2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പുകയില്‍ മുങ്ങി ആറുനാള്‍; കൊച്ചിയില്‍ വിഷപ്പുക ഇനിയുമൊടുങ്ങിയില്ല, വ്യോമ സേന ഹെലികോപ്ടറില്‍നിന്ന് വെള്ളം തളിക്കും

   

കൊച്ചി: ആറുനാള്‍ പിന്നിട്ടിട്ടും പുകയടങ്ങാതെ കൊച്ചി. എന്നാല്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂര്‍ണമായി അണച്ചെന്ന് ജില്ലാ കലക്ടര്‍ പറയുന്നത്. അതേസമയം മാലിന്യത്തില്‍ നിന്ന് ഉയരുന്ന പുക നിയന്ത്രിക്കാനായിട്ടില്ല. ഇത് നിയന്ത്രണവിധേയമാക്കാനുളള നടപടികളാണ് തുടരുന്നത്. തീപിടിത്തം ഉണ്ടായി ആറാം ദിവസവും കൊച്ചിയും പരിസരപ്രദേശങ്ങളും വിഷപ്പുക കൊണ്ട് നിറയുകയാണ്. ആരോഗ്യപ്രശ്‌നങ്ങളുമായി നിരവധി പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്.

അതിനിടെ വ്യോമസേനയുടെ കൂടുതല്‍ ഹെലികോപ്ടറുകളെത്തിച്ച് പുക ശമിപ്പിക്കാനുളള പ്രവൃത്തി തുടരുകയാണ്. ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും. നാല് മീറ്റര്‍ വരെ താഴ്ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് ഹൈക്കോടതി കേസെടുത്തത്. തീ അണക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പാക്കിയപ്പോള്‍ പുക നിയന്ത്രിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് തന്നെയാണ് വിലയിരുത്തല്‍. ഈ സഹാചര്യത്തിലാണ് ഹൈക്കോടതി സ്വമേധയ കേസെടുത്തത്. മാലിന്യ നിര്‍മാര്‍ജന ചട്ടങ്ങള്‍ ലംഘിച്ചതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡും നടപടിയെടുത്തിരുന്നു. 1.8 കോടി രൂപയാണ് കൊച്ചി കോര്‍പറേഷന് ചുമത്തിയിരിക്കുന്ന പിഴ.

മുന്‍കരുതലിന്റെ ഭാഗമായി ഇന്നും കൊച്ചിയിലും സമീപ പ്രദേശങ്ങളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ക്കുമാണ് അവധി.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ നഗരത്തിലെ ജൈവ മാലിന്യ സംസ്‌കരണത്തിന് അന്പലമേട്ടില്‍ സ്ഥലം കണ്ടെത്തി. കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താല്‍ക്കാലികമായി സംസ്‌കരിക്കുക. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി.ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ശേഖരിച്ച് അന്പലമേടുള്ള സ്ഥലത്ത് നിക്ഷേപിക്കേണ്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.