2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നടിയെ അക്രമിച്ച കേസ്: അന്വേഷണം വേഗത്തിലാക്കാന്‍ ക്രൈംബ്രാഞ്ച്, കാവ്യയെ ഉടന്‍ ചോദ്യം ചെയ്യും, പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി വന്നതോടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം വേഗത്തിലാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനുവദിച്ച ഹൈക്കോടതി ഇനി ദീര്‍ഘിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യാ മാധവനെയടക്കം വൈകാതെ ചോദ്യം ചെയ്യാനാണ് തീരുമാനം. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധനയും വേഗത്തിലാക്കും.

സായി ശങ്കര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ ഫൊറന്‍സിക് പരിശോധനാഫലവും നിര്‍ണായകമാണ്. വധഗൂഡാലോചനാക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള ഗൂഢാലോചനയ്ക്കപ്പുറത്ത് ദിലീപ് നടത്തിയ നീക്കങ്ങളാണ് അന്വേഷണ സംഘം ഇനി പരിശോധിക്കുക.

അന്വേഷണ സംഘത്തിലുള്‍പ്പെട്ട സുദര്‍ശന്റെ കൈവെട്ടണമെന്നും ഉദ്യോഗസ്ഥരെ അനുഭവിപ്പിക്കുമെന്നൊക്കെ ദിലീപ് പറയുന്നത് വധ ഗൂഢാലോചനയുടെ ഭാഗമാന്നാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച കേസാണിതെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തുന്നതിനു മുമ്പു മൂന്നു തവണ ബൈജു പൗലോസ് ഇയാളെ കണ്ടിരുന്നെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് നല്ല ട്രാക്ക് റെക്കാര്‍ഡ് ഉള്ളയാളല്ലെന്നുമുള്ള ദിലീപിന്റെ വാദങ്ങളും ഹൈക്കോടതി തള്ളിയിട്ടുണ്ട്.

   

അതിനിടെ കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. കേസിന്റെ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകാന്‍ സാധ്യത ഇല്ലെന്നും കേസില്‍ താനൊഴികെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. കേസില്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ നിരവധി സാക്ഷികളെ വിസ്തരിക്കേണ്ടി വരും. അഞ്ച് വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് ഹരജിയിലെ പ്രധാനപ്പെട്ട ആവശ്യം. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.