
മലപ്പുറം: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ ശക്തമായി നിലകൊണ്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 99 വയസ്സ്. മലപ്പുറം കോട്ടക്കുന്നിന്റെ ചെരിവില്‍ വെച്ച് 1922 ജനുവരി 20നാണ് അദ്ദേഹത്തെ ബ്രിട്ടിഷ് സേന വെടിവെച്ച് കൊന്നത്.
മലബാര്‍ കര്‍ഷക സമരത്തെ മുന്നില്‍ നിന്ന് നയിച്ച ധീരയോദ്ധാവ് കൂടിയായിരുന്നു അദ്ദേഹം. രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാവുകയാണ് വാരിയംകുന്നന്റെ പോരാട്ട ഓര്‍മകള്‍. മലബാര്‍ സമരത്തെ വര്‍ഗീയ കലാപമായി മുദ്രയടിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നവര്‍ക്കുമുന്നില്‍ ആ പോരാട്ട വീര്യത്തെ ഒന്നു കൂടി തെളിച്ചു നിര്‍ത്തുന്നു കമ്പളത്ത് ഗോവിന്ദന് നായരുടെ ഈ വരികള്‍.
1866 ല്‍ ഒരു സമ്പന്ന മുസ്ലിം കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതിന്റെ പേരില്‍ ആന്‍ഡമാന്‍ ദ്വീപുകളിലേക്ക് നാടുകടത്തപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഇങ്ങനെ ബ്രിട്ടിഷുകാര്‍ നാട്ടുകാര്‍ക്കും സ്വന്തം കുടുംബത്തിനും നേര്‍ക്ക് നടത്തിയ പീഡനത്തിന്റെയും അനീതിയുടെയും കഥകള്‍ കേട്ടാണ് വാരിയംകുന്നന് വളര്‍ന്നത്. ഈ കഥകളോരോന്നും പക്ഷേ മറവിയുടെ ആഴങ്ങളിലേക്ക് വിട്ടു കളയാനുള്ളതായിരുന്നില്ല അദ്ദേഹത്തിന്. ഓരോ കഥകളും അദ്ദേഹത്തിന് വീര്യം പകര്‍ന്നു.
ബ്രിട്ടീഷ് ഭരണാധികാരികളോടും ജന്മി നാടുവാഴിത്തത്തിന്റെ ക്രൂരമായ സാമൂഹ്യനീതിയോടും പൊരുതാനുള്ള കരുത്തായി. ബ്രിട്ടീഷ് സൈന്യത്തോട് പോരാടി സ്വതന്ത്രമായ ഒരു നാട്ടുരാജ്യം തന്നെ സ്ഥാപിച്ചു അദ്ദേഹം. വാരിയം കുന്നത്ത് ആ രാജ്യത്തിനിട്ട പേര് ‘മലയാള രാജ്യം’ എന്നായിരുന്നു.
താന്‍ സ്ഥാപിച്ച നാട്ടുരാജ്യത്തിലെ നീതിമാനായ ഭരണാധികാരി കൂടിയായിരുന്നു കുഞ്ഞഹമ്മദ് ഹാജി. സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ടിപ്പു സുല്‍ത്താന്‍ ശേഷം ബ്രിട്ടീഷുകാരുടെ യഥാര്‍ഥ വിരോധി എന്ന നിലക്ക് തന്നെയായിരുന്നു ഈ സ്ഥാനപ്പേര് അദ്ദേഹത്തിന് നാട്ടുകാര്‍ നല്‍കിയത്.
1922 ജനുവരിയില്‍ ഒരു ഉടമ്പടിയുടെ മറവില്‍ ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ ചതിക്കുകയും വധശിക്ഷക്കു വിധിക്കുകയുമായിരുന്നു. 1922 നാണു അദ്ദേഹത്തെയും രണ്ടു കൂട്ടാളികളെയും വധിച്ചത്.
‘നിങ്ങള്‍ കണ്ണ് കെട്ടി പിറകില്‍ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാല്‍ എന്റെ കണ്ണുകള്‍ കെട്ടാതെ, ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍ നിന്ന് വെടിവെക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ വന്നു പതിക്കേണ്ടത് എന്റെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം’
എന്ന് ഹാജി ആവശ്യപ്പെട്ടതായി ചരിത്ര രേഖകള്‍. അന്ത്യാഭിലാഷം അംഗീകരിച്ചു കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത് ഹാജിയുടെ വധ ശിക്ഷ ബ്രിട്ടീഷ് പട്ടാളം നടപ്പില്‍ വരുത്തി.