2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘വിജേഷ് പിള്ള എന്നൊരാളെ അറിയില്ല കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ല’ സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം.വി ഗോവിന്ദന്‍


സ്വപ്‌നക്കെതിരെ നിയമ നടപടിയെടുക്കും

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിജേഷ് പിള്ള എന്നൊരാളെ തനിക്ക് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ജില്ലയില്‍ പിളഅളമാരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വപ്‌നക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം അവര്‍ക്ക് എന്തൊക്കെയാണ് തെളിവായി വിശദീകരിക്കാനുള്ളത്, എന്തൊക്കെയാണോ പുറത്തു വിടാനുള്ളത് അതൊക്കെ പുറത്തു വിടട്ടെ എന്നും കൂട്ടിച്ചേര്‍ത്തു.

തുടക്കത്തില്‍ തന്നെ പൊട്ടിയ തിരക്കഥ.തിരക്കഥ തയ്യാറാക്കുമ്പോള്‍ അതിന് പറ്റിയ രീതിയില്‍ ശക്തമായ തിരക്കഥ തയ്യാറാക്കണം. വിജയന്‍ പിള്ള എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. സുരേന്ദ്രന്‍ ചോദിച്ചില്ലേ നട്ടെല്ലുണ്ടോ എന്ന്. നല്ല ശക്തമായ നട്ടെല്ലുണ്ട്. നിങ്ങള്‍ എന്ത് കഥയുണ്ടാക്കിയാലും അതൊന്നും ഏശില്ല. ജനങ്ങള്‍ക്കെല്ലാം മനസ്സിലാവും. നിങ്ങളുദ്ദേശിച്ചതൊന്നും നടക്കില്ല. ജാഥ കൂടുതല്‍ ഗംഭീരമാകുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

സ്വപ്‌നയുടെ ആരോപണങ്ങള്‍ക്കു പിന്നില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. ആരോപണം നിയമപരമായി നേരിടും. ജാഥയെ ആര്‍ക്കും തകര്‍ക്കാനാവില്ല. ആരോപണങ്ങളില്‍ തളരില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കഴിഞ്ഞ ദിവസം ഫേസ് ബുക്ക് ലൈവില്‍ പുതിയ ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉള്ള ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സ്വപ്നയെ കൊല്ലുമെന്ന് ഇടനിലക്കാരന്‍ വഴി എംവി ഗോവിന്ദന്‍ ഭീഷണിപ്പെടുത്തി എന്നായിരുന്നു സ്വപ്നയുടെ ആരോപണം.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഇടനിലക്കാരന്‍ സമീപിച്ചെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. വിജയിപ്പിള്ള എന്ന കണ്ണൂര്‍ സ്വദേശിയാണ് താനുമായി സംസാരിച്ചത്. ഇയാള്‍ 30 കോടി ഓഫര്‍ ചെയ്‌തെന്നും വല്ല ഹരിയാനയിലെ ജയ്പൂരിലോ പോയി ജീവിക്കണമെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ പറഞ്ഞതടക്കം പിന്‍വലിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായും സ്വപ്ന പറയുന്നു.

ഒത്തുതീര്‍പ്പിന് വിസമ്മതിച്ചാല്‍ തന്നെ അവസാനിപ്പിക്കും എന്ന രീതിയിലാണ് ഇദ്ദേഹം സംസാരിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിര്‍ദ്ദേശപ്രകാരമാണ് വന്നതെന്ന് ഇദ്ദേഹം പറഞ്ഞതായും സ്വപ്ന പറയുന്നു.

അതേസമയം, വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് താന്‍ സ്വപ്നയെ കണ്ടതെന്നാണ് ആരോപണങ്ങലിലെ ‘ഇടനിലക്കാരന്‍’ വിജേഷ് പിള്ള പറയുന്നത്.

ബിസിനസ് കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അവരാണ് സംസാരിച്ചത്. രാഷ്ട്രീയപരമായി ആ കൂടിക്കാഴ്ചക്ക് ഒരു ബന്ധമില്ല. സ്വപ്നയുടെ ആരോപണങ്ങള്‍ അവര്‍ തന്നെ തെളിയിക്കട്ടെ. ഞങ്ങള്‍ സംസാരിച്ചതിന്റെ റെക്കോര്‍ഡ് ഉണ്ടെങ്കില്‍ അവരത് പുറത്ത് വിടട്ടെ- വിജേഷ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.