2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മലയാളികള്‍ക്ക് ഇന്ന് പുത്തന്‍ പ്രതീക്ഷയുടെ വിഷു

തിരുവനന്തപുരം: ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ പുതുക്കി ഇന്ന് മലയാളികള്‍ വിഷു ആഘോഷിക്കുന്നു. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന നന്മയുടെ പ്രതീക്ഷയിലേക്കാണ് ഒരോ മലയാളിയും ഇന്ന് കണി കണ്ടുണരുന്നത്. കൊവിഡ് തീര്‍ത്ത പ്രതിസന്ധിയുടെ കാലത്തെ അതിജീവിക്കുന്ന മലയാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷകളുടെ പുതുവര്‍ഷപ്പുലരി കൂടിയാണ് വിഷു.

പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ പൊന്‍കണി. കണി കണ്ടു കഴിഞ്ഞാല്‍ പിന്നെ കൈനീട്ടം. മുതിര്‍ന്നവരില്‍ നിന്നും കൈ നീട്ടം ലഭിച്ചാല്‍ പിന്നെ ആഘോഷങ്ങളുടെ തുടക്കമായി. പിന്നെ വിഷു സദ്യയും.

പ്രത്യാശയ്ക്കുമേല്‍ കരിനിഴലായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പടര്‍ന്നു നിന്ന കൊവിഡ് ഭീതി ഇക്കുറി ഒരു പരിധിവരെ മാറി നില്‍ക്കുന്നതിനാല്‍ ആഘോഷങ്ങള്‍ വീടുകള്‍ക്ക് പുറത്തേക്കും സന്തോഷം വിതറുകയാണ്. പൊതുവിടങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ കൂട്ടായുളള ആഘോഷങ്ങള്‍ക്ക് ഇക്കുറി കുറവുണ്ടാകില്ല. ആശങ്കകള്‍ അകന്നു നിക്കുന്ന നല്ലൊരു നാളെയിലേക്കുള്ള പ്രത്യാശയാണ് മലയാളികളുടെ മനസില്‍ ഇത്തവണ വിഷു നിറയ്ക്കുന്നത്.

വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് വിഷു. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമാണ് വിഷുവെന്നതടക്കമുള്ള ഐതിഹ്യങ്ങള്‍ ഏറെയുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.