2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലഹരിക്കയത്തില്‍ നിന്ന് മഹേഷും ഫിലിപ്പും കരകയറ്റിയത് 700 പേരെ

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം

എന്‍.സി ഷെരീഫ്

ലഹരിക്കയത്തില്‍ നിന്ന് മഹേഷും ഫിലിപ്പും കരകയറ്റിയത് 700 പേരെ

മഞ്ചേരി: ലഹരിയുടെ ആഴക്കയത്തില്‍ അകപ്പെട്ട പിതാവിനെ കരകയറ്റാനുള്ള മഹേഷിന്റെ ആദ്യ ദൗത്യം തന്നെ വിജയം കാണുകയായിരുന്നു. ഇതേത്തുടര്‍ന്ന് കുടുംബത്തില്‍ സന്തോഷം വിരുന്നെത്തിയെങ്കിലും ലഹരിക്കെതിരായ പോരാട്ടം അവസാനിപ്പിക്കാന്‍ മഹേഷ് തയാറായില്ല… മദ്യപാനം തന്റെ ജീവിതത്തില്‍ ഇരുട്ടുപരത്തുകയാണെന്ന ബോധ്യമാണ് ഫിലിപ്പിന് പുതുവഴി കാണിച്ചത്. പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എ.എസ്.ഐയായ മമ്പാട് പുള്ളിപ്പാടം സ്വദേശി ഫിലിപ്പ് മമ്പാടും അകമ്പാടം കെ.എസ്.ഇ.ബി ഓഫിസ് ജീവനക്കാരനായ എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി മഹേഷ് ചിത്രവര്‍ണവും ജീവിതാനുഭവങ്ങളുമായി ലഹരിക്കെതിരേ ഒന്നിച്ച് പോരാടുകയാണ്. ഇവരുടെ പ്രവര്‍ത്തനംമൂലം ഇതുവരെ ലഹരിയില്‍ നിന്ന് മോചിതരായത് 700 പേരാണ്.

ലഹരിക്കെതിരായ ഇവരുടെ പ്രതിരോധം ഇതിനകം 3000 വേദികള്‍ പിന്നിട്ടു. മഹേഷ് ചിത്രവര്‍ണം ലഹരിക്കെതിരായ പോരാട്ടം കാന്‍വാസിലൂടെ നടത്തുമ്പോള്‍ ഫിലിപ്പ് വാഗ്‌ധോരണികൊണ്ട് പോരാടുകയാണ്. 16 വര്‍ഷമായി ഇരുവരും ലഹരിക്കെതിരേ ഒന്നിച്ചിട്ട്. മദ്യപിച്ചു വീട്ടിലെത്തിയിരുന്ന പിതാവിന്റെ പഴയകാലം മഹേഷിന്റെ ഓര്‍മയിലുണ്ട്. ഇളംപ്രായത്തിലെ ആ കാഴ്ചകള്‍ തന്നെയാണ് ലഹരിക്കെതിരേ നീങ്ങാന്‍ പ്രേരിപ്പിച്ചതും. ഫിലിപ്പ് എന്ന പൊലിസുകാരന്‍ മദ്യപാനം മതിയാക്കി ലഹരിക്കെതിരേ കര്‍മരംഗത്തിറങ്ങിയത് കറുത്തിരുണ്ട ജീവിതത്തിന് അറുതിവരുത്തണമെന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു. പൊലിസില്‍ ജോലി ലഭിക്കുന്നതുവരെ ലഹരി ഉപയോഗിച്ചിരുന്ന ഫിലിപ്പ് പിന്നീട് ബോധവല്‍ക്കരണ ക്ലാസുകളിലൂടെയാണ് ശ്രദ്ധേയനായത്. ഒരേ ലക്ഷ്യത്തിനായി ഇരുവഴികളിലായി സഞ്ചരിച്ചിരുന്നവര്‍ കൂട്ടുകൂടിയതോടെയാണ് വാക്കും വരയും സമന്വയിച്ചത്. പിന്നീട് വേദികളില്‍നിന്നു വേദികളിലേക്കുള്ള യാത്രയായി.

സ്‌കൂളുകള്‍, കോളജുകള്‍, സമ്മേളന നഗരികള്‍ എന്നിങ്ങനെ നാലാള്‍ കൂടുന്നിടത്തെല്ലാം ലഹരിയെന്ന വിപത്തിനെ വരച്ചുകാണിക്കാന്‍ ഇവര്‍ ഓടിയെത്തിയതോടെ ഒത്തിരി കുടുംബങ്ങളില്‍ സമാധാനത്തിന്റെ തിരിതെളിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റേതടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇരുവരെയും തേടിയെത്തിയിട്ടുണ്ട്. സമാധാനത്തോടെ ജീവിക്കുന്ന 700 കുടുംബങ്ങളാണ് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമെന്ന് ഇരുവരും പറയുന്നു.

ചേര്‍ത്തുനിര്‍ത്തിയ രസതന്ത്രം..!
ലഹരി ഉപയോഗിക്കുന്നവരെ തള്ളിപ്പറയാതെ ചേര്‍ത്തുനിര്‍ത്തിയായിരുന്നു ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍. ലഹരിക്ക് അടിമപ്പെട്ടവരെ ലഹരിവിരുദ്ധ ക്ലാസുകളിലെത്തിക്കുകയും അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരം നല്‍കുകയും ചെയ്യും. പിന്നീട് ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ച് പരിചരണവും ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ്ങും നല്‍കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.