മലപ്പുറം: മലപ്പുറത്തുകാരന്‍ കുഞ്ഞിമുഹമ്മദ് അങ്ങ് കൊല്ലത്തുള്ളൊരു നാസറിനേയും അന്വേഷിച്ച് അലയാന്‍ തുടങ്ങിയിട്ട് ആണ്ടുകളേറെയായി. ഒരു ലക്ഷ്യം മാത്രമാണ് മനസ്സില്‍. 21 വര്‍ഷം മുമ്പ് ആകെ പ്രയാസപ്പെട്ടു നിന്നിരുന്ന ഒരു സമയത്ത് മനസ്സറിഞ്ഞു നല്‍കിയ പണം തിരിച്ചു നല്‍കണം. എന്നിട്ട് ഒന്ന് കെട്ടിപ്പിടിക്കണം. അന്ന് കിട്ടിയ ആ ആയിരം റിയാല്‍ തനിക്കേകിയ ആയുഷ്‌ക്കാല സന്തോഷത്തിന്റെ കഥകള്‍ പറയണം.
റിയാദിലെ മന്‍ഫുഹ സൂഖില്‍ സൂപ്പര്‍ മാര്‍ക്കറ്റും മീന്‍കടയും നടത്തിയിരുന്ന നാസറിക്ക. കൊല്ലം സ്വദേശം. ഇത് മാത്രമാണ് കയ്യിലുള്ള വിവരം.വര്‍ഷങ്ങളായി ഈ വിലാസക്കാരനെ തേടി നടക്കുന്ന മുന്‍ പ്രവാസിയായ മലപ്പുറം പാങ്ങ് ചേണ്ടി പാറോളി കുഞ്ഞിമുഹമ്മദിന്റെ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമമാണ് പങ്കുവെച്ചത്.പല വഴിയില്‍ അന്വേഷിച്ചു. കണ്ടെത്താനായില്ല. ഈ വാര്‍ത്ത കണ്ടെങ്കിലും നാസറിക്ക തന്നെത്തേടിയെത്തുമെന്നാണു കുഞ്ഞിമുഹമ്മദിന്റെ പ്രതീക്ഷയെന്നും വാര്‍ത്തയില്‍ പറയുന്നു.
2002ല്‍ ആയിരുന്നു സംഭവം. മന്‍ഫുഹയിലെ അല്‍ ഈമാന്‍ ആശുപത്രിയിലെ ഡ്രൈവറാണ് അന്ന് കുഞ്ഞിമുഹമ്മദ്. മൂത്തമകളുടെ വിവാഹം നിശ്ചയിച്ചപ്പോള്‍ പണം അത്യാവശ്യമായി വന്നു. നാസറിനോട് കടം ചോദിച്ചു. മീന്‍ വിറ്റു കിട്ടിയ പണത്തില്‍ നിന്ന് 1000 റിയാല്‍ അപ്പോള്‍ തന്നെ നല്‍കി. രണ്ടോ മൂന്നോ മാസമാണ് പിന്നീട് ഇരുവരും അവിടെയുണ്ടായിരുന്നത്. കെട്ടിടങ്ങള്‍ നഗരസഭാ അധികൃതര്‍ പൊളിച്ചു മാറ്റിയതോടെ രണ്ടു പേര്‍ക്കും മന്‍ഫുഹയില്‍ നിന്നു മാറേണ്ടി വന്നു.
ആശുപത്രിയുടെ ജിദ്ദ ബ്രാഞ്ചിലേക്കാണ് കുഞ്ഞി മുഹമ്മദ് മാറിയത്. നാസറിനെ പിന്നെ കണ്ടിട്ടില്ല. കയ്യില്‍ പണം ഒത്തു വന്നപ്പോള്‍ കടം വീട്ടാനായി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 2018ല്‍ പ്രവാസം മതിയാക്കി നാട്ടിലെത്തിയ കുഞ്ഞിമുഹമ്മദ് ഇപ്പോള്‍ ഓട്ടോ ഡ്രൈവറാണ്. ആ പണം അദ്ദേഹം അവിടെ മാറ്റി വെച്ചിട്ടുണ്ട്. എന്നെങ്കിലും നാസറിനെ കാണുമ്പോള്‍ നല്‍കാന്‍. 1000 സൗദി റിയാലിന്റെ നിലവിലെ മൂല്യം 21,000 രൂപയാണ്. പണത്തിന്റെ മൂല്യമല്ല, വലിയ പ്രതിസന്ധി ഘട്ടത്തില്‍ അത് ഇടംവലം നോക്കാതെ തനിക്ക് എടുത്ത് നല്‍കിയ ആ മനുഷ്യന്റെ മൂല്യത്തോളം വരില്ല അത്. ആ വലിയ മനുഷ്യനെ ഒരിക്കല്‍കൂടി കാണണമെനിക്ക്…അണച്ചുപിടിച്ച് ഒരു മുത്തം നല്‍കണം. വര്‍ഷങ്ങളോളം കാത്തുവെച്ച നന്ദിയൂറുന്ന ഒരു മുത്തം. നാസര്‍ വീണ്ടും വീണ്ടും പറയുന്നു.
Comments are closed for this post.