കോഴിക്കോട്: കഴിഞ്ഞ ദിവസം ട്രെയിനില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ 25കാരന്റേത് കൊലപാതകമെന്ന് പൊലിസ്. സഹയാത്രികനായ തമിഴ്‌നാട് ശിവഗംഗ സ്വദേശിയായ സോനമുത്തു പൊലിസ് അറസ്റ്റ് ചെയ്തു. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് ആനക്കുളം റെയില്‍വേ ഗേറ്റിന് സമീപം വെച്ച് 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പുരുഷനെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലബാര്‍ എക്‌സ്പ്രസ്സില്‍ കാഞ്ഞങ്ങാട്ടുനിന്ന് ഷൊര്‍ണൂരിലേക്ക് യാത്രചെയ്യുകയായിരുന്നു പ്രതിയും മരിച്ചയാളും. ഇരുവരും വാതിലിന് സമീപം ഇരിക്കുന്നതും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും യാത്രക്കാരില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. വീഡിയോ എടുക്കുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും തര്‍ക്കം നടന്നത്. ട്രെയിന്‍ കൊയിലാണ്ടിക്കടുത്ത് മൂടാടി ആനക്കുളം ഭാഗത്ത് എത്തിയപ്പോള്‍ പ്രതിയായ സോനമുത്തു യുവാവിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നെന്നാണ് പൊലിസ് പറയുന്നത്. കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ ഇതു കാണുകയും കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലിസിനെ വിവരം അറിയിക്കുകയുമായിരുന്നു.
അറസ്റ്റിലായ സോനമുത്തിനെ റിമാന്റ് ചെയ്തു. യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments are closed for this post.