കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്നു പ്രതികള്‍ക്കും തടവുശിക്ഷ. കേസില്‍ 88ാം പ്രതിയായ ദീപക് ചാലാടിന് മൂന്നു വര്‍ഷവും, 18ാം പ്രതി സി.ഒ.ടി. നസീര്‍, 99ാം പ്രതി ബിജു പറമ്പത്ത് എന്നിവര്‍ക്ക് രണ്ടു വര്‍ഷവും തടവുശിക്ഷയാണ് കണ്ണൂര്‍ സെഷന്‍സ് കോടതി വിധിച്ചത്. കേസില്‍ ആകെയുണ്ടായിരുന്ന 113 പ്രതികളില്‍ 110 പേരെയും കോടതി വെറുതെവിട്ടു. വെറുതെ വിട്ടവരില്‍ മുന്‍ എംഎല്‍എമാരായ സി.കൃഷ്ണനും കെ.കെ.നാരായണനും ഉള്‍പ്പെടുന്നു.
അഞ്ചു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷമാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചനാക്കുറ്റവും വധശ്രമക്കുറ്റവും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരമാണ് മൂവരെയും കുറ്റക്കാരായി കണ്ടെത്തിയത്.
2013 ഒക്ടോബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍ നടന്ന പൊലിസ് അത്‌ലറ്റിക് മീറ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പൊഴാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നേരെ ആക്രമണമുണ്ടായത്. ഉമ്മന്‍ചാണ്ടിക്കൊപ്പം മന്ത്രിയായിരുന്ന കെ.സി ജോസഫ്, ഡി.സി.സി ഭാരവാഹിയായിരുന്ന ടി. സിദ്ദീഖ് എന്നിവര്‍ സഞ്ചരിച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറിന് നേരെ ഇടത് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്.
ഉമ്മന്‍ചാണ്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് ഇടത് പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്തിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവെയാണ് പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്. കല്ലേറില്‍ കാറിന്റെ ഗ്ലാസ് പൊട്ടുകയും ഉമ്മന്‍ചാണ്ടിയുടെ തലക്കും നെഞ്ചിനും പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവം നടക്കുമ്പോള്‍ സി.ഒ.ടി നസീര്‍, ദീപക്, ബിജു പറമ്പത്ത് എന്നിവര്‍ ഡി.വൈ.എഫ്.ഐ ഭാരവാഹികളായിരുന്നു. സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും തലശ്ശേരി മുന്‍ നഗരസഭാംഗവുമായിരുന്ന സി.ഒ.ടി നസീര്‍ പിന്നീട് പാര്‍ട്ടി വിമതനായി. തുടര്‍ന്ന് നസീര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. പ്രതിയായ നസീര്‍ ഉമ്മന്‍ ചാണ്ടി തലശ്ശേരി റെസ്റ്റ് ഹൗസില്‍ വന്നപ്പോള്‍ നേരില്‍ കണ്ട് നിരപരാധിത്വം ബോധിപ്പിച്ചിരുന്നു.
വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് അക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞത്. മുഖ്യമന്ത്രിയെ കൊല്ലണമെന്നു വിളിച്ച് അകമ്പടി പോയ പൊലിസ് വാഹനം തടഞ്ഞു. ഇതിനിടെ കണ്ടാലറിയാവുന്ന ഒരു കൂട്ടം പേര്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വലതു വശത്തു കൂടി ഇരച്ചുകയറി. കല്ല്, മരവടി, ഇരുമ്പുവടി എന്നിവ കൊണ്ട് എറിഞ്ഞു പരുക്കേല്‍പിച്ചു. മുഖ്യമന്ത്രിയുടെയും പൊലിസിന്റെയും വാഹനം തകര്‍ത്തതില്‍ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികള്‍ക്കെതിരെ രണ്ട് വകുപ്പ് മാത്രമാണ് തെളിഞ്ഞത്. ആയുധം കൊണ്ട് പരിക്കേള്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ രണ്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ തെളിയിക്കാനായില്ല.
Comments are closed for this post.