2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കാടിന്റെ നിശബ്ദതയില്‍ വാക്കുകളുടെ ബഹളം; ആദിവാസി കോളനിയിലെ സഹോദരിമാരുടെ പുസ്തകം വെളിച്ചത്തിലേക്ക്

എന്‍.സി ഷെരീഫ്

മഞ്ചേരി: ‘ഉടലിലെന്നോ ഉറഞ്ഞു പോയുള്ള ഭയത്തെത്തേടി, നടക്കുവോരെന്റെ.
കുടലു പോലും കടഞ്ഞുകൊണ്ടുള്ള ഉരുക്കു ചങ്കിന്റെ ഉയര്‍ച്ച കാണണം’…
കാടിനകത്ത് നിന്ന് വെളിച്ചം കണ്ട സഹോദരിമാരുടെ പുസ്തകങ്ങളിലെ വരികളാണ്.
ഇരുവരും കുഞ്ഞിളം പ്രായത്തിലെ കണ്ടു ശീലിച്ചത് കോടതി വരാന്തകളും കലക്ടറേറ്റ് മുറ്റവും. അമ്മയുടെ ഒക്കത്തേറിയും കൈവിരലില്‍ തൂങ്ങിയും നീതിതേടിയുള്ള അലച്ചില്‍. കാടിനകത്ത് നിന്നും കുടിയൊഴിപ്പിക്കാന്‍ വന്നവരോട് കലഹിച്ചും പുസ്തകം എഴുതി പോരാടിയും കഴിഞ്ഞ നാളുകള്‍. ഒടുവില്‍ പ്രതികാരമെന്നോണം അവരില്‍ ഒരാള്‍ കാടുകാക്കാന്‍ ഔദ്യോഗിക യൂനിഫോമണിഞ്ഞ് ഇന്ന് സര്‍ക്കാര്‍ സര്‍വീസിലേക്ക്.

മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കുരീരി ആദിവാസി കോളനിയിലെ ശൈലജ മുപ്പാലിയും സഹോദരി ജയന്തി മുപ്പാലിയും അനുഭവിച്ച നെരിപ്പോടിന്റെ വേദനയാണ് നാല് പുസ്തകങ്ങള്‍. പൊടുന്നനെ കടല്‍ വറ്റുന്ന രൗദ്രത, അണച്ചാലുമാളുന്ന തീനാമ്പുകള്‍, നേരിനെ കൊല്ലുന്ന നുണ, തൂക്കിലേറ്റിയ വാക്കുകള്‍.. കാപട്യങ്ങളെ തൊലിയുരിച്ച് കാണിക്കുന്ന ഒത്തിരി സന്ദര്‍ഭങ്ങളാണ് നാല് പുസ്തകങ്ങളിലും വിവരിക്കുന്നത്. കായിക താരമാകേണ്ടിയിരുന്ന ശൈലജയും ചിത്രകാരിയാകേണ്ടിയിരുന്ന ജയന്തിയും കവിതയിലേക്ക് വഴിമാറി നടന്നതിനു പിന്നിലെ കാരണം അരികുവത്ക്കരിക്കപ്പെട്ടവരുടെ ആത്മനൊമ്പരങ്ങളും അവഗണിച്ചവരോടുള്ള പ്രതിഷേധങ്ങളും പ്രകടിപ്പിക്കാനുള്ള എളുപ്പവഴി ഇതാണെന്ന കണ്ടെത്തലാണ്.

വെള്ളത്തിന്റേയും വെളിച്ചത്തിന്റേയും വഴിയുടേയുമെല്ലാം കാര്യത്തില്‍ താന്‍ ഉള്‍പ്പെടുന്ന ആദിവാസികള്‍ കാലങ്ങളായി അനുഭവിക്കുന്ന അവഗണന കണ്ടു വളര്‍ന്ന ശൈലജയും ജയന്തിയും ആരോടെന്നില്ലാതെ കവിതയിലൂടെ കലഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഗദ്യത്തിന്റെ തെളിച്ചമുള്ള കുറിയ വരികളിലൂടെ പലപ്പോഴായി മനസ്സ് നടത്തിയ ആ കലഹത്തിന്റെ ശബ്ദ രൂപങ്ങളെ കൈയില്‍കിട്ടിയ കീറക്കടലാസുകളില്‍ അവര്‍ കുറിച്ചു വെച്ചപ്പോള്‍ കുറുങ്കവിതകളുടെ ഒരു സമാഹാരമായി അത് മാറി. അങ്ങനെയാണ് കൊടുംകാടിനകത്ത് നാല് പുസ്തകങ്ങള്‍ പ്രകാശിതമായത്.

തെല്ലും മൂര്‍ച്ചക്കുറവില്ലാത്ത അവരുടെ വാക്കുകള്‍ ചിലരുടെ മനസ്സിലെങ്കിലും അമ്പു പോലെ തറക്കുകയും ചെയ്തിട്ടുണ്ട്. നിരന്തരമായ നിയമപോരാട്ടത്തിലൂടെ കാടിന് മരണമണി കെട്ടാന്‍ എത്തിയ ക്വാറി മാഫിയയെ അവര്‍ തുരത്തി. അവരോടായി ആളിക്കത്തിയ പ്രതിഷേധത്തിന്റെ തീക്കനലാണ് വരികളില്‍ നിറയെ.

ശൈലജ ഇന്ന് സര്‍ക്കാര്‍ സര്‍വീസിലേക്ക്

ഈ വനിതാ ദിനത്തില്‍ ശൈലജയെ തേടിയെത്തിയ സമ്മാനമാണ് സര്‍ക്കാര്‍ ജോലി. നിലമ്പൂര്‍ ട്രൈബല്‍ സ്‌പെഷ്യല്‍ പ്രോജക്ടിന്റെ പി.എസ്.സി പരീക്ഷാ പരിശീലനത്തിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ചുമതലയേല്‍ക്കുകയാണവള്‍. 2004 ല്‍ തിരുവനന്തപുരത്തെ അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ സംസ്ഥാനത്തെ മൊത്തം വിദ്യാര്‍ഥികളെ പിന്നിലാക്കി 3000 മീറ്റര്‍, 5000 മീറ്റര്‍ നടത്ത മത്സരങ്ങളില്‍ ശൈലജ സ്വര്‍ണം നേടിയിരുന്നു. കാലിനേറ്റ പരുക്ക് കായിക വഴികളില്‍ നിന്ന് അവളെ കാട്ടില്‍ തളച്ചിട്ടു. മാറിനില്‍ക്കാതെ പൊരുതിയാണ് ഈ ജോലി നേട്ടം കൈവരിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.