
ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്നു നടന് ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് വൈകിട്ട് 5.20 ഓടെയാണ് ദിലീപിന് പുറത്തിറങ്ങാനായത്.
85 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഇന്ന് ജാമ്യഹരജിയില്‍ വിധി പറഞ്ഞത്.
വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച്ച പൂര്‍ത്തിയായിരുന്നു. മുന്‍പ് അങ്കമാലി മജിസ്ട്രേറ്റ് കോടതി രണ്ട് തവണയും ഹൈക്കോടതി രണ്ട് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.സോപാധിക ജാമ്യം തേടിയാണ് ഇത്തവണ ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നു വിലയിരുത്തിയ ശേഷമാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യ ഉപാധികള്‍ ഇങ്ങനെ
ഹൈക്കോടതി ജാമ്യം അനുവദിച്ച വാര്‍ത്ത പുറത്തു വന്നതോടെ താരത്തെ വരവേല്‍ക്കാന്‍ ആരാധകര്‍ ആലുവ സബ് ജയിലിന് മുന്പില് തടിച്ചുകൂടി. ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജയിലിന് മുന്പില് ദിലീപിന്റെ കൂറ്റന്‍ ബോര്‍ഡു സ്ഥാപിച്ച് പൂമാല ചാര്‍ത്തി. ഒത്തുചേര്‍ന്നവര്‍ ലഡു വിതരണം നടത്തി.
ഫെബ്രുവരി 17ന് അങ്കമാലിയില്‍ വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടിയെ ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ജൂലൈ 10 നാണ് ദിലീപ് അറസ്റ്റിലായത്.നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴി.
കേസില്‍ കുറ്റപത്രം ഈയാഴ്ച്ച സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. എന്നാല്‍ കേസില്‍ നിര്‍ണായക തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡും മൊബൈല്‍ ഫോണും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.