2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘കക്കൂസില്‍ പോകാത്തത് നാളുകളായി, മൂത്രമൊഴിക്കുന്നത് ബോട്ടിലില്‍, കട്ടിലില്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണ്’- സിദ്ദിഖ് കാപ്പന് ആശുപത്രിയില്‍ അതിക്രൂര പീഡനം

   

കോഴിക്കോട്: കള്ളകേസില്‍ കുടുക്കി യോഗി സര്‍ക്കാര്‍ തടവിലാക്കിയ മലയാളി മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന് കൊവിഡ് ചികിത്സക്കായി പ്രവേശിക്കപ്പെട്ട ആശുപത്രിയില്‍ അതിക്രൂര പീഡനം. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുകയാണ് ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്.

കൊവിഡ് ബാധിതനായി ജയിലില്‍ തളര്‍ന്നുവീണതിനെ തുടര്‍ന്ന് മഥുര ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിദ്ദീഖ് മറ്റൊരാളുടെ ഫോണില്‍ സംസാരിക്കവെ ഭാര്യ റൈഹാനത്തിനെ അറിയിച്ചതാണ് ഇക്കാര്യം.

തീരെ അവശനായ സിദ്ദീഖിനെ ആശുപത്രിയിലെ കട്ടിലില്‍ ഇരുമ്പു ചങ്ങലകളാല്‍ കെട്ടിയിട്ടിരിക്കുകയാണെന്ന് റൈഹാനത്ത് പറയുന്നു. മൂത്രമൊഴിക്കാനായി ഒരു ബോട്ടില്‍ നല്‍കി. കക്കൂസില്‍ പോകാന്‍ അനുവദിക്കുന്നില്ല. ആശുപത്രിയിലെത്തി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇരുവരെ കക്കൂസില്‍ പോകാന്‍ ചങ്ങലയില്‍ നിന്നും മോചിപ്പിച്ചിട്ടില്ല. എങ്ങിനെയെങ്കിലും ജയിലിലേക്കെത്തിയാല്‍ മതിയെന്നും ആശുപത്രിയിലെ പീഡനം സഹിക്കാനാവുന്നില്ലെന്നും സിദ്ദീഖ് പറഞ്ഞതായി റൈഹാനത്ത് അറിയിച്ചു.

സിദ്ദീഖ് കാപ്പന്റെ ജീവന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തിന് ജയിലില്‍ നാലു ദിവസമായി ഭക്ഷണമോ, കക്കൂസില്‍ പോകാനുള്ള സൗകര്യമോ നല്‍കുന്നില്ലെന്നും അതിനാല്‍ മഥുര മെഡിക്കല്‍ കോളെജില്‍ നിന്നും ജയിലിലേക്കു തന്നെ തിരികെ അയക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രിംകോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ വില്‍സ് മാത്യു മുഖേനയാണ് ഹരജി നല്‍കിയത്.

നേരത്തെയും സിദ്ദീഖിന്റെ ആരോഗ്യത്തിനു ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് വിദഗ്ധ ചികില്‍സക്കായി അദ്ദേഹത്തെ ന്യൂഡല്‍ഹി എയിംസിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ വില്‍സ് മാത്യു മുഖേന കേരള പത്രപ്രവര്‍ത്തക യൂണിയനും സിദ്ദീഖിന്റെ ഭാര്യയും സുപ്രിം കോടതിയില്‍ അടിയന്തിര ഹരജി സമര്‍പ്പിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.