2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എന്‍.എസ്.എസ് പേരെടുത്ത് വിമര്‍ശിച്ചത് സ്‌നേഹം മൂലം; ശബരിമല ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമല്ലെന്നും കാനം

കോഴിക്കോട്: എന്‍.എസ്.എസിന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്‍എസ്എസ് പേരെടുത്ത് വിമര്‍ശിച്ചത് തന്നോട് സ്‌നേഹമുള്ളത് കൊണ്ടാണെന്നു പറഞ്ഞ കാനം ചില ചരിത്രങ്ങളും അവരെ ഓര്‍മിപ്പിച്ചു.

‘വിമോചന സമരത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1957 നേക്കാള്‍ വോട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചു. അധികാരത്തില്‍ വന്നില്ലെങ്കിലും കൂടുതല്‍ വോട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചു’ – കാനം ചൂണ്ടിക്കാട്ടി. മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് കാനത്തിന്റെ പ്രതികരണം. നേതൃപരമായ കഴിവ് എന്ന് പറയുന്നത് താഴെ തട്ടില്‍ നടക്കുന്നത് മനസ്സിലാക്കുക എന്നത് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്‍.എസ്.എസിന് അവരുടേതായ രാഷ്ട്രീയമുണ്ട്. അതാണ് അവര്‍ പ്രകടിപ്പിക്കുന്നത്. ഒരു അഭിപ്രായത്തോടും കമ്മ്യൂണിസ്റ്റുകാര്‍ക്ക് അസഹിഷ്ണുണതയില്ല. ഒരു കോടതി വിധിയോടും സര്‍ക്കാര്‍ എതിര്‍പ്പ് കാണിച്ചിട്ടില്ല. ശബരിമല കേസില്‍ പരാജയപ്പെട്ടുവെന്നത് പറഞ്ഞതില്‍ വേദനയുണ്ടാക്കിയെങ്കില്‍ മാറ്റിപ്പറയാം. ആര്‍.എസ്.എസിന്റെ വനിത അഭിഭാഷകര്‍ നല്‍കിയ കേസ് ജയിച്ചുവെന്ന് പറയാം’- കാനം പ്രതികരിക്കുന്നു. എല്ലാ മത വിശ്വാസികള്‍ക്കും ആരാധന നടത്താനുള്ള സൗകര്യം ഉണ്ടാകണം.1991 ല്‍ സ്ത്രീപ്രവേശനം വേണ്ടെന്ന വിധി വന്നപ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. ഒരു കോടതി വിധിയോടും സര്‍ക്കാര്‍ എതിര്‍പ്പ് കാണിച്ചിട്ടില്ല. ശബരിമല ഈ തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമല്ലെന്നും കാനം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഇരട്ട വോട്ടുകളെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പ്രതികരിക്കുന്നു. കൈപ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുള്ള മൂന്ന് വോട്ടുകളെപ്പറ്റി രമേശ് ചെന്നിത്തല അന്വേഷിക്കുമോയെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.