കൊല്ലം: കേരളയൂണിവേഴ്‌സിറ്റിയുടെ രണ്ട് വിഷയങ്ങളില്‍ ഒന്നാം റാങ്കുകള്‍ കരസ്ഥമാക്കി അയല്‍വാസികളായ കൂട്ടുകാരികള്‍ അഞ്ചല്‍ കുട്ടന്‍കര ഗ്രാമത്തിന്റെ അഭിമാനമാകുന്നു. അഞ്ചല്‍ തഴമേല്‍ കുട്ടന്‍കര അരുന്ധതി നിലയത്തില്‍ അരുന്ധതി മോഹനും കലാഭവനില്‍ എസ്. സുശ്രീയുമാണ് ഒന്നാം റാങ്കുകള്‍ നേടി അഭിമാനകരമായ നേട്ടം കൈവരിച്ചത്.
അരുന്ധതി മോഹന് ബി.എ ഹിന്ദിയിലും സുശ്രീയ്ക്ക് ബി.എ ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലുമാണ് ഒന്നാം റാങ്കുകള്‍ ലഭിച്ചത്. അരുന്ധതിയുടെ റാങ്കാണ് ആദ്യം അറിഞ്ഞത്. തൊട്ടടുത്ത ദിവസംതന്നെ അയല്‍വാസിയും കൂട്ടുകാരിയുമായ സുശ്രീയ്ക്കും റാങ്ക് നേടാന്‍ കഴിഞ്ഞെന്ന വാര്‍ത്ത അറിഞ്ഞതോടെ ഇരുകുടുംബങ്ങളേക്കാളുമുപരി നാട്ടുകാര്‍ക്കും ആഹ്ലാദത്തിനുള്ള വകയായി. സുശ്രീ 8.55 ഗ്രേഡോടെ ഒന്നാം റാങ്ക് നേടിയപ്പോള്‍ 9.02ന്റെ മികച്ച ഗ്രേഡോടെയാണ് അരുന്ധതിയുടെ നേട്ടം. റാങ്ക് നേട്ടമറിഞ്ഞ് നിരവധിപേരാണ് അഭിനന്ദനപ്രവാഹവുമായി ഇരുവരുടേയും വീടുകളിലെത്തുന്നത്.
നാട്ടിലെ ആദ്യറാങ്ക് ജേതാക്കള്‍ക്കായി സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കുട്ടന്‍കര നിവാസികള്‍. ഇതിനായുള്ള തയ്യാറെടുപ്പുകളും നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ചുകഴിഞ്ഞു. അരുന്ധതി കൊല്ലം എസ്.എന്‍ വനിതാ കോളജിലും സുശ്രീ അഞ്ചല്‍ കോളജിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. അഞ്ചല്‍ വെസ്റ്റ് ഗവ. എച്ച്.എസ്.എസിലാണ് അരുന്ധതി പ്ലസ്ടു വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. ഇരട്ടസഹോദരിമാരായ അതുല്യ മോഹനും അമല മോഹനും പഠനത്തില്‍ ഒട്ടുംപിന്നിലല്ല. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇരുവരും എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് വിജയിച്ചത്. ബിസിനസുകാരനായ മോഹനന്റേയും അധ്യാപികയായ ബേബിയുടേയും മകളാണ് അരുന്ധതി. ഹിന്ദിയില്‍തന്നെ ബിരുദാനന്തര ബിരുദവും ബി.എഡും പൂര്‍ത്തിയാക്കി അമ്മയുടെ പാത പിന്തുടര്‍ന്ന് അധ്യാപികയാകാനാണ് അരുന്ധതിയുടെ മോഹം.
ഡല്‍ഹിയില്‍ സ്ഥിരതാമസമായിരുന്നതിനാല്‍ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷമാണ് സുശ്രീ നാട്ടിലെത്തിയത്. പ്ലസ് ടുവിനും സ്‌കൂള്‍ ടോപ്പറായിരുന്ന സുശ്രീ അഞ്ചല്‍ കോളജില്‍ നടന്ന ആര്‍ട്‌സ് പരിപാടികളില്‍ കലാതിലകമായും കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഫണ്ടില്‍ നിന്നും 2005 മുതല്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് നേടാനും ഈ മിടുക്കിക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ പ്രത്യേക സുരക്ഷാവിഭാഗത്തില്‍ ഓഫിസറായിരുന്ന പി.ടി സുനില്‍ കുമാറിന്റെയും അധ്യാപികയായ എസ് ശ്രീകലയുടെയും മകളാണ് സുശ്രീ.
Comments are closed for this post.