2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജീവനെടുക്കുന്ന അന്ധവിശ്വാസവും ആഭിചാരവും, കേരളം സാക്ഷിയായ നാടിനെ നടുക്കിയ നരബലികള്‍

ശാസ്ത്ര പുരോഗതിയും സമ്പൂര്‍ണ സാക്ഷരതയും എല്ലാം ഉയര്‍ത്തിപ്പിടിച്ച് കേരളം നേടിയെടുത്തെന്നവകാശപ്പെടുന്ന പുരോഗമന ആശയങ്ങള്‍ക്ക് മേലുള്ള വലിയൊരു ചോദ്യചിഹ്നമാണ് ആഭിചാരത്തിന് വേണ്ടി ഇലന്തൂരില്‍ നടത്തിയ നരബലി. എന്നാല്‍ നാടിനെ നടുക്കിയ ആഭിചാര കൊലകള്‍ക്കും നരബലികള്‍ക്കും കേരളം ഇതിനു മുന്‍പും പലതവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

1981 ഡിസംബറില്‍ ഇടുക്കി പനംകുട്ടിയിലെ സോഫിയയുടെ കൊലപാതകം നാടിനെ മുഴുവന്‍ നടുക്കിയ ഒന്നായിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രിവാദിയുടെ നിര്‍ദേശം അനുസരിച്ച് നിധി ലഭിക്കുമെന്ന വിശ്വാസത്തില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു സോഫിയയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചിടുകയായിരുന്നു. പൊലിസ് അന്വേഷണത്തില്‍ കുറ്റം തൊളിഞ്ഞതോടെ സോഫിയയുടെ ഭര്‍ത്താവ് മോഹനന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

1973 മെയ് 29ന് കൊല്ലം ശങ്കരോദയം എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ദേവദാസന്‍ എന്ന ആറ് വയസുകാരന്‍ ക്രൂരമായ നരബലിക്ക് ഇരയായി. അയല്‍വാസിയായ അഴകേശന്‍ ദേവപ്രീതിക്കായി വിഗ്രഹത്തിന് മുന്നിലിട്ട് കുട്ടിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 1996 ഡിസംബര്‍ 31ന് കായംകുളം കുഴിത്തറയില്‍ ആഭിചാരക്രിയക്ക് വേണ്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത് ആറ് വയസ്സുകാരി പെണ്‍കുട്ടി അജിതയാണ്. മക്കളില്ലാതിരുന്ന തുളസി,വിക്രമന്‍ ദമ്പതികളാണ് സന്താന സൗഭാഗ്യത്തിനായി അജിതയുടെ ജീവന്‍ ബലികൊടുത്തത്. സ്‌കൂളില്‍നിന്നും മടങ്ങുകയായിരുന്ന അജിതയെ വീട്ടിലെത്തിച്ച് രാത്രി മന്ത്രവാദിയുടെ സഹായത്തോടെ കുട്ടിയുടെ ദേഹത്ത് മുറിവുണ്ടാക്കി രക്തം ഊറ്റിയെടുത്ത് ശരീരം അടുത്തുള്ള കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

   

2004ല്‍ പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപവും നാല് വയസുകാരന്‍ ക്രൂരമായി കൊല്ലപ്പെട്ടു. റെയില്‍വേ സ്റ്റേഷനില്‍ അച്ഛനും അമ്മക്കും ഒപ്പം കിടന്നുറങ്ങിയ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭാരതപ്പുഴയുടെ തീരത്ത് കൈകാലുകള്‍ ഛേദിക്കപ്പെട്ട് മരണപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് സമീപം പൂജകള്‍ നടത്തിയിരുന്നതായി പൊലിസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

2014 ഓഗസ്റ്റ് 9 പൊന്നാനിയില്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന യുവതിയും ഇതേ വര്‍ഷം തന്നെ കരുനാഗപ്പള്ളിയില്‍ തഴവ സ്വദേശിയായ ഹസീന എന്ന യുവതിയും മന്ത്രവാദത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഹസീനയുടെ കൊലപാതകത്തില്‍ മന്ത്രവാദിയായ സിറാജുദ്ദീന്‍ അന്ന് അറസ്റ്റിലായിരുന്നു.

2018 ഓഗസ്റ്റ് 4ന് ആണ് തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്തു ദുര്‍മന്ത്രിവാദം നടത്തിയിരുന്ന കൃഷ്ണനേയും ഭാര്യ സൂശീലയേയും മക്കളേയും സഹായി ആയിരുന്ന അനീഷ് കൊന്നു കുഴിച്ചു മൂടി. കൃഷ്ണനു 300 മൂര്‍ത്തികളുടെ ശക്തി ഉണ്ടെന്നും അത് അപഹരിക്കണം എന്ന ഉദ്ദേശത്തോടെയാണ് കൊല നടത്തിയതെന്നുമായിരുന്നു പൊലീസ് അന്വേഷണത്തില്‍ അനീഷിന്റെ വെളിപ്പെടുത്തല്‍.

2019 മാര്‍ച്ചില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ തുഷാര എന്ന എന്ന യുവതിയുടെ ജീവനെടുത്തതും ദുര്‍മന്ത്രവാദമാണ്. ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും ദുര്‍മന്ത്രവാദ ചികില്‍സയിലാണ് തുഷാര കൊല്ലപ്പെട്ടത്. ബാധ ഒഴിപ്പിക്കാന്‍ നടത്തിയ ദുര്‍മന്ത്രവാദ ചികില്‍സയുടെ ഭാഗമായി മന്ത്രവാദിയുടെ ഉപദേശപ്രകാരം പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയും മാത്രമാണ് തുഷാരക്ക് നല്‍കിയിരുന്നത്. വിവാഹ സമയത്ത് പൂര്‍ണ ആരോഗ്യവതിയായിരുന്ന തുഷാരയ്ക്ക് മരിക്കുമ്പോള്‍ വെരും 20 കിലോ മാത്രമായിരുന്നു തൂക്കം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.