2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പഴയിടത്തെ ജാതി പറഞ്ഞ് ആക്ഷേപിച്ചത് സംസ്‌ക്കാരത്തിന് യോജിക്കാത്തത്- ശിവന്‍ കുട്ടി

തിരുവനന്തപുരം: പഴയിടം മോഹനന്‍ നമ്പൂരിതിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചത് കേരള സമൂഹത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്തതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. നിലവാരമില്ലാത്ത വിമര്‍ശനമായി അതെന്നും അത്രയും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ആളെ രൂക്ഷമായി വിമര്‍ശിച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.

‘കലോത്സവത്തില്‍ എല്ലാ കാര്യങ്ങളും ടെന്‍ഡര്‍ അനുസരിച്ചാണ് തീരുമാനിക്കുന്നത്. ആ ടെന്‍ഡറില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനത്ത് വന്നയാളാണ് പഴയിടം മോഹനന്‍ നമ്പൂതിരി. കലോത്സവത്തില്‍ പെട്ടന്ന് നോണ്‍വെജ് വിളമ്പണം എന്ന ആവശ്യമുയര്‍ന്നത് അദ്ദേഹത്തിന് അംഗീകരിക്കാനായി കാണില്ല’ മന്ത്രി പറഞ്ഞു.

ഒരു ദിവസം 30000 പേര്‍ക്കാണ് അദ്ദേഹം ഭക്ഷണം വിളമ്പിയത്. അദ്ദേഹത്തെ ജാതി പറഞ്ഞ് ആക്ഷേപിച്ചത് കേരള സമൂഹത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല. നിലവാരമില്ലാത്ത വിമര്‍ശനമായിപ്പോയി അത്. അനാവശ്യമായ കാര്യങ്ങളാണതൊക്കെ’. മ്ര്രന്തി ചൂണ്ടിക്കാട്ടി.

സ്‌കൂള്‍ കലോത്സവത്തെ സംബന്ധിച്ചിടത്തോളം ഒരു കാര്യത്തിലും പരാതി ഉയര്‍ന്നിട്ടില്ലെന്നു പറഞ്ഞ മന്ത്രി വിവാദങ്ങളുണ്ടാക്കിയത് സമൂഹമാധ്യമങ്ങളാണെന്നും അത് കേരളത്തിന്റെയോ സര്‍ക്കാരിന്റെയോ അഭിപ്രായമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങളെത്തുടര്‍ന്ന് അടുത്ത കലോത്സവം മുതല്‍ ഭക്ഷണം വിളമ്പാന്‍ താനുണ്ടാവില്ലെന്ന് പഴയിടം പ്രതികരിച്ചിരുന്നു. അനാവശ്യമായി ജാതീയതയുടെയും വര്‍ഗീയതയുടെയും വിത്തുകള്‍ വാരിയെറിഞ്ഞ സാഹചര്യത്തില്‍ ഇനി മുതല്‍ കലോത്സവ വേദികളെ നിയന്ത്രിക്കുന്നത് ഭയമുള്ള കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.