കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണവിധേയമായെങ്കിലും പുകയില്‍ ശ്വാസം മുട്ടുകയാണ് കൊച്ചി നഗരം. പുക കൊച്ചിയും കടന്ന് സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കാറ്റിന്റെ ദിശ മാറിയതോടെ ആലപ്പുഴ ജില്ലയിലെ അരൂര്‍, കുമ്പളം അടക്കമുള്ള ഭാഗങ്ങളിലേക്ക് പുക ശക്തിപ്പെടുന്ന അവസ്ഥയാണുള്ളത്. പുകയ്‌ക്കൊപ്പം ദുര്‍ഗന്ധമുള്ളതായും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
അതേസമയം, തീ പൂര്‍ണമായി അണക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ തീ കെടുത്തിയാലും ഏതാനും ദിവസം കൂടി പുക അന്തരീക്ഷത്തില്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
വിഷപ്പുക വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി നല്‍കി. വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകള്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികള്‍ കൊച്ചി കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. അങ്കന്‍വാടികള്‍ക്കും ഡേ കെയര്‍ സെന്ററുകള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മാത്രം അവധി നല്‍കിയതില്‍ കലക്ടറുടെ ഫേസ് ബുക്ക് പേജിന് താഴെ വലിയ പ്രതിഷേധമുണ്ട്. മറ്റ് കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ എന്നായിരുന്നു ചോദ്യം.
അതിനിടെ , അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനം വരും. ബ്രഹ്മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ച മട്ടാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്.
Comments are closed for this post.