2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടി കവിഞ്ഞു; രണ്ടാം മുന്നറിയിപ്പു നല്‍കി ജില്ലാ ഭരണകൂടം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി കവിഞ്ഞു. ജലനിരപ്പ് 138.05 അടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് മുല്ലപ്പെരിയറില്‍ ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു.

മുല്ലപ്പെരിയാര്‍ ഡാം നാളെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജല നിരപ്പ് താഴുകയും ചെയ്താല്‍ മാത്രമേ തുറക്കുന്ന കാര്യം പുന:പരിശോധിക്കുകയുളളു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അണക്കെട്ടില്‍ 127 അടിയായിരുന്നു ജലനിരപ്പ്

അതിനിടെ മുല്ലപ്പെരിയാര്‍ കേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജലനിരപ്പ് 142 അടിയില്‍ നിന്ന് മാറ്റേണ്ടെന്ന മേല്‍നോട്ട സമിതിയുടെ നിലപാടിനെതിരെ കേരളം റിപ്പോര്‍ട്ട് നല്‍കും. കനത്ത മഴ സാധ്യതയുള്ളതിനാല്‍, ജലനിരപ്പ് 139 അടിയിലും താഴെ നിര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്നാണ് കേരളം ഇന്നലെ ആവശ്യപ്പെട്ടതെങ്കിലും വൈകിട്ട് വന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ 139 അടിയില്‍ താഴെ ജലനിരപ്പ് ക്രമീകരിക്കാന്‍ കേരളം ആവശ്യപ്പെട്ടേക്കും.

വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ അടിയന്തര തീരുമാനമെടുക്കണമെന്നും കേരളം സുപ്രിം കോടതിയെ അറിയിക്കും.

ഉച്ചയ്ക്ക് രണ്ടു മണിക്ക് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. അണക്കെട്ടിന്റെ ജലനിരപ്പ് പരിധിയില്‍ മാറ്റംവരുത്തേണ്ട സാഹചര്യം ഇല്ലെന്ന് മേല്‍നോട്ട സമിതി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
സെക്കണ്ടില്‍ 3800ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

അണക്കെട്ട് തുറക്കുന്ന സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് സര്‍ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട് . മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നുവിട്ടാല്‍ പെരിയാര്‍ നദിയിലൂടെ ഇടുക്കി അണക്കെട്ടിലാണ് എത്തുക.

ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഡിസംബറില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.