2023 April 01 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൊച്ചിയില്‍ ആശങ്ക ‘പുകയുന്നു’; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

  •  അടിയന്തര യോഗം വിളിച്ചു

കൊച്ചി: പൂര്‍ണമായും പുക വിട്ടൊഴിയാതെ കെച്ചി. അതോടൊപ്പം ആരോഗ്യപരമായ ഒത്തിരി പ്രശാനങ്ങളുടെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍.

കൊവിഡിന് ശേഷം പല വിധ ആരോഗ്യപ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ പ്രതിസന്ധി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. മുതിര്‍ന്നവരും,കുട്ടികളും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുള്ളവരും അതീവ കരുതലെടുക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. മാസ്‌ക് ധരിച്ച് മാത്രം പുറത്തിറങ്ങേണ്ട അന്തരീക്ഷ അവസ്ഥയാണ് കൊച്ചി നഗരത്തില്‍ പകല്‍ സമയങ്ങളിലും പ്രതീക്ഷിക്കേണ്ടത്.

അതേസമയം, ബ്രഹ്മപുരത്ത് മാലിന്യമലയിലെ തീകെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. രാവിലെ കൊച്ചിയിലെ മാലിന്യപുകയ്ക്ക് ശമനമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നഗരം പുകയില്‍ മുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച വൈകി നഗരത്തിന്റെ പല മേഖലകളിലും രൂക്ഷമായ പുക ഉയര്‍ന്ന സ്ഥിതിയായിരുന്നു. മാലിന്യകൂമ്പാരത്തിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നടക്കമുള്ള പുകയാണ് നഗരത്തില്‍ വ്യാപിച്ചത്. നഗരവാസികള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് വരെ ബ്രഹ്മപുരത്ത് നിന്നുള്ള പുക എത്താതിരുന്ന മേഖലകളിലാണ് കാറ്റിന്റെ ഗതി അനുസരിച്ച് പുകപടലങ്ങള്‍ ദൃശ്യമായത്. വൈറ്റില കൂടാതെ പാലാരവിട്ടം,കലൂര്‍,ഇടപ്പള്ളി തുടങ്ങിയ നഗരത്തിന്റെ പല പ്രദേശങ്ങളിലും ഇന്നലെ രാത്രിയോടെ പുക വന്ന് മൂടി.

ബ്രഹ്മപുരത്ത് ഇന്ന് വൈകീട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ഒപ്പം കടന്പ്രയാറില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള വലിയ മോട്ടോറുകളും ആലപ്പുഴയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തും പുക പ്രശ്‌നമുള്ള മേഖലകളിലും പരമാവധി ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് ജില്ല ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. കടകള്‍ തുറക്കാതെ പരമാവധി ആളുകളെ വീടുകളില്‍ തന്നെ ഇരുത്തി വൈകീട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

അതിനിടെ, ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീ പിടിത്തത്തെക്കുറിച്ച് ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജന്‍സികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. തീയണയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പുകയുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ കാരണം ജനങ്ങള്‍ ഇന്ന് പരമാവധി വീടിനുള്ളില്‍ തന്നെ തുടരണമെന്നാണ് നിര്‍ദേശം. ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിന് എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭാവിയില്‍ തീപിടിത്തം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനും വേഗത്തില്‍ പ്രതികരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.