ്യകതയെന്താണെന്ന് വ്യക്തമാക്കണമെന്ന് കോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. നാളിതുവരെ മഅ്ദനി ജാമ്യവ്യവസ്ഥകളൊന്നും തന്നെ ലംഘിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് പ്രശ്‌നമുള്ളതെന്ന് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് അജയ് റസ്‌ത്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍സിബല്‍ ആണ് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. അഡ്വ. ഹാരിസ് ബീരാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ആയുര്‍വേദ ചികിത്സ അനിവാര്യമാണെന്നും പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 

മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതി മഅ്ദനിയുടെ ഹരജി ഏപ്രില്‍ 13ലേക്ക് മാറ്റിവെച്ചത്. കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് സുപ്രിം കോടതിയുടെ അന്വേഷണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്നും ഇതില്‍ കോടതി നീരസം പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

കുറച്ചുനാള്‍ മുന്‍പ് പക്ഷാഘാത ലക്ഷണങ്ങള്‍ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅ്ദനിയെ ബംഗ്ലൂരിലെ ആസ്റ്റര്‍ സി എം ഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് എം ആര്‍ ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയിരിന്നു.ആ പരിശോധനകളില്‍ ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളില്‍ (ഇന്റേണല്‍ കരോട്ടിട് ആര്‍ട്ടറി) രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകള്‍ക്ക് തളര്‍ച്ച, സംസാരശേഷിക്ക് കുറവ് സംഭവിക്കുക തുടങ്ങീ പക്ഷാഘാത ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാന്‍ ഉടന്‍ സര്‍ജറി വേണമെന്നും നിര്‍ദേശിച്ചിരുന്നു.

കേരളത്തിലെ വിവിധ ആശുപത്രികളിലെയും ബാംഗ്ലൂരുവിലെ സൗഖ്യ ഹോസ്പിറ്റല്‍, നാരായണ ഹൃദയാലയ തുടങ്ങി ആശുപത്രികളിലെയും വിദഗ്ദ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ തേടിയെങ്കിലും അവരെല്ലാവരും മഅ്ദനിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടങ്കിലും കിഡ്‌നിയുടെ പ്രവര്‍ത്തനക്ഷമത (ക്രിയാറ്റിന്റെ അളവ് കൂടിയ സ്ഥിതി) വളരെ കുറഞ്ഞ സാഹചര്യത്തില്‍ ശസ്ത്രക്രിയക്ക് വിധേയമാകുക എന്നത് അതീവ സങ്കീര്‍ണമായിരിക്കും എന്നാണ് ഡോക്ടര്‍മാരുടെയും അഭിപ്രായം.സര്‍ജറിക്കും അതിന് മുമ്പുള്ളപരിശോധനകള്‍ക്കും വേണ്ടി നല്കപ്പെടുന്ന ഡൈ ഇന്‍ജക്ഷനുകള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനക്ഷമത കുറവായ കിഡ്‌നിയുടെ പ്രവര്‍ത്തനം നിശ്ചലമാകുമെന്ന സാഹചര്യം ഉണ്ടായേക്കാം എന്ന ഉപദേശമാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അടിയന്തിരമായി സുപ്രിം കോടതിയെ സമീപിച്ചത്.

ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅ്ദനിക്കെതിരെ വിചാരണ നടക്കുന്നത്. കേസില്‍ നിലവില്‍ ഉപാധികളോടെ ജാമ്യത്തില്‍ കഴിയുകയാണ് അദ്ദേഹം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.