2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അനീതിയുടെ രണ്ട് വര്‍ഷങ്ങള്‍….

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സീദ്ദീഖ് കാപ്പന്റെ തടവ് ജീവിതത്തിന് രണ്ട് വയസ്സ് തികഞ്ഞിരിക്കുന്നു. അനീതിയുടെ രണ്ട് വര്‍ഷങ്ങള്‍. രണ്ട് വര്‍ഷം മുമ്പ് ഒരു ഒക്ടോബര്‍ അഞ്ചിന് സവര്‍ണ മേലാളന്‍മാര്‍ക്കു വേണ്ടി രാജ്യത്തെ നിയമം ഒരു പെണ്‍കുട്ടിയുടെ ജീവനറ്റ ശരീരത്തെ അതിനര്‍ഹമായ ഒരു അന്ത്യ യാത്ര പോലും നിഷേധിച്ച് നീതിയുടെ ഒരു കണിക പോലും ശേഷിപ്പിക്കാതെ ചുട്ടു കളഞ്ഞതിന്റെ പുകയൊടുങ്ങാത്ത ഒരു പകലിലാണ് സിദ്ദീഖ് കാപ്പന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ യോഗി പൊലിസിന്റെ തടവിലാകുന്നത്. നീതി നിഷേധിക്കപ്പെട്ട ആ ദലിത് പെണ്‍കുട്ടിയെ കുറിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു അദ്ദേഹം.

യു.എ.പി.എ മുതല്‍ അപരാധങ്ങളുടെ ഒരു മാറാപ്പ് തന്നെ ചുമത്തി ആ ചെറുപ്പക്കാരനു മേല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ നിയമ വ്യവസ്ഥ. ജാമ്യം കിട്ടുമെന്ന നേരിയ പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പ് കാണിച്ച് ഈ മാറാപ്പിനകത്തെ കേസുകള്‍ ഓരോന്നായി വെളിക്കിട്ട് അദ്ദേഹത്തെ തടവറയുടെ ഭീമന്‍ അഴിക്കുള്ളില്‍ തന്നെ അടച്ചു നിര്‍ത്തിയിരിക്കുകയാണ് നീതി വ്യവസ്ഥയും. അദ്ദേഹത്തിനെതിരേ ചുമത്തിയ ഒരു കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ഇ ഡി കേസിലെ സാങ്കേതികപ്രശ്‌നങ്ങളുടെ പേരില്‍ അദ്ദേഹം ഇപ്പോഴും ജയിലിലാണ്.

കാപ്പന്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് ഹാത്രസ് സംഭവം നടക്കുന്നത്. ഏതാനും സവര്‍ണയുവാക്കള്‍ ചേര്‍ന്ന് ഒരു ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. മാത്രമല്ല രായ്ക്കുരാമാനം നിയമ പാലകര്‍ ആ പെണ്‍കുട്ടിയുടെ തീര്‍ത്തും നിസ്സഹായരായ കുടുംബത്തെ നിര്‍ബന്ധപൂര്‍വ്വം സമ്മതിപ്പിച്ച് അവളുടെ മൃതദേഹം കത്തിച്ചു കളഞ്ഞു. വിശ്വാസപ്രകാരമോ ആചാരപ്രകാരമോ ഉള്ള ഒരു യാത്രാമൊഴിയായിരുന്നില്ല അത്. അവിടെ എന്താണ് സംഭവിച്ചതെന്ന് പോലും അവളുടെ പ്രിയപ്പെട്ടവര്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ലോകത്തിനു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ ഒരു സംഭവമായിരുന്നു അത്.

ഈ സംഭവം റിപോര്‍ട്ട് പോകുകയായിരന്നു കാപ്പന്‍. അദ്ദേഹത്തിനും കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരേ യുപി പൊലിസ് യുഎപിഎ ചുമത്തി. മതസൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ ഹാത്രസിലേക്ക് പോയതെന്നായിരുന്നു പൊലിസിന്റെ വാദം. രാജ്യദ്രോഹം, ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവയും ചുമത്തിയിരുന്നു.

അറസ്റ്റിലാവുന്ന സമയത്ത് കെയുഡബ്ല്യുജെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയായിരുന്നു സിദ്ദീഖ് കാപ്പന്‍. അദ്ദേഹത്തിനുവേണ്ടി പത്രപ്രവര്‍ത്തക യൂനിയന്‍ വലിയ നീക്കങ്ങള്‍ നടത്തി.

രണ്ടുവര്‍ഷത്തോളം ജയിലിലടച്ച ശേഷം കാപ്പന്‍ സഞ്ചരിച്ച കാബ് ഡ്രൈവര്‍ ആലമിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ പുറത്തുണ്ട്. . ഇതിനു പിന്നാലെയാണ് സിദ്ദീഖ് കാപ്പന് ഒരു കേസില്‍ സുപ്രിംകോടതി ജാമ്യം നല്‍കിയത്. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് യുപി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. ജാമ്യവ്യവസ്ഥയനുസരിച്ച് ആറാഴ്ച ഡല്‍ഹിയില്‍ കഴിയണം. അതിന് ശേഷം കേരളത്തിലേക്ക് പോവാം. ഡല്‍ഹിയില്‍ കഴിയുന്ന സമയം ജംഗ്പുരയിലെ പൊലിസ് സ്‌റ്റേഷനില്‍ എല്ലാ ദിവസവും ഹാജരാവണം. കേരളത്തിലെത്തിയശേഷം എല്ലാ തിങ്കളാഴ്ചയും ലോക്കല്‍ പൊലിസ് സ്‌റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യണം. കാപ്പനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ എല്ലാ ദിവസവും ഹിയറിങ്ങിന് വിചാരണ കോടതിയില്‍ ഹാജരാവണം. പുറത്തിറങ്ങുന്നതിന് മുമ്പ് കാപ്പന്റെ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം ഇതൊക്കെയായിരുന്നു ജാമ്യവ്യവസ്ഥ. എന്നാല്‍ ഇഡി കേസ് അദ്ദേഹത്തെ അവിടെ തന്നെ പിടിച്ചു നിര്‍ത്തി.

2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ കാപ്പന് ജാമ്യം ലഭിക്കേണ്ടതുണ്ട്. കാപ്പനെതിരേ ആരംഭിച്ച ഇഡി കേസ് നടപടികളില്‍ ജാമ്യത്തിന് അപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവും കാപ്പന് അനുവദിച്ചിട്ടുണ്ട്. യുഎപിഎ കേസില്‍ യുപി സര്‍ക്കാര്‍ ഹാജരാക്കിയ കള്ളക്കഥകളുടെ അടിസ്ഥാനത്തിലാണ് ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ സുപ്രിംകോടതി ജാമ്യം നല്‍കിയതോടെ ഇഡി കേസിലും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ രണ്ട് തവണ കേസ് മാറ്റിവച്ചിരിക്കുകയാണ്.

അറസ്റ്റിലായ ശേഷം ഒരിക്കല്‍ മാത്രമാണ് കാപ്പന് ജാമ്യം ലഭിച്ചത്. രോഗബാധിതയായ മാതാവിനെ കാണാന്‍. 2021 ഫെബ്രുവരിയിലായിരുന്നു അത്. കാപ്പന്‍ വന്നുപോയി നാലു മാസത്തിനു ശേഷം ജൂണില്‍ മാതാവ് ഖദീജക്കുട്ടി മരണപ്പെടുകയും ചെയ്തു.

മോദി ഭരണത്തില്‍കീഴില്‍ അറസ്റ്റിലാവുന്ന ആദ്യത്തെ മാധ്യമപ്രവര്‍ത്തകനല്ല കാപ്പന്‍. അതിനു മുമ്പും ശേഷവും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി മാധ്യമപ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2020ല്‍ മാത്രം 67 പേര്‍ അറസ്റ്റിലായി. ആള്‍ട്ട് ന്യൂസ് എഡിറ്റര്‍ മുഹമ്മദ് സുബൈറിന് ഏതാനും മാസം മുമ്പാണ് ജാമ്യം ലഭിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.