
ആഗോള തലത്തില്‍ തന്നെ നിലനില്‍ക്കുന്ന ഇസ്ലാമോഫോബിക്കായ അധീശ വ്യവഹാരങ്ങള്‍ ചിലതിനെ മാത്രം ഓര്‍മപ്പെടുത്തുകയും ചിലതിനെ മനപ്പൂര്‍വം മറവിയിലേക്ക് തള്ളുകയും ചെയ്യുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. പന്ത്രണ്ടു കൊല്ലം മുന്‍പ് ഒരു മെയ് 17ന്, ഇടതുപക്ഷം ദയനീയമായി പരാജയപ്പെട്ട ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന്റെ പിറ്റേന്നാണ് ആറു മുസ്ലിംകള് കൊല്ലപ്പെടാനും 52 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കാനും കാരണമായ ബീമാപള്ളി വെടിവയ്പ്പ് സംഭവം നടന്നത്. അധികമാരും ഓര്‍ക്കാനിടയില്ലാത്ത ഒരു സാധാരണ ദിനമാണിപ്പോള്‍ ഇത്. എന്നാല്‍ കേരളത്തിന്റെ ഭരണകൂട ഭീകരതയുടെ ചരിത്രത്തില്‍ അസമാനമായ ദിവസമാണിത്. ആറ് മലയാളികളെ അവരുടെ സ്വന്തം ഭരണകൂടം വെടിവച്ചുകൊന്ന കറുത്ത ദിനം. സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്തത്രയും ഭീകരമായ പൊലിസ് വേട്ടക്ക് കേരളം സാക്ഷിയായ ദിവസം. ഇതിനിരയായ സമൂഹം പോലും സ്വയം മറന്നുകളയുമാറ് നിസ്സംഗതയും മനുഷ്യത്വ വിരുദ്ധതയും കൊണ്ടാണ് മലയാളികള്‍ ഈ ഭീകരതയെ നേരിടുന്നത്. വിമോചന സമര കാലത്തെ അങ്കമാലി വെടിവയ്പ്പും കൂത്തുപറമ്പ് വെടിവയ്പ്പുമെല്ലാം എല്ലാ കാലത്തും ചര്‍ച്ചയായ കേരളത്തില്‍ എന്ത് കൊണ്ടാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ ഭരണകൂട ഹിംസകളില്‍ ഒന്നായ ബീമാപള്ളി വെടിവയ്പ്പ് ജനങ്ങളുടെ ഓര്‍മയില്‍ ഇല്ലാതെ പോകുന്നത്?
മറവിക്ക് വിട്ടുകൊടുക്കരുത്
‘വാപ്പ ഗള്‍ഫീന്ന് വന്ന ശേഷാണ് ഇത് സംഭവിച്ചത്. നെഞ്ചിലാണ് അതിന്റെ (വെടിയുണ്ട) പീസ് കയറിയത്. പീസ് കയറീട്ട് രണ്ടു പീസ് എടുക്കാന്‍ പറ്റീല. അതിനു ശേഷം ഒരു അറ്റാക്ക് വന്നു. മൊത്തം രണ്ടു അറ്റാക്ക് വന്നു. കൊറേ നാള് മെഡിക്കല്‍ കോളജില്‍ കിടന്നു. ജനറല്‍ ആശുപത്രീല് കിടന്നു. പിന്ന കോട്ടക്കത്തു (ഫോര്‍ട്ട് ആശുപത്രി) കിടന്നു. അങ്ങനെ മൂന്ന് നാലു ആശുപത്രീലെല്ലാം കിടന്നു. ഗവണ്മെന്റ് പതിനഞ്ചു(ആയിരം) രൂപ തന്നു. ഒരു ദിവസം ഗുളികക്ക് തന്ന ആയിരത്തി അഞ്ഞൂറ് രൂപ വരും. ഗുളികക്ക് മാത്രം. ഇപ്പോഴും ആ ഗുളികകള്‍ കൊറേ വീട്ടില്‍ കിടപ്പോണ്ട്. പിന്നെ കേസിന്റെ കാര്യം, കൊറേ ഇതെല്ലാം ആയി. വെടിവയ്പ്പിന്റെ കേസില്‍ വാപ്പ വന്നിട്ട് 40 ഓ 50 ഓ പ്രതിയായിരുന്നു. പൊലിസിനെ ആക്രമിക്കാന്‍ പോയെന്ന് പറഞ്ഞു’.
ബീമാപള്ളി പൊലിസ് വെടിവയ്പ്പില്‍ വെടിയേറ്റ ഇബ്രാഹീം സലീമിന്റെ മകന് ഹാഷിമിന്റെ വാക്കുകളാണിത്.
ഇബ്രാഹീം സലീമിന്റെ ഉള്ളില്‍ വെടിയുണ്ട തുളഞ്ഞു കയറിയിരുന്നു. അതൊരിക്കലും നീക്കം ചെയ്തില്ല. ആ വേദന സഹിച്ചാണ് അയാള്‍ ഈ ലോകത്തോട് വിടപറഞ്ഞത്. വാപ്പയുടെ ദാരുണമായ അന്ത്യത്തിന്റെ ഓര്മ ഹാഷിമിന്റെ സ്വകാര്യ ദുഃഖമായി. മരിച്ചതിനു ശേഷവും കേസിന്റെ പേരില്‍ സലീമിനെ തേടി പൊലിസിത്തിയിരുന്നു. ഒടുവില്‍ മരണപത്രം കാട്ടിയതിന് ശേഷമാണു ഹാഷിമിന്റെയടുത്തുനിന്ന് അവര്‍ മടങ്ങി പോയത്.
വെടിവയ്പ്പും സാമൂഹിക, രാഷ്ട്രീയ പ്രതികരണങ്ങളും
2009 മെയ് പതിനാറിന് ചെറിയതുറയിലെ കൊമ്പ് ഷിബു എന്ന യുവാവ് നടത്തിയ അക്രമ സംഭവത്തെ രമ്യമായി പരിഹരിക്കാന്‍ പൊലിസ് പരാജയപ്പെട്ടത് ഇരു തുറക്കാരും തമ്മിലെ ബന്ധത്തെ സംഘര്‍ഷഭരിതമാക്കി. പിറ്റേ ദിവസം പൊലിസ് നടത്തിയ വെടിവയ്പ്പില്‍ പക്ഷേ കൊല്ലപ്പെട്ടത് ബീമാപള്ളിക്കാര്‍ മാത്രമായിരുന്നു. ബീമാപള്ളി വെടിവയ്പ്പ് അതിന്റെ തുടക്കം മുതല്‍ തന്നെ കേരളത്തിന്റെ തമസ്കരണത്തിനു വിധേയമായിട്ടുണ്ട്. ഒന്നാമതായി ഈ വിഷയത്തില്‍ കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ ഒരു നടപടിയും സ്വീകരിക്കാന്‍ ഭരണകൂടം ഇന്നേ വരെ തയാറായിട്ടില്ല.
ഇപ്പോള്‍ യു.എ.പി.എ അടക്കമുള്ള അമിതാധികാര നിയമങ്ങളുടെ വിഷയങ്ങളില്‍ പൗരസമൂഹം പൊലിസിന്റെ ഇടപെടലുകളെക്കുറിച്ച് പുലര്‍ത്തുന്ന ജാഗ്രത ബീമാപള്ളി വെടിവയ്പ്പിന്റെ കാലത്ത് തീരെ ഇല്ലായിരുന്നു. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഒരു ഘട്ടത്തിലും അവിടെ വന്നില്ല. ആ കാലത്തെ വി.എസ് അച്യുതാനന്ദന് സര്‍ക്കാര്‍ ഈ കാര്യങ്ങളില്‍ അറു പിന്തിരിപ്പന് നിലപാടായിരുന്നു സ്വീകരിച്ചത്. ബീമാപള്ളിയില്‍ നടന്ന വെടിവയ്പ്പിനെ ചെറിയതുറ വെടിവയ്പ്പ് എന്ന് വിശേഷിപ്പിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ സംഭവം നടന്ന സ്ഥലത്തെ പോലും പൊതുജനമധ്യത്തില്‍ നിന്ന് മറയ്ക്കാന്‍ ശ്രമിച്ചു. വെടിവയ്പ്പിനെ ന്യായീകരിക്കാന്‍ പൊലിസ് തുടക്കം മുതല്‍ വര്‍ഗീയ കലാപ കഥകളാണ് അഴിച്ചുവിട്ടത്. മുഖ്യധാരാ മാധ്യമങ്ങളും ഇതേറ്റു പിടിച്ചാണ് പൊലിസിനൊപ്പം നിന്നത്. അക്കാലത്ത് ലൗ ജിഹാദ്, അബ്ദുന്നാസര്‍ മഅ്ദനിയുടെ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ കെട്ടുകഥകളില്‍ അഭയം തേടിയ മാധ്യമങ്ങള്‍ മുസ്ലിം വിരുദ്ധ പൊതുബോധത്തിന്റെ ഭാഗമായി പൊലിസ് വെടിവയ്പ്പിനെ സമര്‍ഥമായി മൂടിവെക്കുകയും ചെയ്തു. ചുരുക്കം ചില മാധ്യമങ്ങള്‍ മാത്രമാണ് പൊലിസ് ഭാഷ്യത്തെ മറികടക്കാന്‍ ശ്രമിച്ചത്.
‘വര്‍ഗീയ കലാപം’ സൃഷ്ടിക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തിനു നേരെ എന്ന വ്യാജേന നടന്ന ഏകപക്ഷീയമായ വെടിവയ്പ്പാണ് ബീമാപള്ളിയില്‍ നടന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ നടത്തിയ വസ്തുതാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലോകത്തെവിടെയും നടക്കുന്ന സാമൂഹിക രാഷ്ട്രീയ ഹിംസയെക്കുറിച്ച് വേവലാതിപ്പെടുന്ന മലയാളിയുടെ പൊതു വ്യവഹാരങ്ങള്‍ കൊല്ലപ്പെട്ട ആറു മുസ്ലിം മത്സ്യത്തൊഴിലാളികളെക്കുറിച്ച് അധികം സംസാരിച്ചതായി കാണുന്നില്ല. കൊല്ലപ്പെട്ട എല്ലാവരുടെയും കുടുംബത്തിന് കീഴ്വഴക്കമനുസരിച്ച് ഇടതു സര്‍ക്കാര്‍ ജോലിയും പത്തു ലക്ഷം രൂപയും നല്‍കിയിരുന്നു. നടക്കാന്‍ പോകുമായിരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അങ്ങനെ ഭരണകൂടം തടഞ്ഞു നിര്‍ത്തുകയായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ചേംബറില്‍ നിന്ന് എടുത്ത ആ തീരുമാനം നടപ്പിലായത് പോലും നിരവധി സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ്. അതിന് ഐക്യ ജനാധിപത്യ സര്‍ക്കാറിന്റെ കാലത്തു തുടര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്തു. വെടിയേറ്റു മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്കിയ ജോലിയും പണവും ഇടതുപക്ഷവും ഐക്യ മുന്നണിയും തങ്ങളുടെ രാഷ്ട്രീയ നേട്ടമായി കൊണ്ടാടാന്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു കാലത്ത് ഒരു പോലെ ശ്രദ്ധിച്ചിരുന്നു.
സാമൂഹിക മാനങ്ങള്‍
എന്ത് കൊണ്ടാണ് ബീമാപള്ളി വെടിവയ്പ്പ് നമ്മുടെ ബോധമണ്ഡലത്തില്‍ ഒരു ബ്രാഹ്മണിക ഭരണകൂട ഹിംസയായി പതിയാതെ പോകുന്നത്. അപരിഷ്കൃതരും അന്ധ വിശ്വാസികളും അപകടകാരികളും നിയമത്തിന് ബാഹ്യമായി പ്രവര്‍ത്തിക്കുന്ന, പെട്ടെന്ന് അക്രമാസക്തരാവുന്ന ആളുകളാണ് ബീമാപള്ളിക്കാര്‍ എന്ന ധാരണയാണ് ഇന്നും പൊതു സമൂഹത്തില്‍ നിലവിലുള്ളത്. ഒരര്‍ഥത്തില്‍ ഇതേ അപകടകരമായ ധാരണ തന്നെയല്ലേ ഓരോ മുസ്ലിമിനെക്കുറിച്ചും ഇന്ന് നിലവിലുള്ളത്? ഏത് സമയത്തും തീവ്രവാദി ആയേക്കാവുന്ന തരത്തിലുള്ള ഒരു ബോധ്യം, വിശ്വാസം കൊണ്ട് നടക്കുന്നവന് എന്ന നിലയില്‍ മുസ്ലിം വെടിവെച്ച് കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് എന്ന ധാരണ അല്ലേ ഇന്ന് നിലനില്‍ക്കുന്നത്? അതല്ലെങ്കില്‍ എന്ത് കൊണ്ട് ബീമാപ്പള്ളിയെ കുറിച്ച് ആരും ഓര്‍ക്കുന്നില്ല? ബീമാപള്ളി വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരെയും ഗുരുതരമായി പരുക്കേറ്റവരെയും കുറിച്ച് മുസ്ലിംകളുടെയും ദലിതുകളുടെയും സ്വയം അവരോധിത സംരക്ഷക വേഷം കെട്ടുന്ന ഇടത് പക്ഷത്തിന് എന്താണ് പറയാനുള്ളത്?
മുസ്ലിം വംശഹത്യയുടെ സ്വാഭാവികവല്‍ക്കരണം
കൊളോണിയല്‍ ഭരണ കാലഘട്ടത്തില്‍ മതഭ്രാന്തന് എന്ന പ്രയോഗത്തിലൂടെ അധിനിവേശ ഭരണ കര്‍ത്താക്കള്‍ മലബാറിലെ മാപ്പിളമാരുടെ രാഷ്ട്രീയത്തെ ഒന്നാകെ നിയന്ത്രിച്ചത് എങ്ങനെ എന്ന് എം.ടി അന്‍സാരി ‘മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മതഭ്രാന്തനെ ഭരണ നിര്‍വഹണത്തിലൂടെ കൊണ്ട് വരികയാണ് ചെയ്തത് എന്നും അന്‍സാരി എഴുതുന്നു. കൊളോണിയലാനന്തര ഇന്ത്യയില്‍ അത്തരത്തില്‍ ഒരു സമുദായത്തിന്റെ രാഷ്ട്രീയ ബോധ്യത്തെയും സാമൂഹിക നിലനില്‍പ്പിനെയും നിര്‍ണയിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ സ്റ്റേറ്റ് നിര്‍മിച്ചെടുത്ത ഒരു പുതിയ സംജ്ഞയാണ് മുസ്ലിം തീവ്രവാദം. അനാഥ ബോംബ് സ്ഫോടനങ്ങള്‍ക്ക് ശേഷം അതിന്റെ ഉത്തരവാദിത്വം പേറേണ്ട, പൊട്ടന്‍ഷ്യല്‍ ടെററിസ്റ്റ് ആയ ഒരുവനാണ് മുസ്ലിം എന്ന തലത്തിലേക്ക് പൊതു ധാരണകളെ മാറ്റാന്‍ സംഘ്പരിവാറിന് സാധിച്ചിരിക്കുന്നു.
തീവ്രവാദത്തെ ഭരണ നിര്‍വഹണത്തിലൂടെ ഒരു സമുദായത്തിന്റെ തലയില്‍ കെട്ടി വെച്ച് അവരുടെ രാഷ്ട്രീയ സാമൂഹിക നിലനില്‍പ്പിനെ നിര്‍ണയിക്കുന്നതില്‍ ഭരണകൂടം വിജയിച്ചിരിക്കുന്നു. ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിം ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ട് എന്ന് ഇടയ്ക്കിടെ വിളിച്ച് പറയേണ്ട ഗതികേടില്‍ ഒരു സമുദായം എത്തിയിരിക്കുന്നു. മുസ്ലിം എന്നാല്‍ പൊട്ടന്‍ഷ്യല്‍ ടെററിസ്റ്റ് എന്ന ധാരണ തന്നെയാണ് കേരളത്തിലും നിലവിലുള്ളത് എന്ന് മനസ്സിലാക്കാന്‍ കേരളത്തിലെ യു.എ.പി.എ കേസുകളില്‍ ജയിലിലടക്കപ്പെട്ട ചെറുപ്പക്കാരില്‍ ഭൂരിഭാഗവും ഏത് സമുദായത്തിലുള്ളവരാണ് എന്ന് പരിശോധിച്ചാല്‍ മതിയാവും. ഇതിനെ കുറിച്ചും തികഞ്ഞ മൗനം തന്നെയാണ് ‘പ്രബുദ്ധ കേരളം’ പുലര്‍ത്തുന്നത്. ഇത്തരത്തില്‍ മൗനം പുലര്‍ത്തുന്ന, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടക്കുന്ന ഹിന്ദുത്വ ആള്‍ക്കൂട്ട കൊലകള്‍ പോലെ സ്വാഭാവികവല്‍ക്കരിക്കപ്പെട്ട (normalize )
സംഭവമായി ബീമാപ്പള്ളിയും മാറുന്നു എന്നതാണ് ‘പ്രബുദ്ധ മതേതര കേരളം’ ഇത്ര കാലം ആര്‍ജിച്ച രാഷ്ട്രീയ ‘വികാസവും’ ‘പക്വതയും’. ആ പ്രബുദ്ധ കേരളത്തെ പടുത്തുയര്‍ത്തി എന്ന് നാഴികക്ക് നാല്പത് വട്ടം വിളിച്ച് പറയുന്ന ഇടത് പക്ഷം ഭരിക്കുമ്പോള്‍ തന്നെയാണ് ബീമാപള്ളി പരിസരത്ത് പതിനാറ് വയസുകാരനായ ഫിറോസിനെയടക്കം ആറു പേരെ കേരള പൊലിസ് വെടിവെച്ച് കൊന്നത് എന്നും നാം അറിയുക.
മുസ്ലിംകളെ കുറിച്ചും തീരദേശ നിവാസികളെ കുറിച്ചും മുഖ്യധാര സിനിമയും സാഹിത്യവുമെല്ലാം പകര്‍ന്ന് നല്കുന്ന ചിത്രങ്ങള്‍ കൂടിയാണ് ബീമാപള്ളി വെടിവയ്പ്പിനെ കുറിച്ച് മൗനം പാലിക്കാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നത്. 2009ല്‍ ബീമാപ്പള്ളിയില്‍ പൊലിസിന്റെയും ഭരണതലത്തിലുള്ളവരുടെയും ഇവിടെയുള്ള മുസ്ലിം സമുദായത്തോടുള്ള പൂര്‍വകാല വിരോധവും അമര്ഷവുമാണു ഗുരുതരമായ വെടിവയ്പ്പില്‍ കലാശിച്ചത്. സംഘ്പരിവാര്‍ മുസ്ലിംകളെ പൈശാചികവല്‍ക്കരിക്കുമ്പോള്‍ (demonize ) ഇടതുപക്ഷം മുസ്ലിംകളുടെ രക്ഷാധികാരിയായി (ptaronize ) ചമയുന്നു. ഭരണകൂട ഹിംസയിലൂടെയും ഭരണകൂട പിന്തുണയോടെയുള്ള വംശഹത്യാശ്രമങ്ങള്ക്കിടയിലൂടെയുമുള്ള ഇന്ത്യന്‍ മുസ്ലിം ജീവിതത്തെ കൊല്ലപ്പെട്ടതും അംഗഭംഗം വന്നതുമായ ആളുകളുടെ അക്കങ്ങളില്‍ ചുരുക്കപ്പെടുകയും ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബീമാപള്ളി വെടിവയ്പ്പ്. പൈശാചികവല്‍ക്കരണത്തിനും രക്ഷാധികാരമേറ്റെടുക്കാനുള്ള ശ്രമങ്ങള്ക്കുമിടയിലെ ഇന്ത്യന്‍ മുസ്ലിം ജീവിതത്തിന് സ്വന്തം ശബ്ദം ഉച്ചത്തില്‍ മുഴക്കാന്‍ ബീമാപള്ളി വെടിവയ്പ്പ് സംഭവം കൂട്ടമറവിക്ക് വിട്ടു കൊടുക്കാതെ കേരളീയ സമൂഹത്തെ നിരന്തരം ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കേണ്ടതുണ്ട് .
മാലിക്ക് ചെയ്ത നീതി
മറവിയുടെ കയങ്ങളിലേക്ക് മലയാളി തള്ളിവിട്ടൊരു ആസൂത്രിത വംശഹത്യ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന സംഭവത്തിന്റെ ഉയിര്ത്തെഴുന്നേല്പ്. അക്ഷരാര്‍ത്ഥത്തില്‍ മഹേഷ് സൃഷ്ടിച്ചെടുത്ത റമദാന് പള്ളിയിലൂടെ കാലം ബീമാപള്ളിക്കാരോട് ചെയ്തൊരു നീതിയാണിത്.
ഒരു സമുദായത്തെ പോപുലര്‍ കലാവ്യവഹാരമായ സിനിമയിലൂടെ ‘അപരിഷ്കൃത’ ‘അക്രമോത്സുക’ ജനവിഭാഗമായി ചിത്രീകരിക്കുക മുഖേന അവര്‍ക്ക് മേല്‍ ഉണ്ടാകുന്ന എല്ലാത്തരം അക്രമങ്ങളെയും നീതിനിഷേധങ്ങളെയും സാധൂകരിക്കപ്പെടുന്നു എന്നത് കൂടിയാണ് ബീമാപള്ളി സംഭവം. വെടിയേറ്റ് മരിക്കാന്‍ യോഗ്യരായ അപരിഷ്കൃതരായ ജനതയാണ് ബീമാപള്ളിക്കാരെന്ന മുന്‍ വിധിയാണ് സംഭവ സമയത്തെ കേരളത്തെ നയിച്ച പൊതുവികാരം. പിന്നീടങ്ങോട്ടും ഇതിന് മാറ്റമുണ്ടായില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ചില കോലാഹലങ്ങളും ഏതാനും മുസ്ലിം സംഘടനകളുടെ ഒറ്റപ്പെട്ട സമരപ്രതിഷേധവും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ചില ഇടപെടലുകളും ഒഴിച്ചുനിര്‍ത്തിയാല്‍ ഈ സംഭവത്തില്‍ മലയാളി തീര്‍ത്തിരുന്ന മൗനത്തെയാണ് മഹേഷിന്റെ മാലിക്ക് എറിഞ്ഞുടച്ചിരിക്കുന്നത്.