2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘ അങ്ങനെയാരും വിരട്ടാന്‍ നോക്കണ്ട, ഇത് കേരളമാണ്’; വ്യാപാരികളുടെ സമരത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വ്യാപാരികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ സമീപനം ഇതാണെങ്കില്‍ നാളെ നടക്കുന്ന വ്യാപാരികളുടെ സമരത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പറവൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് വര്‍ഷമായതു കൊണ്ടു തന്നെ ലോക്ക്ഡൗണില്‍ നിരവധി ആനുകൂല്യങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ ഇത്തവണ ഒന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി വീടുകളില്‍ ജപ്തി നോട്ടിസ് ലഭിച്ചിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. ഈ അവസ്ഥയില്‍ കട പോലും തുറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോഴുള്ള വ്യാപാരികളുടെ സ്വാഭാവിക പ്രതിഷേധമാണ് ഇപ്പോള്‍ കാണുന്നത്. കടക്കെണിയില്‍ പെട്ട മനുഷ്യര്‍ പ്രതികരിക്കുമ്പോള്‍ മുഖ്യമന്ത്രി അവരെ വിരട്ടുന്നത് ശരിയല്ലെന്നും സതീശന്‍ പറഞ്ഞു.

‘ഇത് കേരളമാണ് അങ്ങനെയാരും വിരട്ടാന്‍ നോക്കണ്ട, അങ്ങനെ പേടിപ്പിച്ചിട്ട് ഇവിടെ ഭരിക്കാമെന്ന് ആരും വിചാരിക്കണ്ട. ആ രീതി മുഖ്യമന്ത്രി കൈവിടണം, അത് മുഖ്യമന്ത്രിയുടെ പഴയ രീതിയാണ് അത് ഇവിടെ എടുക്കേണ്ട. അത് പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ എടുക്കേണ്ട രീതിയാണ്. മുഖ്യമന്ത്രിയായി ഇരുന്നുകൊണ്ട് സമരം ചെയ്യുന്നവരെ വിരട്ടി അത് ചെയ്തു കളയും ഇത് ചെയ്തുകളയും എന്നൊന്നും പേടിപ്പിക്കണ്ട ഞങ്ങളവര്‍ക്ക് പിന്തുണ കൊടുക്കും’ അദ്ദേഹം. തുറന്നടിച്ചു.

ലോക്ക്ഡൗണ്‍ തുടരുന്നതില്‍ സര്‍ക്കാരിലെ തന്നെ വിദഗ്ധര്‍ക്ക് രണ്ട് അഭിപ്രായമാണ്. കട തുറക്കുന്നതിലെ നിയന്ത്രണങ്ങളിലെ ശാസ്ത്രീയ എന്താണെന്നും അദ്ദേഹം ചോദിച്ചു. തിരക്ക് കുറയ്ക്കാന്‍ വേണ്ടിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പക്ഷേ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ അനുസരിച്ച് തിരക്ക് കൂടുകയാണ് ചെയ്യുക. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കേരളത്തിലെ കടകളില്‍ വലിയ ആള്‍ക്കൂട്ടമാണ്. ഇതിനെതിരേയാണ് വ്യാപാരികള്‍ പരാതി കൊടുത്തത്.

ന്യായമായി സമരം ചെയ്യുന്നവരുടെ അവകാശത്തെ മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. ഒരു വിട്ടുവീഴ്ചയും അക്കാര്യത്തിലില്ല. ഈ കാലഘട്ടത്തില്‍ ആളുകളെ സഹായിക്കുന്നതിന് പകരം വിരട്ടാന്‍ ഇറങ്ങുന്നത് ശരിയല്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാരിന് പ്രതിപക്ഷം നിരുപാധികമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ ഭാഷയില്‍ സര്‍ക്കാര്‍ പ്രതികരിച്ചാല്‍ അത് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.