ആലപ്പുഴ: ആലപ്പുഴ കളര്‍കോട് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അക്രമിച്ചയുവാവിനെ തിരിച്ചറിഞ്ഞു. ഇരവുകാട് സ്വദേശി വിഷ്ണുവാണ് അക്രമം അഴിച്ചു വിട്ടത്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലിസ് പറയുന്നത്. യുവാവിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ സൗത്ത് പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടക വാഹനത്തിന് നേരെ യുവാവിന്റെ ആക്രമണമുണ്ടായത്. ബസിന്റെ വാതില്‍ ചില്ല് കോടാലി കൊണ്ട് അടിച്ചുതകര്‍ത്തു. യുവാവ് തള്ളി താഴെയിട്ട ഒന്‍പതു വയസുകാരിയുടെ കൈയ്ക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി പത്തുമണിക്ക് ആലപ്പുഴ കളര്‍കോട് ജംഗ്ഷനിലാണ് സംഭവം. മലപ്പുറം ചുങ്കത്തറ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെയാണ് യുവാവ് ആക്രമണം നടത്തിയത്. ബസില്‍ ഒന്‍പത് കുട്ടികള്‍ അടക്കം 39 പേരാണ് ഉണ്ടായിരുന്നത്.
ചായ കുടിക്കാനായാണ് കളര്‍കോട് ജംഗ്ഷനില്‍ ബസ് നിര്‍ത്തിയത്. ഈസമയത്ത് ബസില്‍ ഉണ്ടായിരുന്ന രണ്ടു കുട്ടികള്‍ ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന് സമീപം നിന്ന് ഫോട്ടോ എടുത്തു. ഇത് കണ്ട യുവാവ് ഫോട്ടോ എടുത്ത ഒന്‍പത് വയസുകാരിയെ തള്ളി താഴെയിട്ടു. തന്റെയും കൂടെയുള്ള യുവതിയുടെയും ഫോട്ടോ എടുത്തു എന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് തീര്‍ത്ഥാടക സംഘം പറയുന്നു. കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
Comments are closed for this post.