2023 March 31 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ദേശീയപാതയുടെ പുറത്തുള്ള കേരളത്തിലെ മന്ത്രിമാരുടെ ‘തള്ള്’ അവസാനിപ്പിക്കണം: കേന്ദ്രമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാര്‍ ദേശീയപാതയുടെ പുറത്തുള്ള ‘തള്ള്’ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. തൃശൂര്‍ പാലക്കാട് ദേശീയപാതയ്ക്ക് ‘ന്യൂയോര്‍ക്കിലെ റോഡിനെക്കാള്‍ നിലവാരമുണ്ടെന്ന്’ പറഞ്ഞ പ്രവാസി മലയാളിയോട് എല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിവെന്ന് മുഖ്യമന്ത്രി പറയേണ്ടന്നും അദേഹം പറഞ്ഞു.

‘ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു എന്ന് തവളച്ചാര് പറഞ്ഞത് പോലെ’യാണ് ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് കേരളത്തിലെ മന്ത്രിമാര്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 2005ല്‍ പ്രഖ്യാപിച്ച തൃശൂര്‍ മണ്ണുത്തി-പാലക്കാട് ദേശീയപാത പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പൂര്‍ത്തിയായത്. നഷ്ടപ്പെടുത്തിയ പതിനേഴു വര്‍ഷങ്ങള്‍ക്ക് മാറി മാറി കേരളം ഭരിച്ചവര്‍ ജനങ്ങളോട് മാപ്പുപറയുകയാണ് വേണ്ടതെന്നും വി. മുരളീധരന്‍ പറഞ്ഞു.

 

 

 

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തൃശൂര്‍ പാലക്കാട് ദേശീയപാതയ്ക്ക് ‘ന്യൂയോര്‍ക്കിലെ റോഡിനെക്കാള്‍ നിലവാരമുണ്ടെന്ന്’ പറഞ്ഞ പ്രവാസി മലയാളിയോട് എല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിവ് എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് നല്ല നമസ്‌കാരം! ‘ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു എന്ന് തവളച്ചാര് പറഞ്ഞത് പോലെ’യാണ് ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് കേരളത്തിലെ മന്ത്രിമാര്‍ നടത്തുന്ന പ്രസ്താവനകള്‍..! 2005ല്‍ പ്രഖ്യാപിച്ച തൃശൂര്‍ മണ്ണുത്തിപാലക്കാട് ദേശീയപാത പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പൂര്‍ത്തിയായത് ! നഷ്ടപ്പെടുത്തിയ പതിനേഴു വര്‍ഷങ്ങള്‍ക്ക് മാറി മാറി കേരളം ഭരിച്ചവര്‍ ജനങ്ങളോട് മാപ്പുപറയുകയാണ് വേണ്ടത്..

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലായ അടല്‍ ടണല്‍ പൂര്‍ത്തിയാക്കിയ എന്‍ഡിഎ സര്‍ക്കാരുകളുടെ ഇച്ഛാശക്തി രാജ്യം കണ്ടതാണ്.. ലേമണാലി ദേശീയപാതയില്‍ 9 കിലോമീറ്റര്‍ ടണല്‍ 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ് എട്ടു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കുതിരാനില്‍ 940 മീറ്റര്‍ പണിയാനെടുത്തത് 17 വര്‍ഷം! 2002ല്‍ ലേ മണാലി പാതയില്‍ ആദരണീയനായ എ.ബി വാജ്‌പേയ്ജി തറക്കല്ലിട്ട ടണല്‍ 10 വര്‍ഷത്തെ യുപിഎ ഭരണകാലത്ത് അവഗണിക്കപ്പെട്ടതായിരുന്നു. എന്നാല്‍ നരേന്ദ്രമോദി ജിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയതോടെ ഹിമാലയന്‍ മലനിരകളില്‍ അടല്‍ ടണല്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

കേരളം ഭരിക്കുന്ന മുന്നണികളും ദേശീയ ജനാധിപത്യ സഖ്യവും തമ്മില്‍ വികസനകാര്യത്തിലെ നിലപാടുകളുടെ അന്തരവും ഇത് വ്യക്തമാക്കുന്നു. നയവൈകല്യങ്ങളും കെടുകാര്യസ്ഥതയും മൂലം ദേശീയപാത അതോറിറ്റിയെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയിട്ടുള്ളത് എല്‍ഡിഎഫും യുഡിഎഫുമാണ്. ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുത്തു നല്‍കുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മറ്റൊരു കല്ലുവച്ച നുണ..

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.