2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വീടൊരുക്കുമെന്ന ഉറപ്പുമായി തങ്ങളെത്തി; തലചായ്‌ക്കൊനൊരിടത്തിനായി, അവസാനിപ്പിച്ച പ്രവാസത്തിലേക്ക് തിരിച്ചു പറന്ന 66കാരി ജമീലാത്താക്ക് ഇനി സമാധാനമായി ഉറങ്ങാം

   

ദുബായ്: ഇനി ജമീലാത്താക്ക് സമാധാനത്തോടെ ഉറങ്ങാം. പതിറ്റാണ്ടിലേറെ പൊള്ളുന്ന വെയില്‍ കൊണ്ടുണ്ടാക്കിയത് മുഴുവന്‍ സ്വന്തമാക്കിയ ജീവന്റെ പാതി വീട്ടില്‍ നിന്നിറക്കി വിട്ട അവര്‍ക്ക് തണലൊരുക്കാമെന്നുറപ്പു നല്‍കിയിരിക്കുകയാണ് മുനവ്വറലി തങ്ങള്‍. അവരാശിച്ച പോലൊരു കുഞ്ഞു വീട് അതാണ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ ഉറപ്പ്.

22ാം വയസ്സില്‍ തുടങ്ങിയതാണ് ജമീല താത്ത പൊള്ളുന്ന മരുഭൂവില്‍ വെയില്‍ കൊള്ളാന്‍. ഏക മകളെ പഠിപ്പിച്ചു. എവളെ കെട്ടിച്ചു. അവളുടെ നാലു മക്കളേയും കെട്ടിച്ചു. ഇതിനിടക്ക് വെയില്‍ മഴ നനഞ്ഞ് മാറിപ്പോയതും മഴക്കു മേല്‍ മഞ്ഞു പെയ്ത് വസന്തമായതും തളിരിലകള്‍ മൂത്ത് വാടിക്കൊഴിഞ്ഞതും അവക്കിടയില്‍ പലനിറത്തിലുള്ള പൂക്കള്‍ ചിരിച്ചതും ആ പൂക്കളെല്ലാം വീണ്ടുമൊരു വേനലില്‍ കരിഞ്ഞമര്‍ന്നതും അവക്കു മേല്‍ മഴത്തുള്ളികളായി വീണ്ടും പുതുനാമ്പുകള്‍ തലപൊക്കിയതും ഒന്നും അവരറിഞ്ഞില്ല. 22കാരിയുടെ മൃദുലമായ കൈവെള്ളകളില്‍ തഴമ്പു നിറഞ്ഞതും മാറിമാറി വന്ന കാലങ്ങള്‍ ചുളിവ് വീഴ്ത്തിയതും പോലും അവരറിഞ്ഞില്ല. എല്ലാം കഴിഞ്ഞൊരു നാളില്‍ വയ്യാതായല്ലോ എന്ന് തോന്നിയ തളര്‍ന്നുതുടങ്ങിയൊരു നാളില്‍ അവര്‍ തിരിച്ചു പറന്നു. ഒറ്റക്ക് താന്‍ പോറ്റിയ ഒറ്റക്ക് താന്‍ കൂടൊരുക്കി നല്‍കിയ ഒറ്റക്ക് താന്‍ ജീവനും ജീവിതവും നല്‍കിയ മകള്‍ക്കരികിലേക്ക്. അടര്‍ന്നു പോയ കാലങ്ങളുടെ അകല്‍ച്ചയോ ഇനിയൊന്നും തനിക്ക് ലഭിക്കാനില്ലെന്ന ചിന്തയോ ജമീല താത്തയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘കറവ വറ്റിയ പശു’ എന്ന തോന്നലോ അവര്‍തന്നെ സ്വരുക്കൂട്ടിയൊരുക്കിയ കിനാപ്പന്തലില്‍ പക്ഷേ അവര്‍ക്കിടമില്ലാതായി.

അങ്ങിനെ 66ാം വയസ്സില്‍ അവര്‍ വീണ്ടും മരുഭുമിയിലെ കൊടും വെയിലിലേക്ക് തിരിച്ചു പറന്നു. സമാധാനത്തോടെ തലചായ്ക്കാന്‍ ഒരൊറ്റമുറി വീട്. അതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതിനായി തളര്‍ന്നു തുടങ്ങിയ ശരീരത്തെ താങ്ങിപ്പിടിച്ച് അവര്‍ അവിടുത്തെ അടുക്കളകളില്‍ നിന്ന് അടുക്കളകളിലേക്കോടി. ചുളിഞ്ഞ മെലിഞ്ഞ ആ കൈവിരലുകള്‍ കോര്‍ത്ത് കോര്‍ത്ത് അവരങ്ങിനെ വീണ്ടും ഒരിത്തിരി സ്ഥലത്തിന്റെ ഉടമയായി…ഇത് കഥയല്ല ജീവിതമാണ്. തൃശൂര്‍ ചേലക്കര സ്വദേശിയായ ജമീലയുടെ ജീവിതം. മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ രാഘവനാണ് ഇവരുടെ കഥ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാ ജമീലാത്താക്ക് വീട് നല്‍കുമെന്ന വാഗ്ദാനവുമായി തങ്ങള്‍ രംഗത്തെത്തിയത്. ജമീലാത്തയെ നേരില്‍ വന്നു കണ്ടാണ് തങ്ങള്‍ ഉറപ്പു നല്‍കിയത്. ഇക്കാര്യം അരുണ്‍ മറ്റൊരു പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

തങ്ങളുടെ ഇടപെടലിന് ഇടയാക്കിയ അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

കറവ വറ്റിയ ഒരു പ്രവാസിയുടെ കഥപറയാം…
ഇരുപത്തിരണ്ടാംവയസ്സില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ജമീല ഏക മകളെ പഠിപ്പിച്ചു മിടുക്കിയാക്കാന്‍ കടല്‍ കടന്നതാണ്. അറബി വീട്ടില്‍ പണിയെടുത്തകാശുകൊണ്ട് മകളെയും ആ മകളുടെ നാലു പെണ്‍മക്കളെയും കെട്ടിച്ചയച്ചപ്പോഴേക്ക് ജമീലയ്ക്ക് വയസ്സ് അറുപതായി. ആരോഗ്യം മോശമായപ്പോള്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഗള്‍ഫുകാരിക്കു കിട്ടിയ പതിവു സ്വീകരണവും സ്‌നേഹമൊന്നും ഇത്തവണ ഉണ്ടായില്ല. വാര്‍ദ്ധക്യത്തിന്റെ അന്ത്യത്തിലേക്ക് കാലും നീട്ടി ഇരിക്കുന്ന വരുമാനം നിലച്ചൊരു പ്രവാസിമാത്രമായി അവര്‍.ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രായമായ ഉമ്മ അവരുടെ സ്റ്റാറ്റസിനു ചേരാതെയായി.. ഒരു രാത്രിയില്‍ ഏക മകളുടെ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറക്കിവിട്ടു.
ഒരു നിവൃത്തിയുമില്ലാതായപ്പോള്‍ അറുപത്തിയാറാം വയസ്സില്‍ അവര്‍ വീണ്ടും ജോലിതേടി ഗള്‍ഫിലെത്തി. കെട്ടുറപ്പുള്ള ഒരു ഒറ്റമുറി വീട്, ആ ലക്ഷ്യവുമായാണ് അവരെത്തിയത്. രണ്ടു വര്‍ഷത്തിനിടെ ദിവസേന നാലും അഞ്ചും വീടുകള്‍ കയറിയിറങ്ങി ഭക്ഷണം പാചകം ചെയ്ത് എങ്ങനെയൊക്കെയോ നാട്ടില്‍ മൂന്ന് സെന്റ് സ്ഥലം സ്വന്തമാക്കി. പക്ഷെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവാസി മലയാളികളുടെ സഹായം തേടുകയാണവര്‍.
പ്രവാസികള്‍ പലരും സ്വയം ജീവിക്കാന്‍ മറന്ന് പോയവരാണ്. സ്വന്തം കുടുംബം വളര്‍ത്താന്‍ ബന്ധങ്ങളെ പിണക്കാതിരിക്കാന്‍ മുണ്ടു മുറുക്കി ഉടുത്തവര്‍. അവരില്‍ ഒരാള്‍ മാത്രമാണ് ജമീല. പ്രവാസം നിര്‍ത്തിവന്ന പ്രവാസി കറവ വറ്റിയ പശുവിനെ പോലെയെന്നൊക്കെ കേള്‍ക്കുമ്പോള്‍ ചിരിവന്നേക്കാം. അഞ്ചുമിനുട്ട് ആ ഉമ്മയോട് സംസാരിച്ചിക്കുമ്പോള്‍ ചിരി വേദനയായി മാറും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.