തിരുവനന്തപുരം: തുമ്പ കിന്‍ഫ്രയിലെ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലര്‍ച്ചെ 1.30ഓടെ വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. തീ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് അഗ്‌നിശമന സേന അറിയിച്ചു.
തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്‌നിശമന സേനാംഗം മരിച്ചു. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത് ആണ് മരിച്ചത്. ഇയാൾ അഗ്‌നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമാണ്. ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇയാളെ തീയ്ക്കുള്ളിൽനിന്ന് പുറത്തെത്തിച്ചത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50ഓടെ മരിച്ചു.
ജില്ലയിലെ വിവിധയിടങ്ങളിലെ ഫയര്‍യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ നിയന്ത്രണ വിധേയമായെന്ന് ദക്ഷിണ മേഖലാ ഐ.ജി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. തീപിടിത്തത്തില്‍ ഒരു കോടിയിലേറെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
firefighter-dies-during-rescue-operation-at-kinfra
Comments are closed for this post.