തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ നടന്ന നടന്ന പ്രചാരണത്തിന് ശേഷം സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണമാര്‍ക്കെന്ന് വിധിയെഴുതാന്‍ നാളെ വോട്ടര്‍മാര്‍ ബൂത്തിലേക്ക്. ആദ്യഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88.26 ലക്ഷം വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുക. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന തിരുവനന്തപുരം കോര്‍പറേഷനുമുണ്ട്.
കൊല്ലം കോര്‍പറേഷന്റെ ഭരണസാരഥ്യമാര്‍ക്കെന്നും നാളെ വിധിക്കും. പ്രശ്‌ന ബാധിതമായി കണ്ടെത്തിയ 1,722 ബൂത്തുകളില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ചുമതലയ്ക്കായി 16,968 പൊലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടെടുപ്പ് നടക്കുന്ന 11,225 ബൂത്തുകളും ഇന്ന് അണുവിമുക്തമാക്കും.
തെരഞ്ഞെടുപ്പിനായുളള പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചതിനാല്‍ മുന്‍ തെരഞ്ഞെടുപ്പുകളിലേതുപോലെയുള്ള കൊട്ടിക്കലാശമില്ലാതെയാണ് പരസ്യപ്രചാരണത്തിന് സമാപനമായത്. എങ്കിലും മിക്ക ജില്ലകളിലും ആവേശത്തിലായ പ്രവര്‍ത്തകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് റോഡ് ഷോയുമായി രംഗത്തിറങ്ങി. പലയിടത്തും ചെറുപ്രകടനങ്ങളും നടന്നു. ഇന്ന് നിശബ്ദപ്രചാരണത്തിന്റെ ദിനമാണ്. നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്.
ഇന്നു വൈകിട്ട് മൂന്നു മണിവരെ കൊവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കും നിരീക്ഷണത്തില്‍ പോകേണ്ടിവരുന്നവര്‍ക്കും തപാല്‍വോട്ട് രേഖപ്പെടുത്താം. വൈകിട്ട് മൂന്നിന് ശേഷം രോഗം സ്ഥിരീകരിക്കുകയോ, നിരീക്ഷണത്തിലാകുകയോ ചെയ്യുന്നവര്‍ക്ക് നാളെ വൈകിട്ട് അഞ്ചു മണിക്ക് ശേഷം പി.പി.ഇ കിറ്റു ധരിച്ച് ബൂത്തിലെത്തി വോട്ട് ചെയ്യാം.
അഞ്ചു ജില്ലകളില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഒന്നാമതുള്ളത് തലസ്ഥാന ജില്ലയാണ്. ആകെ 28.38 ലക്ഷം പേര്‍. കുറവ് ഇടുക്കിയിലാണ് 9.04 ലക്ഷം പേര്‍. കൊല്ലത്ത് 22.22 ലക്ഷം, പത്തനംതിട്ട 10.78 ലക്ഷം, ആലപ്പുഴ 17.82 ലക്ഷം വോട്ടര്‍മാരുമുണ്ട്.
24,584 സ്ഥാനാര്‍ഥികളാണ് ഒന്നാംഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇവരില്‍ 13,001 പേര്‍ പുരുഷന്‍മാരും 11,583 പേര്‍ സ്ത്രീകളുമാണ്. ജില്ലാ പഞ്ചായത്തുകളിലേക്ക് 406 പേരും ബ്ലോക്ക് പഞ്ചായത്തിലേക്ക് 2,238 പേരും ഗ്രാമപഞ്ചായത്തുകളിലേക്ക് 18,667 പേരും ജനവിധി തേടുന്നുണ്ട്. കോര്‍പറേഷനുകളിലേക്ക് 787 പേരും മുനിസിപ്പാലിറ്റികളിലേക്ക് 2,486 പേരും മത്സരിക്കുന്നു.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 10നും അവസാന ഘട്ടം 14 നും നടക്കും. 16നാണ് വേട്ടെണ്ണല്‍.
Comments are closed for this post.