2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗൾഫിലേക്ക് ഇനി കപ്പലിൽ യാത്ര പോകാം; ടിക്കറ്റ് നിരക്ക് പതിനായിരം മാത്രം, ടെൻഡർ നടപടികൾ ഉടൻ

ഗൾഫിലേക്ക് ഇനി കപ്പലിൽ യാത്ര പോകാം; ടിക്കറ്റ് നിരക്ക് പതിനായിരം മാത്രം, ടെൻഡർ നടപടികൾ ഉടൻ

ഷാർജ: പ്രവാസികളുടെയും സഞ്ചാരികളുടെയും ചിരകാല സ്വപ്‌നമായിരുന്നു ഗൾഫ് നാടുകളിലേക്കും തിരിച്ചും കപ്പൽ മാർഗമുള്ള യാത്ര. ഷാർജയിൽ നിന്ന് ഈ കപ്പൽ യാത്രക്ക് മുൻപൊരു ഗ്രീൻ സിഗ്നൽ കിട്ടിയതിന് പിന്നാലെ ഇപ്പോഴിതാ നടപടി ശക്തമാക്കി ഇന്ത്യൻ ഗവൺമെന്റും. കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ കഴിഞ്ഞ ദിവസം ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യത്തിലെ ഏറ്റവും പുതിയ നീക്കം. ഹൈബി ഈഡൻ എം പി യുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുത്തനെ കൂടുന്ന വിമാന ടിക്കറ്റിന് ബദലായി കുറഞ്ഞ നിരക്കിൽ ഗൾഫിലേക്ക് കപ്പലിൽ പോകാൻ സാധിച്ചാൽ അത് പ്രവാസികൾക്ക് വലിയ നേട്ടമാകും.

ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കും കപ്പൽ സർവീസ് നടത്താൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ നേരത്തെ ശ്രമം നടത്തിയിരുന്നു. ഇതിന് പച്ചക്കൊടി വീശുന്നതാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ മാസം ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നോർക്ക റൂട്ട്‌സ്, കേരള മാരിടൈം ബോർഡ് എന്നിവയുമായി നടത്തിയ വെർച്വൽ മീറ്റിങ്ങിലാണ് ഇക്കാര്യം കപ്പൽ സർവീസ് സംബന്ധിച്ച തീരുമാനം എടുത്തത്. ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

സർവീസ് നടത്താൻ അനുയോജ്യമായ കപ്പലുകൾ കൈവശം ഉള്ളവർക്കും, ഉടനടി കപ്പൽ നൽകാൻ കഴിയുന്നവർക്കും, സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവർക്കും ടെൻഡറിൽ പങ്കെടുക്കാം. ടെൻഡർ വൈകാതെ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. കപ്പൽ സർവീസ് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

   

10,000 രൂപയാകും ടിക്കറ്റ് നിരക്കെന്നാണ് സൂചന. കാർഗോ കമ്പനികളുമായി ചേർന്നാണ് സർവീസ് ഏർപ്പെടുത്തുക എന്നതിനാലാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമായി കണക്കാക്കുന്നത്. ഒരു ട്രിപ്പിൽ 1250 പേർക്ക് വരെ യാത്ര ചെയ്യാം. എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രാ സർവീസിന് ഉപയോഗിക്കുക. കൊച്ചിയിൽ മറ്റൊരു സംസ്ഥാനത്തിന് വേണ്ടി നിർമാണം പൂര്‍ത്തിയായി, പിന്നീട് അവർ വേണ്ടെന്ന് വച്ച കപ്പലാണ് ദുബൈ–കേരള സർവീസിന് കണ്ടുവച്ചിട്ടുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.