2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിടവാങ്ങിയത് മലയാളത്തിന്റെ വിപ്ലവനായിക

തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ദീര്‍ഘമായ ഒരധ്യായത്തിനാണ് ഇന്ന് അന്ത്യമായിരിക്കുന്നത്. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോട് ചേര്‍ത്തു പറയേണ്ട പേര്. സംസ്ഥാനം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരികളിലൊരാള്‍. കേരളീയ സമൂഹ്യജീവിതത്തിന്റെ ഗതി മാറ്റിയ നിരവധി ഭരണപരിഷ്‌കാരങ്ങളുടെ ശില്‍പി. എല്ലാറ്റിലുമുപരി ജീവിതം തന്നെ സമരമാക്കി മാറ്റിയ പോരാളി. അങ്ങനെ വിശേഷണങ്ങള്‍ അനവധിയുണ്ട് കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെന്ന കെആര്‍ ഗൗരിയമ്മക്ക്.

നിയമം പഠിച്ച് വക്കീലായി, പിന്നെ രാഷ്ട്രീയത്തിലിറങ്ങി പകരം വെക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു അവര്‍ കേരള രാഷ്ട്രീയത്തില്‍. ഇരുപത്തിയെട്ടാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി, ഒളിവു ജീവിതം, ജയില്‍വാസം കൊടിയപീഡന വഴിത്താരകള്‍ താണ്ടിയാണ് ഗൗരിയമ്മ ചരിത്രത്തില്‍ തന്റെ ഇടമുറപ്പിച്ചത്.

ജനനം കര്‍ഷക പോരാട്ടങ്ങളുടെ ഭൂമിയില്‍

കര്‍ഷക പോരാട്ടങ്ങളുടെ സമരഭൂമിയായ ആലപ്പുഴയില്‍ 1919 ജൂലൈയില്‍ ആയിരുന്നു ഗൗരിയമ്മയുടെ ജനനം. കളത്തിപ്പറമ്പില്‍ രാമന്റെയും പാര്‍വതിയുടെയും രണ്ടാമത്തെ മകള്‍.

അച്ഛന്‍ ആരംഭിച്ച ഏകാംഗ വിദ്യാലയത്തിലും തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും ചേര്‍ത്തലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്റ് തെരാസേസിലും ഉപരിപഠനം. തിരുവനന്തപുരം ലോ കോളജില്‍ നിന്ന് നിയമ ബിരുദം.

ജ്യേഷ്ഠ സഹോദരന്‍ സുകുമാരന്റെ സ്വാധീനത്താല്‍ രാഷ്ട്രീയത്തിലേക്ക്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് സജീവരാഷ്ട്രീയത്തിലെത്തിയത്. അതിനിടക്ക് ഈഴവ സമുദായത്തിലെ ആദ്യ വനിതാ വക്കീലായി ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസും ആരംഭിച്ചു.

തിരുവിതാംകൂര്‍ ദിവാന്‍ സി.പി രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധവും പുന്നപ്രവയലാര്‍ സമരവുമാണ് സജീവ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിച്ചത്. പിന്നീട്ടങ്ങോട്ട് പോരാട്ടങ്ങളുടെ നാളുകള്‍.
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനം ദുഷ്‌കരമായ കാലം. നിരന്തരമായ പൊലിസ് വേട്ടയും ഭൂപ്രമാണിമാരുടെ കൊടിയ മര്‍ദനവും. ലാത്തിക്ക് പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ തനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്ന ഗൗരിയമ്മയുടെ ആ ഒരൊറ്റ വാചകം മതി അവര്‍ നേരിട്ട കൊടിയ പീഡനങ്ങളുടെ ക്രൂരതയളക്കാന്‍.

തിരുവിതാംകൂര്‍ നിയമസഭാംഗത്വത്തില്‍ തുടങ്ങി

1953ലെ തിരുവിതാംകൂര്‍ നിയമസഭാംഗത്വമാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ തുടക്കം. തൊട്ടടുത്ത വര്‍ഷം തിരു-കൊച്ചി നിയമസഭയിലെത്തി. 1956ല്‍ ഐക്യകേരളത്തിന്റെ ആദ്യമന്ത്രിസഭയില്‍ അംഗമായി. 1957ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ വകുപ്പുമന്ത്രിയുമായി. ഇക്കാലത്താണ് കേരളത്തിന്റെ ജാതകം തിരുത്തിയ കേരള കാര്‍ഷിക പരിഷ്‌കരണ നിയമവും ഭൂമി പതിച്ചുകൊടുക്കല്‍ നിയമവും നിയമസഭയില്‍ അവതരിപ്പിച്ചതും പാസ്സാക്കിയതും.

ആരെയും അത്ഭുതപ്പെടുത്തുന്ന രാഷ്ട്രീയ നേട്ടങ്ങളുടെ ഉടമ കൂടിയാണ് ഗൗരിയമ്മ. അഞ്ചാം നിയമസഭയൊഴികെ ആദ്യ നിയമസഭ മുതല്‍ പതിനൊന്നാം നിയമസഭ വരെ എല്ലാ സഭകളിലും ഗൗരിയമ്മയുണ്ടായിരുന്നു. 2006ല്‍ അരൂരില്‍ എഎം ആരിഫിനോട് പരാജയപ്പെട്ടു. 12 തവണ നിയമസഭയിലേക്ക് മത്സരിച്ചതില്‍ രണ്ടാമത്തെ തോല്‍വി.

അഞ്ച് തവണ മന്ത്രിയായി. റവന്യൂവിനു പുറമേ വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു.

കേരം തിങ്ങും കേരളനാട്, കെആര്‍ ഗൗരി ഭരിച്ചില്ല

ജീവിതയാത്രയിലുടനീളം ഒരു പോരാളിയായിരുന്നു ഗൗരിയമ്മ. പാര്‍ട്ടിക്ക് വേണ്ടിയും പാര്‍ട്ടിക്കുള്ളിലും അവര്‍ ഒരു പോലെ പൊരുതി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പോടെ കുടുംബജീവിതം വരെ ഉപേക്ഷിച്ചു.

എന്നാല്‍ പുരുഷാധിപത്യ രാഷ്ട്രീയത്തിന് അവരുടെ നിലപാടുകള്‍ പലപ്പോഴും കണ്ണിലെ കരടായിരുന്നു എന്നും. അതുകൊണ്ടു തന്നെ അര്‍ഹതപ്പെട്ട പലതും അവരില്‍ നിന്ന് തട്ടിമാറ്റപ്പെട്ടു. കേരം തിങ്ങും കേരളനാട്, കെആര്‍ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം വെറും മുദ്രാവാക്യമായി ഒതുങ്ങി.

പാര്‍ട്ടിക്ക് പുറത്തേുള്ള വഴിയൊരുക്കിയതും നിലപാടിലെ കാര്‍ക്കശ്യം
നിലപാടിലെ കാര്‍ക്കശ്യം അവര്‍ക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കി. 1994ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ഗൗരിയമ്മയെ സിപിഎം പുറത്താക്കി. തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി(ജെഎസ്എസ്) രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്നു. 2001ലെ എകെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ അംഗമായി. പിന്നീട് യുഡിഎഫുമായി അകന്നു. ഇതിനിടയില്‍ ജെഎസ്എസും പല തവണ പിളര്‍ന്നു. പ്രായത്തിന്റെ പരിമിതികള്‍ ഗൗരിയെ തളര്‍ത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം യുഡിഎഫില്‍നിന്ന് പുറത്തേക്ക് നടന്നു. അവസാനം സിപിഎമ്മിന്റെ തണലില്‍ തന്നെ അവര്‍ അഭയം തേടി.

അണയില്ല ആ തിരിനാളം
‘മീന്‍ വെള്ളത്തില്‍ കഴിയുന്നത് പോലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കണം’.എന്നാണ് ഗൗരിയമ്മ പറഞ്ഞിരുന്നത്. മക്കളില്ലാത്ത ഗൗരിയമ്മക്ക് പാര്‍ട്ടിയും സഹ ജീവികളും ആയിരുന്നു എല്ലാം. സഖാക്കള്‍ക്കും സഹജീവികള്‍ക്കും അവര്‍ അങ്ങനെ അമ്മയുമായി. സംഘാടന മികവും ഭരണസാമര്‍ഥ്യവും രാഷ്ട്രീയ നിശ്ചയധാര്‍ഢ്യവുമായിരുന്നു ഗൗരിയമ്മയുടെ കൈമുതല്‍. ആ വിപ്ലവനായികയുടെ കരുത്തും കനലും തിരിച്ചറിയാന്‍ പക്ഷേ ഇടതുപക്ഷ രാഷ്ട്രീയത്തിനായില്ല.

അസാധാരണമായ മനക്കരുത്തും അക്ഷീണമായ ലക്ഷ്യബോധവുമായിരുന്നു കെ.ആര്‍ ഗൗരിയെ മലയാളികളുടെ ഗൗരിയമ്മയാക്കിയത്. തടസങ്ങളെ തട്ടിമാറ്റിയും സാധ്യതകളെ അവസരമാക്കിയും അവര്‍ കേരള രാഷ്ട്രീയത്തിന്റെ മുന്നില്‍ നടന്നു. ഒരു ജനതയെ നയിക്കാന്‍ കാണിച്ച ചുവടുറപ്പിപ്പിന് പിന്‍ കാലത്തും അവരോളം പോന്ന മാതൃകകള്‍ ഇല്ല. അങ്ങിനെ സമാനതകളില്ലാത്ത ഒരു യുഗത്തിന് തന്നെ അന്ത്യമാവുമ്പോഴും അവര്‍ കൊളുത്തിവെച്ച തീപ്പന്തം ജ്വലിച്ചുകൊണ്ടേയിരിക്കും. കേരള രാഷ്ട്രീയത്തിലെ അണയാവെളിച്ചമായി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.