
മുംബൈ: മുഷ്താഖ് അലി ടി20യില്‍ രണ്ടാം മത്സരത്തിനിറങ്ങിയ കേരളത്തിന്റെ ചുണക്കുട്ടികള്‍ മുംബൈയെ തകര്‍ത്തെറിഞ്ഞു. എട്ട് വിക്കറ്റിന്റെ മിന്നും വിജയമാണ് കേരളം സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷം വെറും രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു. പേരെടുത്ത മുംബൈ ബൗളര്‍മാരെയടക്കം വിറപ്പിച്ച് സെഞ്ചുറി നേടിയ കാസര്കോടുകാരന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികവിലാണ് കേരളം വിജയത്തിലെത്തിയത്. ഗ്രൂപ്പ് ഇയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കേരളത്തിന് എട്ട് പോയിന്റായി. ആദ്യ മത്സത്തില്‍ പോണ്ടിച്ചേരിയെയാണ് കേരളം തോല്‍പ്പിച്ചത്. .
മികച്ച സ്കോറിന്റെ അനുകൂല്യത്തില്‍ കേരളത്തെ തരപറ്റിക്കുക ലക്ഷ്യത്തോടെയാണ് മുംബൈ പന്തെറിയാന്‍ എത്തിയത്. എന്നാല്‍, മുഹമ്മദ് അസ്ഹറുദ്ദീന് (54 പന്തില്‍ പുറത്താവാതെ 137) യുവവീര്യത്തിന് മുന്നില്‍ ധവാല്‍ കുല്‍ക്കര്‍ണിയുടെ നേതൃത്വത്തിലുള്ള മുംബൈ ബൗളിങ് നിരയുടെ ശൗര്യം കെട്ടടങ്ങുകയായിരുന്നു. പന്തെടുത്ത എല്ലാ മുംബൈ ബൗളര്‍മാരും അസറുദ്ദീന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. അസ്ഹറിന് സീനിയര്‍ താരമായ റോബിന് എല്ലാ പിന്തുണയും നല്കിയപ്പോള് വിക്കറ്റുകള്‍ ഒന്നും നഷ്ടപ്പെടാതെ കേരളം നൂറ് റണ്‍സ് താണ്ടുകയായിരുന്നു.